- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്': യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി
'മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്?
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്? രാജ്യത്തിന് അറിയാനുള്ള അവകാശമുണ്ട്' എന്നുരാഹുല്‍ എക്സില്‍ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളുംതമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.
'ഞങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. അവിടെ നമ്മള്‍ അവരുടെ ആണവ ശേഷി തകര്‍ത്തു, പൂര്‍ണമായും തകര്‍ത്തു. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു.
ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാല്‍ നിങ്ങള്‍ ആയുധങ്ങള്‍, ഒരുപക്ഷേ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാന്‍ പോകുകയാണെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു', ട്രംപ് വ്യക്തമാക്കി.