- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ച തരൂര്‍ ഒരു 'ഹിപ്പോക്രാറ്റ്'; എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത്? എം.പിയായത് കൊണ്ട് മാത്രമാണോ? ബിജെപിയില്‍ പൊക്കൂടേ; ശശി തരൂരിനെതിരെ ആഞ്ഞടിച്ചു സന്ദീപ് ദീക്ഷിത്; രക്തസാക്ഷി പരിവേഷം നേടി പുറത്താകാന്‍ ആഗ്രഹിക്കുന്ന തരൂരിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തുചാടിക്കുമോ?
രക്തസാക്ഷി പരിവേഷം നേടി പുറത്താകാന്‍ ആഗ്രഹിക്കുന്ന തരൂരിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തുചാടിക്കുമോ?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയവേ കടുത്ത വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് സന്ദീപ് രംഗത്തുവന്നത്. തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ആരാഞ്ഞു. തരൂര്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് മൗനം തുടരുന്നതിനിടെയാണ് സന്ദീപ് ദീക്ഷിത് കടന്നാക്രമണവുമായി രംഗത്തുവന്നത്.
തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ്, തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിശേഷിപ്പിച്ചത്. ''രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചു.
ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ നയങ്ങളേക്കാള്‍ നല്ലതാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അക്കാര്യം വിശദീകരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ ഒരു ഹിപ്പോക്രാറ്റാണെന്നും സന്ദീപ് പറഞ്ഞു. സന്ദീപിനെ കൂടാതെ മറ്റ് നേതാക്കളും വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് മറ്റൊരു വിമര്‍ശക. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രശംസിക്കത്തക്കതായി ഒന്നും താന്‍ കണ്ടില്ലെന്നും ശശി തരൂര്‍ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകള്‍.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നേരിട്ട് പങ്കെടുത്തതിന്റെ അനുഭവം വിവരിച്ച് ശശി തരൂര്‍ എക്സില്‍ പങ്കുവച്ച കുറിപ്പാണ് വിവാദമായത്. രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങില്‍ മോദിയുടെ പ്രസംഗത്തെയാണ് തരൂര്‍ പുകഴ്ത്തിയത്. ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂര്‍ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിക്കുകയും ചെയ്തതായി ശശി തരൂര്‍ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരത്തുനിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ രാജ്യത്തെ ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും തുടര്‍ച്ചയായി പ്രകീര്‍ത്തിച്ച് രംഗത്തുവരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പഹല്‍ഗാം അക്രമവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് മോദിയേയും ബിജെപി സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
രാഹുല്‍ ഗാന്ധി പഹല്‍ഗാം അക്രമത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തിറങ്ങിയ അതേ കാലഘട്ടത്തിലാണ് തരൂര്‍ മോദിയുടെ നിലപാടുകളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നത്. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തെകുറിച്ച് വിശദീകരിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സംഘത്തെ നിയോഗിച്ചപ്പോള്‍ തരൂര്‍ പ്രധാനതാരമായി. പാര്‍ട്ടിയുമായി ആലോചിക്കാതെ തരൂര്‍ സംഘത്തെ നയിക്കാന്‍ എത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി തരൂര്‍ അകലുകയായിരുന്നു. രാജ്യത്തിന്റെ ക്ഷേമമാണ് തനിക്ക് മുഖ്യമെന്നായിരുന്നു തരൂരിന്റെ ഈ വിവാദത്തിലുള്ള നിലപാട്. ഇതിന് ശേഷവും തരൂര്‍ നിരവധി തവണ മോദിയെ സ്തുതിച്ച് രംഗത്തെത്തി.
കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെത്തെ കുറിച്ച് ഒരു മലയാള പത്രത്തില്‍ തരൂര്‍ ലേഖനമെഴുതിയത്. നെഹ്രുകുടുംബത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനമെഴുതിയ തരൂര്‍ ഹൈക്കമാന്റിന്റെ കടുത്ത എതിരാളിയായി മാറിയിരുന്നു. പലയവസരങ്ങളിലും തരൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോവുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമായി തുടരുകയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനിയെ പ്രകീര്‍ത്തിച്ചതടക്കം തരൂരിനെതിരെയുള്ള നിരവധി പരാതികള്‍ എ ഐ സി സിയുടെ മുന്നില്‍ എത്തിയെങ്കിലും ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാക്കി തരൂരിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍വിജയം നേടാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനായി ഉന്നതാധികാര സമിതി രൂപീകരിക്കുകയും തരൂരിനെ അടക്കം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിക്കാമെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായി കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിന് തിരുവനന്തപുരം എം പി വിനയാവുമോ എന്ന ഭയമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ തരൂര്‍ അടക്കം മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന പ്രചാരണമാണ് എതിരാളികളായ ബിജെപി നടത്തുന്നത്. ഇത്തരത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന തരൂരിനെ എങ്ങനെ പ്രചരണത്തില്‍ സഹകരിപ്പിക്കുമെന്ന ആശങ്കയിലാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതൃത്വം. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തരൂര്‍ പൂര്‍ണമായും മോദി പക്ഷക്കാരനായി മാറിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉന്നയിക്കുന്ന ആരോപണം. തരൂര്‍ ബിജെപി ചേരിയിലേക്ക് വഴിമാറുന്നതായുള്ള ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തലിനെ തുടര്‍ച്ചയായി തിരുത്തുന്ന തരൂര്‍ താന്‍ കോണ്‍ഗ്രസിനോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും വിശ്വസ്ത പുലര്‍ത്തുന്നു എന്നാണ് പ്രതികരിച്ചിരുന്നത്.




