ചെന്നൈ: സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷണൽ ഓഫീസിന്റെ പ്രവേശന കവാടത്തിന് 'കർതവ്യ ദ്വാർ' (ഗേറ്റ് ഓഫ് ഡ്യൂട്ടി) എന്ന് പേരിട്ടതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ ബിജെപി സർക്കാർ പരിധി ലംഘിക്കുകയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.

മൂന്ന് ലിപി പദ്ധതിയുടെ മറവിൽ ഹിന്ദി വാക്കുകൾ തമിഴിലും ഇംഗ്ലീഷിലും എഴുതി തമിഴ്‌നാടിന് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. "റെയിൽവേ ഓഫീസിലെ ഹിന്ദി പേര് ഉടൻ നീക്കം ചെയ്ത് ശരിയായ തമിഴ് പേര് നൽകണം. ഇല്ലെങ്കിൽ തമിഴന്റെ പ്രതിഷേധത്തിന്റെ ചൂട് ബിജെപി സർക്കാർ അറിയും"- എക്സിലെ പോസ്റ്റിൽ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

ഇപിഎഫ് ഓഫീസുകൾക്ക് 'ഭവിഷ്യ നിധി ഭവൻ' എന്നും പുതിയ ക്രിമിനൽ നിയമങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിക്കും സംസ്കൃത പേരുകൾ നൽകിയതും വിദ്വേഷത്തിന്റെയും ധാർഷ്ട്യത്തിന്റെയും തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നവർക്ക് ശരിയായ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദി പദങ്ങൾ തമിഴിലേക്ക് ലിപ്യന്തരണം ചെയ്ത് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. കേന്ദ്രം ഉടൻ ഇടപെട്ട് തമിഴ് പേര് നൽകണം. തമിഴ് ഭാഷയോട് പ്രധാനമന്ത്രി കാണിക്കുന്ന സ്നേഹം ഇത്തരം പ്രവൃത്തികൾ കൊണ്ട് ഇല്ലാതാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംഭവം വിവാദമായതോടെ ഡിഎംകെ പ്രവർത്തകർ റെയിൽവേ ഓഫീസിലെ ഹിന്ദി വാക്കുകളിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ 'കർതവ്യ ദ്വാർ' എന്ന പേര് നീക്കം ചെയ്യാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനൽകി. തമിഴ് വാക്കുകൾ ഉടൻ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.