ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടി മറുവശത്തേക്കുള്ള വഴിതേടുകയാണ് ശശി തരൂര്‍ എന്നാണ് പുറത്തുവരുന്ന നിരീക്ഷണങ്ങള്‍. തനിയെ പുറത്തുപോകാന്‍ അദ്ദേഹം തയ്യാറല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുള്ള പുറത്താക്കലാണ് തരൂര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള വഴിയൊരുക്കുന്ന വിധത്തിലാണ് കുറച്ചുകാലമായി തരൂരിന്റെ ചെയ്ത്തികള്‍. ഹൈക്കമാന്‍ഡിനെ നിരന്തരം ചൊടിപ്പിക്കുകയും അച്ചടക്കം ലംഘിക്കുകയുമാണ് തരൂരിന്റെ ലൈന്‍. ഈ ശൈലിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.

ഇതിനിടെ അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനവുമായി ശശി തരൂര്‍ രംഗത്തെത്തി. നെഹ്രു കുടുംബത്തെ ഉന്നമിട്ടു കൊണ്ടാണ് തൂരൂരിന്റെ ലേഖനം. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് തരൂര്‍ ഉയര്‍ത്തുന്ന്. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു.

തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായി. നിര്‍ബന്ധിത വന്ധ്യംകരണം അടക്കം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമര്‍ശനം. അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും, അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു.

ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതല്‍ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കറുത്ത അധ്യായമാണ് അടിയന്തരാവാസ്ഥയെന്നും തരൂര്‍ കുറിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി അടുക്കാന്‍ കഴിയാത്ത വിധം തരൂര്‍ അകന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ലേഖനവും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലേഖനമെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍, അത് തല്‍ക്കാലം മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.

അഥിനിടെ ഡോ. ശശി തരൂര്‍ എംപി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന സര്‍വേയ്ക്ക് പിന്നില്‍ തട്ടിക്കൂട്ട് ഏജന്‍സിയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരള വോട്ട് വൈബ് എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമെന്നും നേതൃത്വം കണ്ടെത്തി. കേരളത്തില്‍ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ഡോക്ടര്‍ ശശി തരൂര്‍ എംപി പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും വിലയിരുത്തല്‍. തരൂരില്‍ തൊട്ടാല്‍ സര്‍വേ ക്ലിക്കാകുമെന്ന നിഗമനത്തിലാണ് തരൂരിനെ ഉള്‍പ്പെടുത്തിയതെന്നും നേതൃത്വം വിലയിരുത്തുന്നു.

ശശി തരൂര്‍ ട്വീറ്റ് ചെയ്ത സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോ കുക്ക് ചെയ്ത സര്‍വേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസില്‍ നിന്നും പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണ് എന്നായിരുന്നു സര്‍വേയില്‍ പറഞ്ഞിരുന്നത്. ഈ സര്‍വ്വേ ഫലമാണ് രമേശ് ചെന്നിത്തല തള്ളുന്നത്.

യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍ യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

24 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്‍പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേര്‍ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സര്‍വ്വേയാണ് തരൂര്‍ പങ്കുവെച്ചത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്ടനാക്കി അവതരിപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഇത് പിടിക്കാതെ വന്നതോടെ രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അതൃപ്തി അറിയിച്ചു. ഇതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് അത്തരം ചര്‍ച്ചകളൊന്നും ഇപ്പോള്‍ വേണ്ടെന്ന തീരുമാനെടുത്തു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ഈ നിര്‍ദേശത്തെ തള്ളിക്കൊണ്ട് സ്വയം ക്യാപ്ടനാകാന്‍ റെഡിയായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ എംപി രംഗത്തെത്തിയത്.

കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രി സര്‍വ്വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുയാണ് തരൂര്‍ ചെയ്തത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍, യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം ഹൈക്കമാന്‍ഡിനെ ധിക്കരിക്കുന്ന ലൈനാണ് തരൂര്‍ സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ അയച്ച സര്‍വകക്ഷി സംഘങ്ങളുടെ ഇടപെടല്‍ ഫലപ്രദമെന്ന് വിലയിരുത്തി ഇത്തരം ദൗത്യങ്ങള്‍ക്ക് സ്ഥിരംസമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘങ്ങളിലൊന്നിനെ നയിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ സമിതിയുടെ അദ്ധ്യക്ഷനാക്കിയേക്കും.

അന്താരാഷ്ട്ര വിഷയങ്ങളില്‍ തത്പരനായ തരൂര്‍ ഓഫര്‍ തള്ളാനിടയില്ല. വിദേശയാത്ര കഴിഞ്ഞെത്തിയ സംഘാംഗങ്ങള്‍ക്ക് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ സ്വീകരണത്തില്‍ തരൂരിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ച തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട്. തരൂരിന് പുതിയ പദവി നല്‍കി ഇത് ആളിക്കത്തിക്കാനാണ് കേന്ദ്ര നീക്കം.