ന്യൂഡല്‍ഹി: നിരന്തരം ബിജെപി അനുകൂല നിലപാട് സ്വീകരിച്ചു കോണ്‍ഗ്രസിന് തലവേദനയായ ശശി തരൂര്‍ പാര്‍ട്ടിയില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തുപോകാനുള്ള വഴിതേടുകയാണ്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുകയും ബിജെപി നേതാക്കളെ പുകഴ്ത്തുകയും ചെയ്യുക എന്നതാണ്. 'എന്നെ ഒന്ന് പുറത്താക്കൂ..' എന്നതാണ് വിശ്വപൗരന്റെ ലൈന്‍. എന്നാല്‍, അങ്ങനെ എളുപ്പത്തില്‍ രക്തസാക്ഷി പരിവേഷം നേടി പുറത്തു പോകേണ്ട എന്നാണ് കോണ്‍ഗ്രസും സ്വീകരിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ തരൂര്‍ തലചൊറിയുന്നത് തല്‍ക്കാലം കണ്ടിട്ടും നടപടി എടുക്കാതിരിക്കയാണ് കോണ്‍ഗ്രസ്. വിശ്വപൗരന്റെ ഇത്തരം നിലപാടുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ തന്നെ ഇമേജാണ് ഇടിയുന്നത് എന്നാണ് പൊതുവില്‍ ഉയരുന്ന വിലയിരുത്തലുകള്‍.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ 1990-ലെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നെങ്കിലും നടപടിയെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നില്ല. തരൂര്‍ സ്വന്തം അഭിപ്രായമാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി മെമ്പറും ആയിരിക്കേ, തരൂരിന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധത്തെയും ലിബറല്‍ സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പവന്‍ രേഖ എക്സില്‍ കുറിച്ചു.

''എപ്പോഴത്തേയുംപോലെ, തരൂര്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. കോണ്‍ഗ്രസ് അതില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നു. ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമെന്ന നിലയില്‍ അദ്ദേഹം അത് തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയായ ജനാധിപത്യവും ഉദാരതയുമാണ് കാണിക്കുന്നത്'', പവന്‍ രേഖ എക്സില്‍ കുറിച്ചു.

എല്‍.കെ. അദ്വാനിക്ക് 98-ാം ജന്മദിനമാശംസിച്ച തരൂര്‍ അദ്ദേഹത്തെ പ്രശംസിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചായിരുന്നു തരൂരിന്റെ പ്രശംസ. അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധത, വിനയം, മാന്യത എന്നിവ എടുത്തുപറഞ്ഞ തരൂര്‍, ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മായ്ക്കാനാവാത്തതാണെന്നും പറഞ്ഞിരുന്നു. അദ്വാനിയെ യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനെന്ന് വിശേഷിപ്പിച്ച തരൂര്‍, അദ്ദേഹത്തിന്റെ സേവനജീവിതം മാതൃകാപരമാണെന്നും പറഞ്ഞു.

ഇതേത്തുടര്‍ന്ന് തരൂരിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും കൂട്ടുപിടിച്ചാണ് അദ്ദേഹമതിന് മറുപടി നല്‍കിയത്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്ന അദ്വാനിയുടെ രഥയാത്രയെ ഒരഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. അദ്വാനിയുടെ നീണ്ട വര്‍ഷത്തെ സേവനത്തെ, എത്ര പ്രധാനപ്പെട്ടതാണെങ്കിലും, ഒരു സംഭവത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് തരൂര്‍ എക്സില്‍ കുറിച്ചു.

നെഹ്റുവിന്റെ കരിയര്‍ ചൈനയുടെ തിരിച്ചടി വെച്ച് മാത്രം വിലയിരുത്താനാവില്ല; ഇന്ദിരാഗാന്ധിയുടേത് അടിയന്തരാവസ്ഥ വെച്ചും. ഇതേ പരിഗണന അദ്വാനിക്കും നല്‍കണമെന്നും തരൂര്‍ പറഞ്ഞു. വെറുപ്പിന്റെ വിത്തുകള്‍ പാകുന്നത് പൊതുസേവനമല്ലെന്ന് തരൂരിന്റെ പോസ്റ്റിന് മറുപടിയായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ കുറിച്ചു. രഥയാത്ര വെറും സംഭവമല്ല. 2002നും 2014നുമുള്ള നിലമൊരുക്കിയത് രഥയാത്രയാണ്. രഥയാത്രയും അതിന്റെ അക്രമ പാരമ്പര്യവും രാജ്യത്തിന്റെ വിധിയെ തന്നെ വേട്ടയാടുന്നതാണ്. ഇപ്പോഴത്തെ ശരശയ്യയിലും അദ്വാനി ഒരു രാജധര്‍മ്മവും പ്രസംഗിച്ചിട്ടില്ല- സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി.

അദ്വാനിയുടെ രഥയാത്ര 1992-ലെ ബാബറി മസ്ജിദ് തകര്‍ക്കലിന് മുന്നൊരുക്കമായിട്ടാണ് കണക്കാക്കപ്പെടുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂര്‍ പിന്തുണച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള വിദേശ പ്രതിനിധി സംഘത്തലവനായി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്നാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ കഴിഞ്ഞ ദിവസത്തെ ലേഖനം കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ബി.ജെ.പി ആയുധമാക്കിയിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ അടക്കം തരൂരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. തരൂരിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് സഹയാത്രിക സുധാ മേനോന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു. 'മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂര്‍ത്തിയാക്കി പരിവര്‍ത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാല്‍ കൃഷ്ണ ആദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവന 'മെന്ന് സുധാമേനോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബിജെപി നേതാവായ എല്‍.കെ. അദ്വാനിക്ക് 'എക്സില്‍' 98മത്തെ ജന്മദിനാശംസകള്‍ നേരുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ ശശി തരൂരിന്റെ ഹൃദയം സ്നേഹവായ്പ്പിനാല്‍ നിറഞ്ഞു കവിയുകയാണ്( പോസ്റ്റ് കമന്റില്‍) 'ആധുനികഇന്ത്യയുടെ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതില്‍ ശാശ്വതമായ പങ്ക് വഹിച്ച, പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാട്ടിയ, വിനയാന്വിതനും മാന്യനും മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനുമായിട്ടാണ് 'അദ്ദേഹം ലാല്‍കൃഷ്ണ അദ്വാനിയെ അടയാളപ്പെടുത്തുന്നത്!

സ്വതന്ത്ര്യഇന്ത്യയുടെ നീണ്ട 'സഞ്ചാരപഥത്തില്‍' മനുഷ്യരെ വര്‍ഗീയമായി ധ്രുവീകരിക്കുകയും, മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹജീവനങ്ങള്‍ക്കിടയില്‍ ആഴമേറിയ കിടങ്ങുകള്‍ ഉണ്ടാക്കുകയും ചെയ്ത 'മാതൃകാപരമായ പൊതുപ്രവര്‍ത്തനം' ആയിരുന്നു 1990 സെപ്റ്റംബര്‍ മാസം ഇരുപത്തി അഞ്ചാം തിയതി, ലാല്‍കൃഷ്ണ അദ്വാനി ആരംഭിച്ച രഥയാത്ര. സോമനാഥില്‍ നിന്നാരംഭിച്ച ആ യാത്ര ബീഹാറില്‍ എത്തുമ്പോഴേക്കും രാജ്യമെമ്പാടും വര്‍ഗീയകലാപങ്ങള്‍ ഉണ്ടാവുകയും നിരപരാധികളായ നിരവധി മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് അദ്വാനി.

ജയ്പൂരും, ഭഗല്‍പൂരും, ബറോഡയും, ഹൈദ്രാബാദും അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന നിരവധി കലാപങ്ങളുടെയും, ജീവന്‍ നഷ്ടപ്പെട്ട സാധുക്കളായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഓര്‍മകളും, അതിനുശേഷമുള്ള അവരുടെ നരകജീവിതത്തിന്റെ നേര്‍ചിത്രങ്ങളും ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയും കൂടിച്ചേര്‍ന്നതാണ് അദ്വാനിയുടെ യഥാര്‍ത്ഥ 'സഞ്ചാരപഥം'! അത്തരമൊരു സഞ്ചാരപഥത്തിന്റെ ഉണങ്ങാത്ത വ്രണങ്ങള്‍ മതേതരവാദികളായ ഇന്ത്യക്കാരുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുമ്പോഴാണ് ശ്രീ തരൂര്‍, മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനായി അദ്വാനിയെ പുകഴ്ത്തുന്നത്.

തരൂര്‍ സ്വയം 'ചേര്‍ന്ന് നില്‍ക്കുന്നു' എന്ന് അവകാശപ്പെടുന്ന ലിബറല്‍ മതേതര രാഷ്ട്രീയത്തെ മുഴുവന്‍ റദ്ദ് ചെയുകയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂര്‍ത്തിയാക്കി പരിവര്‍ത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാല്‍ കൃഷ്ണ അദ്വാനിയെ ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനം. അത് മനസിലാക്കാന്‍ അതിരില്ലാത്ത വായനയും, അറിവും, ഭാഷാ സ്വാധീനവും,ലോകപരിചയവും ഒന്നും വേണ്ട. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് അതീതമായ ഇത്തിരി മനുഷ്യസ്നേഹവും, വിവേകവും, ഹൃദയവിശാലതയും മാത്രം മതി.

അധികാരത്തിന്റെ ചിരി എന്നും വശ്യമായിരിക്കും. എങ്കിലും, ബഹുമാന്യനായ തരൂര്‍, വല്ലപ്പോഴും കക്കാട് പറഞ്ഞതുപോലെ

''നേര്‍ത്ത നിലാവിന്റെയടിയില്‍

തെളിയുമിരുള്‍നോക്കുകിരുളിന്റെ യറകളിലെയോര്‍മ്മകളെടുക്കുക....'