- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മിയെ തറപറ്റിച്ച് 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം കീഴടക്കിയ ബിജെപിയെ വനിത നയിക്കും; രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രി; ആര് എസ് എസ് നിര്‍ദ്ദേശം തുണയായതോടെ മഹിള മോര്‍ച്ച നേതാവിന് നറുക്ക് വീണു; പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി; ഡല്‍ഹി മുന്‍ ബിജെപി അദ്ധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത സ്പീക്കര്‍; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്
രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രണ്ടര പതിറ്റാണ്ടിന് ശേഷം ഡല്‍ഹി ഭരണം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് വനിതയെ. രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്എസ് നിര്‍ദേശിച്ചതോടെയാണ് നറുക്ക് വീണത്. പര്‍വ്വേശ് വര്‍മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്തയാണ് സ്പീക്കര്‍. നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. മഹിള മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത. ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപി നേതൃത്വം ശരിവച്ചതോടെയാണ് രാജ്യതലസ്ഥാനം ഭരിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തുന്നത്.
ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,595 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത ജയിച്ചത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനമാണ് ലഭിച്ചത്. മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഡല്‍ഹി മുന്‍ ബിജെപി അധ്യക്ഷന്‍ വിജേന്ദ്ര ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും സ്പീക്കര്‍ പദവിയാണ് കിട്ടിയത്. രോഹിണിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച ഗുപ്തയ്ക്ക് കാര്യമായ നിയമസഭാ പരിചയമുണ്ട്. മുമ്പ് ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച അദ്ദേഹം അരവിന്ദ് കെജ്രിവാളിന്റെ എഎപിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധം തീര്‍ത്തിരുന്നു
പുതിയ ഡല്‍ഹി സര്‍ക്കാര്‍ നാളെ രാവിലെ 11ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പന്‍ ആഘോഷമാക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ അണിനിരക്കും.
പത്തു വര്‍ഷത്തെ എഎപി ഭരണത്തിന് അന്ത്യം കുറിച്ച് 27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്.
70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.