ന്യൂഡല്‍ഹി: സമീപകാല തിരഞ്ഞെടുപ്പുകളില്‍, വ്യാപകമായ 'വോട്ടര്‍ ക്രമക്കേട്' ആരോപിച്ച് മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ഉന്നയിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ അദ്ദേഹം പക്ഷപാത ആരോപണവും ഉന്നയിച്ചു. മഹാരാഷ്ട്രയില്‍, തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിച്ചെന്നും രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്ര. ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് രാഹുല്‍ പരാമര്‍ശിച്ചത്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നതായ ഇന്ത്യ ബ്ലോക്കിന്റെ സംശയം സ്ഥിരീകരിച്ചു.

രാഹുലിന്റെ മുഖ്യ ആരോപണങ്ങള്‍

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍, 5 മാസത്തിനിടെ വന്‍തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു. ഒരുകോടി പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. കമ്മിഷന്‍ വോട്ടര്‍പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നിയമങ്ങള്‍ മാറ്റി. കമ്മിഷന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു. വോട്ടര്‍പട്ടികയിലെ ഓരോ ചിത്രവും പേരും പരിശോധിച്ചു. കടലാസ് രേഖകള്‍ പരിശോധിച്ചു.

മഹാരാഷ്ടയില്‍, പുതിയ വോട്ടര്‍മാരുടെ എണ്ണം ആകെ ജനസംഖ്യയെ കവിയുന്ന അദ്ഭുതകരമായ സാഹചര്യമുണ്ടായി. കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. വൈകുന്നേരം 5.30 ന് ശേഷം വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ തിരക്കുണ്ടായി. അത് എല്ലാവരും നിരീക്ഷിച്ചതാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് ഇലക്ട്രോണിക് രേഖകള്‍ നല്‍കുന്നില്ല. കാരണം അത് സൂക്ഷ്മമായി ഞങ്ങള്‍ പരിശോധിക്കരുതെന്നാണ് അവരുടെ മനസ്സിലിരുപ്പ്. ഇലക്രോണിക് ഡാറ്റ് കിട്ടിയാല്‍ അത് പരിശോധിക്കാന്‍ 30 സെക്കന്‍ഡ് മാത്രമേ എടുക്കുകയുള്ളു. ഈ പേപ്പുറുകള്‍ കൊണ്ട് നമുക്ക് ഒപ്ടിക്കല്‍ ക്യാരക്ടര്‍ തിരിച്ചറിയല്‍ നടത്താന്‍ കഴിയില്ല. സ്‌കാന്‍ ചെയ്താല്‍, നിങ്ങള്‍ക്ക് ഡാറ്റ ഒന്നും കിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് ഈ പേപ്പര്‍ കഷ്ണങ്ങളെ സംരക്ഷിക്കുന്നത്. മെഷീന്‍ കൊണ്ട് വായിക്കാന്‍ കഴിയാത്ത പേപ്പറുകള്‍ കമ്മീഷന്‍ മന: പൂര്‍വം നല്‍കുന്നതാണ്. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചുവെന്നും സെക്കന്റുകള്‍ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ലോക്‌സഭ- വിധാന്‍ സഭ തിരഞ്ഞെടുപ്പിനും ഇടയില്‍ ഒരുകോടി പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടതായി രാഹുല്‍ ആരോപിച്ചു. ഇന്ത്യ ബ്ലോക്ക് ഈ വിഷയം ഉന്നയിച്ചപ്പോള്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഇല്ലായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നശിപ്പിച്ചു. ഇതിനായി കമ്മിഷന്‍ നയം മാറ്റി.

കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തെ ഓരോ വോട്ടര്‍ പട്ടികയിലും ഇതാണ് സംഭവിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ഇന്ത്യന്‍ പതാകയ്ക്കും എതിരായ കുറ്റകൃത്യമാണിത്. കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് 16 സീറ്റായിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് 9 സീറ്റ് മാത്രം. ഒരു ലോക്‌സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റ് പരിശോധിച്ചു. മഹാദേവ്പുര മണ്ഡലത്തിലെ വോട്ടര്‍പട്ടികയാണ് പരിശോധിച്ചത്. 6.5 വോട്ടര്‍മാരില്‍, 1,00,250 വോട്ടുകള്‍ മോഷ്ടിച്ചെന്നു മനസിലായി. 11,000 വോട്ടര്‍മാര്‍ പല ബൂത്തുകളില്‍ പലതവണ വോട്ട് ചെയ്തു. ഒരുലക്ഷം വ്യാജ വോട്ടര്‍മാര്‍, വ്യാജ മേല്‍വിലാസം തുടങ്ങിയ ക്രമക്കേടുകള്‍ കോണ്‍ഗ്രസ് ഗവേഷണത്തില്‍ കണ്ടെത്തി. ഇവിടെ ബി.ജെ.പി ജയിച്ചത് 32,707 വോട്ടുകള്‍ക്കാണ്. സിസി ടിവി ഫുട്ടേജും വോട്ടര്‍ പട്ടികയുമാണ് കുറ്റകൃത്യത്തിന് തെളിവ്. അത് നശിപ്പിക്കാനുള്ള തിരക്കിലാണ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഹുല്‍ ആരോപിച്ചു.

എക്‌സിറ്റ് പോളില്‍നിന്ന് പലയിടത്തും ഫലം വ്യത്യസ്തമാണ്. അസാധാരണ ഫലങ്ങളുണ്ടാകുന്നതില്‍ പൊതുജനത്തിന് സംശയങ്ങളുണ്ട്. സര്‍ക്കാരിനെതിരെ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഉണ്ടാകും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ പോലും ബിജെപിക്ക് ഭരണവിരുദ്ധ വികാരം അനുഭവിക്കേണ്ടിവരുന്നില്ല. ഹരിയാനയില്‍ സംഭവിച്ചപോലെ, എക്‌സിറ്റ്‌പോളുകള്‍ക്ക് വിരുദ്ധമായി വലിയ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പലതും ഒളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍, 2014 മുതല്‍ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുല്‍ വ്യക്തമാക്കി.

വീട്ടു നമ്പര്‍ പല വോട്ടര്‍മാര്‍ക്കുമില്ലെന്ന് രാഹുല്‍ പറഞ്ഞു. വീട്ടു നമ്പര്‍ പൂജ്യമെന്നാണ് ചില വോട്ടര്‍ പട്ടികയിലുള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയില്‍ കഴിയുന്നതായി വോട്ടര്‍ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു മുറിയില്‍ 46 പേര്‍ കഴിയുന്നതായാണ് രേഖകള്‍. പരിശോധിച്ചപ്പോള്‍ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. ആര്‍ക്കും ഇവരെ അറിയില്ല. 40,009 തെറ്റായ മേല്‍വിലാസങ്ങള്‍ കോണ്‍ഗ്രസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പട്ടികകളില്‍ വോട്ടര്‍മാരുടെ ഫോട്ടോ ഇല്ല. വളരെ ചെറിയ രീതിയില്‍, തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട്.