പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം. കോണ്‍ഗ്രസിന്റെയും , വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെയും ഡിമാന്റുകളോടടുക്കാതെ നില്‍ക്കുകയാണ് ആര്‍ജെഡി. 65 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ചോദിക്കുന്നത് 20 സീറ്റുകളും, ഉപമുഖ്യമന്ത്രി സ്ഥാനവുമാണ്. ധാരണയിലെത്തിയില്ലെങ്കില്‍ സ്വന്തം നിലക്ക് മുഴുവന്‍ സ്ഥാനാര്‍ത്ഥിളെയും പ്രഖ്യാപിക്കുമെന്ന് ഘടകകക്ഷികള്‍ ഭീഷണി മുഴക്കി. അതേ സമയം മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്‍ഡിഎയിലെ ഘടക കക്ഷികളും ഇന്ന് പ്രഖ്യാപിച്ചേക്കും. നവംബര്‍ ആറിനാണ് 121 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ്.

ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലെ സീറ്റു വിഭജനം ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. ലാലുപ്രസാദ് യാദവ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും, സീറ്റു കിട്ടാത്തവര്‍ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചതും മഹാസഖ്യത്തില്‍ കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ധാരണയായ ചില സീറ്റുകളില്‍ പത്രിക നല്‍കാനായത് മാത്രമാണ് ആശ്വാസം. അതിനിടെ ബിഹാര്‍ പിസിസി അധ്യക്ഷന്‍ രാജേഷ് റാമും മത്സര രംഗത്തിറങ്ങുമെന്ന് വ്യക്തമായി. കുടുംബ മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുക.

ഇന്നലെയാണ് മത്സരിക്കുന്ന 101 സീറ്റുകളിലേക്കുമുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം പൂര്‍ത്തിയായത്. 18 സ്ഥാനാര്‍ത്ഥികളെയാണ് മൂന്നാം ഘട്ട പട്ടികയില്‍ പ്രഖ്യാപിച്ചത്. മറ്റ് എന്‍ ഡി എ ഘടകകക്ഷികളും ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. എന്‍ഡിഎയിലും തര്‍ക്കങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മഹുവ സീറ്റ് ചിരാഗ് പസ്വാന്റെ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതില്‍ ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ്വാഹ അതൃപ്തിയിലാണ്. ഉപേന്ദ്ര കുശ്വാഹയുമായി അമിത് ഷാ ഇന്നലെ ചര്‍ച്ച നടത്തി ജെഡിയു ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാംഗം അജയ് കുമാര്‍ മണ്ഡല്‍ രാജി ഭീഷണി മുഴക്കിയതും മുന്നണിക്ക് ക്ഷീണമായിട്ടുണ്ട്.

നേരത്തെ പന്ത്രണ്ട് പേരുടെ പട്ടിക ബിജെപി പുറത്ത് വിട്ടിരുന്നു. ഇതില്‍ ഗായിക മൈഥിലി ഠാക്കൂര്‍ അടക്കമുള്ളവരുടെ പേര് പ്രഖ്യാപിച്ചിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്ര ബക്സര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ചൊവ്വാഴ്ച ബിജെപി 71 പേരുടെ പട്ടിക പുറത്ത് വിട്ടിരുന്നു. മൂന്നാം പട്ടിക പ്രകാരം കൊച്ചധാമന്‍ സീറ്റില്‍ ബിന ദേവി ജനവിധി തേടും. മൊഹാനിയയില്‍ നിന്ന് സംഗീത കുമാരിയും മത്സരിക്കും. പട്ടിക ജാതി സംവരണ മണ്ഡലമാണിത്. നര്‍കാതിയ ഗഞ്ജ് സീറ്റില്‍ നിന്ന് സഞ്ജയ് പാണ്ഡെ മത്സരിക്കും. രാഘവ് പൂരില്‍ നിന്ന് സതീഷ് കുമാര്‍ യാദവും ഭാബുവയില്‍ നിന്ന് ഭാരത് ബിന്ദും ജനവിധി തേടും. മുരാരി പാസ്വാന്‍ പിര്‍പെയ്ന്തിയില്‍ നിന്ന് മത്സരിക്കും. ഇതും പട്ടിക ജാതി സംവരണ മണ്ഡലമാണ്. രാംഗഡ് മണ്ഡലത്തില്‍ നിന്ന് അശോക് കുമാര്‍ സിങ് മത്സരിക്കും.

ഇതോടെ 101 മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയും ജെഡിയുവും 101 മണ്ഡലങ്ങളില്‍ വീതമാണ് മത്സരിക്കുന്നതെന്ന് ബിജെപി ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക്ജന ശക്തി പാര്‍ട്ടി 29 സീറ്റില്‍ ജനവിധി തേടുന്നുണ്ട്.

മഹാസഖ്യത്തിന് ഇനിയും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താനായിട്ടില്ല. ഇതിനിടെ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആരംഭിച്ചിട്ടുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. കോണ്‍ഗ്രസിന്റെ ബിഹാര്‍ അധ്യക്ഷന്‍ രാജേഷ് റാം കുടുമ്പ നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് പാര്‍ട്ടിയുടെ എക്സ് ഹാന്‍ഡിലൂടെ അറിയിച്ചു. സഖ്യത്തിന്റെ ഔദ്യോഗിക പട്ടിക പുറത്ത് വിടും മുമ്പാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കുന്ന മറ്റ് ചിലരുടെ ചിത്രങ്ങളും ഇവര്‍ പങ്ക് വച്ചിട്ടുണ്ട്. അതിനിടെ സീറ്റിനെ ചൊല്ലി പട്‌ന എയര്‍പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയില്‍ നിന്ന് ചര്‍ച്ച കഴിഞ്ഞെത്തിയ നേതാക്കളെയാണ് ഒരുവിഭാഗം കൈയേറ്റം ചെയ്തത്.5 കോടി രൂപക്ക് ബിക്രം സീറ്റ് വിറ്റെന്നാരോപിച്ചായിരുന്നു പ്രകോപനം

അതേസമയം ആര്‍ജെഡി അടക്കമുള്ള സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ ഇനിയും ധാരണയിലെത്താനായിട്ടില്ലെന്നാണ് വിവരം. അതിനിടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം രാഘവ്പൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തനിക്ക് കുടുമ്പ സീറ്റ് നല്‍കിയതില്‍ രാജേഷ് റാം കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ചു. സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. വസിര്‍ഗഞ്ച് സീറ്റില്‍ നിന്ന് ശശി ശേഖര്‍ സിങ് ജനവിധി തേടും. ഛോട്ടെ മുഖ്യ എന്നറിയിപ്പെടുന്ന കൗശലേന്ദ്ര കുമാര്‍ നളന്ദ സീറ്റില്‍ നിന്ന് ജനവിധി തേടും.

ബാര്‍ബീഘ സീറ്റില്‍ നിന്ന് തൃശൂല്‍ധരി സിങിനെയാണ് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ളത്. രാജപാക്കാഡ് മണ്ഡലത്തില്‍ നിന്ന് പ്രതിമ ദാസ് ജനവിധി തേടും. ശശിഭൂഷണ്‍ റായ് എന്ന ഗപ്പു റായി ഗോവിന്ദ് ഗഞ്ജ് മണ്ഡലത്തില്‍ മത്സരിക്കും. മുസാഫര്‍പൂര്‍ സീറ്റില്‍ വിജേന്ദ്ര ചൗധരിയാണ് മത്സരിക്കുക. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ ഓംപ്രകാശ് ഗാര്‍ഗാണ് മത്സരിക്കുക. ജിതേന്ദ്ര സിങ് അമര്‍പൂരില്‍ നിന്നും ജനവിധി തേടും. ബെഗുസരായ് സീറ്റില്‍ അമൃത ഭൂഷണ്‍ ആണ് മത്സരിക്കുക. ലാലന്‍ കുമാര്‍ സുല്‍ത്താന്‍ ഗഞ്ച് സീറ്റില്‍ ജനവിധി തേടും. റോസ്ദ നിയമസഭ മണ്ഡലത്തില്‍ ബി കെ രവിയെ ആണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ബിഹാറിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രകാശ് ഗരിബ് ദാസ് ബഛ്വാഡ സീറ്റില്‍ നിന്ന് ജനവിധി തേടും. ആനന്ദ് ശേഖര്‍ സിങ് ഔറംഗാബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

നവംബര്‍ ആറ്, പതിനൊന്ന് തീയതികളിലാണ് ബിഹാറില്‍ പോളിങ്. ഒന്നാം ഘട്ട പോളിങിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. രണ്ടാം ഘട്ടത്തിന് ഈ മാസം 20 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ പതിനാലിന് ഫലമറിയാം.