- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹൃദയം തകർന്നുപോകുന്നു..'; ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പോരായ്മകളാണ് കരൂരിലേത് പോലുള്ള ദുരന്തങ്ങൾക്ക് കാരണം; ശക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും കൊണ്ടുവരണമെന്ന് ശശി തരൂർ
കരൂർ: തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ് നായകനായ ടി.വി.കെ പാർട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേർ മരിച്ച സംഭവത്തിൽ കോൺഗ്രസ് എം.പി ശശി തരൂർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള രാജ്യത്തിന്റെ പോരായ്മകൾ ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് തരൂർ ചൂണ്ടിക്കാട്ടി.
കരൂർ ദുരന്തത്തിന് തൊട്ടുമുമ്പ് ബംഗളൂരുവിൽ നടന്ന സമാനമായ സംഭവത്തിൽ 11 പേർ മരണപ്പെട്ടിരുന്നു. 'ഹൃദയം തകർന്നുപോകുന്നു, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും ഇത്തരം അപകടങ്ങളിൽ മരണപ്പെടുന്നു എന്ന് കേൾക്കുമ്പോൾ,' തരൂർ പറഞ്ഞു. സാധാരണക്കാരെ സംരക്ഷിക്കാൻ ദേശീയതലത്തിൽ ഒരു വ്യവസ്ഥാപിത നയത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിനിമാതാരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ എന്നിവരെ കാണാൻ വരുന്ന വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും ആവശ്യമാണെന്ന് തരൂർ ആവശ്യപ്പെട്ടു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇവ നടപ്പിലാക്കിയില്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ജീവൻ ഇത്തരം ദുരന്തങ്ങളിൽ നഷ്ടപ്പെടുന്നത് തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി 7.30 ഓടെയാണ് കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന റാലിക്കിടെ ദുരന്തമുണ്ടായത്. കനത്ത ചൂടും തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്. മരണസംഖ്യ 40 ആയി വർധിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.