താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. അധ്യക്ഷയുമായ സുനേത്ര പവാറിനെതിരായ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ്. ബാരാമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്‍.സി.പി ശരദ് പവാര്‍ വിഭാഗത്തില്‍നിന്നടക്കമുള്ള ആവശ്യം പരിഗണിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. സുനേത്രയുടെ ഭര്‍ത്താവും എന്‍.സി.പി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് ബാരാമതിയിലെ ഉപതിരഞ്ഞെടുപ്പ്. അജിത് പവാറിനോടുള്ള ആദരവ് കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോട്ട്.

സ്ഥാനാര്‍ഥിയെ പിന്‍വലിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി 'പൊതുജനവികാരത്തെ' മാനിക്കുമെന്നും ബാരാമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ എന്‍.സി.പി അല്ലാതെ മറ്റു പ്രധാനപാര്‍ട്ടികളൊന്നും മത്സരരംഗത്തില്ല.

സുനേത്ര പവാറിനെതിരെ കോണ്‍ഗ്രസ് ആകാശ് മോറെയെ ആയിരുന്നു സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 23നാണ് ഉപതിരഞ്ഞെടുപ്പ്. ജനുവരി 28ന് ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നാണ് അജിത് പവാര്‍ മരിച്ചത്.