- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അത് വെറുമൊരു ലഘുഭക്ഷണമല്ല, അധ്വാന വർഗത്തിന്‍റെ പ്രതീകം'; മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം; രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം

മുംബൈ: മഹാരാഷ്ട്രയിലെ സാധാരണക്കാരെ അപമാനിക്കുകയും മുംബൈയുടെ പ്രാദേശിക സ്വത്വം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ (യു.ബി.ടി) കടുത്ത വിമർശനവുമായി ശിവസേന രംഗത്ത്. "മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം" എന്ന് പാർട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയൽ താക്കീത് നൽകി.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തൊഴിലിനെയും പ്രാദേശിക സംസ്കാരത്തെയും കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളാണ് വിമർശനത്തിന് ആധാരം. തിങ്കളാഴ്ച നടന്ന സംയുക്ത റാലിയിൽ വട പാവ് വ്യവസായത്തെ കുറച്ചുകാട്ടിയ ഫഡ്‌നാവിസ്, മറാത്തി സംസ്കാരത്തെയും ഉപജീവനമാർഗ്ഗത്തെയും താഴ്ത്തിക്കെട്ടിയെന്ന് 'സാമ്‌ന' കുറ്റപ്പെടുത്തി.
'വട പാവ് സിന്ദാബാദ്' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ, വട പാവ് മറാത്തി സ്വത്വത്തിന്റെ പ്രതീകവും ആയിരക്കണക്കിന് ആളുകളുടെ സാമ്പത്തിക ജീവനാഡിയുമാണെന്ന് ശിവസേന (യു.ബി.ടി) ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു ലഘുഭക്ഷണമല്ലെന്നും അധ്വാന വർഗത്തിന്‍റെ പ്രതീകമാണെന്നും മുഖപത്രം പറയുന്നു. മഹാരാഷ്ട്രയുടെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ബി.ജെ.പി വരേണ്യതയെയും സാധാരണക്കാരോടുള്ള ശത്രുതയെയും 'സാമ്‌ന' വിമർശിച്ചു.
'സാധാരണക്കാരന്റെ വിയർപ്പിനെ വെറുക്കുന്നവർക്ക് ഒരിക്കലും വട-പാവിന്റെ മഹത്വം മനസ്സിലാകില്ല. ആയിരക്കണക്കിന് മറാത്തി വീടുകളിൽ അടുപ്പുകൾ കത്തുന്നത് വട-പാവ് വ്യവസായം കൊണ്ടാണ്. അതിനെ അപമാനിക്കുന്നത് കഠിനാധ്വാനികളായ സാധാരണക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം,' എഡിറ്റോറിയലിൽ പറയുന്നു.
മുംബൈ ഒരു അന്താരാഷ്ട്ര നഗരമാണെന്നും അത് മഹാരാഷ്ട്രയ്ക്ക് മാത്രമുള്ളതല്ലെന്നുമുള്ള ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെയും ശിവസേന (യു.ബി.ടി) വിമർശനമുന്നയിച്ചു. മുഖ്യമന്ത്രി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അണ്ണാമലൈയുടെ പ്രസ്താവനകളെ അപലപിക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖപത്രം ചോദ്യം ചെയ്തു.


