- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല; അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്; ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഗതി തെറ്റായ വഴികളിലൂടെ നീങ്ങുമായിരുന്നു; ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും നെഹ്രുവിന്റെ പൈതൃകം ഊട്ടിയുറപ്പിക്കപ്പെടും: ശശി തരൂര്‍
ബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല; അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്

തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കാരെ കാണാന്‍ സാധിക്കും. ബിജെപി നേതാക്കള്‍ എല്ലായെപ്പോഴും നെഹ്രുവിനെ കുറ്റപ്പെടുത്തുന്നത് പതിവായി മാറിയിരുന്നു. ബിജെപിയുടെ ഈ ശൈലിയെ തള്ളിപ്പറഞ്ഞു കൊണ്ട് നെഹ്രുവിനെ ഉയര്‍ത്തിപ്പിടിച്ചു രംഗത്തുവരികയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍.
ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഗതി തെറ്റായ വഴികളിലൂടെ നീങ്ങുമായിരുന്നുവെന്നാണ് തരൂര്‍ ചൂണ്ടിക്കാട്ടുന്നത്. ജോസിപ് ബ്രോസ് ടിറ്റോക്ക് ശേഷം യുഗോസ്ലാവിയക്ക് സംഭവിച്ചത് പോലെ ഇന്ത്യയും ശിഥിലീകരിക്കപ്പെടുമായിരുന്നു. സൈനിക അട്ടിമറികള്‍ക്ക് കീഴ്‌പ്പെടുന്ന പാകിസ്താന്റെ വലിയൊരു രൂപമായി ഇന്ത്യ മാറുമായിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ വാക്കുകള്‍.
ഭാഷയാലും മതത്താലും വിഭജിക്കപ്പെടുന്ന ഒരു കൂട്ടം 'സ്താനുകള്‍' ആയേനെ. ഇന്ത്യ എന്ന ആശയത്തിന് വേരുകള്‍ പടര്‍ത്താന്‍ സമയം കിട്ടിയത് 17 വര്‍ഷം നെഹ്‌റു അധികാരത്തില്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. ഒരു രാഷ്ട്രമാകുന്നതിനുള്ള സമയം നമുക്ക് കിട്ടിയത് നെഹ്‌റു പ്രധാനമന്ത്രിയായത് കൊണ്ടാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ബി.ജെ.പി സര്‍ക്കാറിന് നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല. ശിലയില്‍ നിന്ന് ചില ഭാഗങ്ങള്‍ അടര്‍ത്തി കളയാനും പദ്ധതിയുടെ പേരു മാറ്റാനും പാഠപുസ്തകങ്ങള്‍ തിരുത്തി എഴുതാനും സാധിച്ചേക്കാം. ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും ഓരോ ഐ.ഐ.ടി വിദ്യാര്‍ഥിയും വിദേശത്ത് വിജയപഥങ്ങള്‍ താണ്ടുമ്പോഴും ആണവായുധത്തിന്റെ ബലത്തില്‍ യുദ്ധങ്ങള്‍ ഒഴിവാക്കുമ്പോഴും ഓരോ തവണയും ആണവ നിലയത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ പൗരന്മാര്‍ ഓരോ തവണയും വോട്ട് ചെയ്യുമ്പോഴും നെഹ്‌റുവിന്റെ പൈതൃകം ഊട്ടിയുറപ്പിക്കപ്പെടും. സ്മാരകങ്ങള്‍ക്ക് മുകളില്‍ മാത്രമല്ല നെഹ്‌റുവിന്റെ പാദമുദ്രകളുള്ളതെന്നും രാജ്യത്തിന്റെ ഡി.എന്‍.എയില്‍ തന്നെ അത് പതിഞ്ഞിരിക്കുന്നു.
ഏവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പ്രതിരോധ വ്യൂഹത്തിലെ ഒരു കാലാളാണ് താന്‍. വിശ്വാസം ആധാരമാക്കിയുള്ള ഭൂരിപക്ഷവാദ ദേശീയതയിലേക്കുള്ള മാറ്റത്തെയാണ് നിലവിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ നെഹ്‌റുവിന്റെ പൈതൃകമാണ് ബൗദ്ധികമായി തന്റെ പ്രധാന ആയുധം.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യ നഷ്ടത്തെ കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ സമതുല്യരില്‍ പ്രഥമസ്ഥാനത്തുള്ള ആള്‍ മാത്രമാണ് പ്രധാനമന്ത്രിയെന്നും ഏറ്റവും അവസാനത്തെ നിരയില്‍ നില്‍ക്കുന്ന മനുഷ്യനെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മനുഷ്യനെ പോലെ തന്നെ സ്വന്തമാണെന്ന് ഭരണകൂടം കരുതണമെന്നും വിശ്വസിച്ച ഒരു മനുഷ്യന്റെ ആത്മവീര്യമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.


