ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എംപി. എക്‌സിലെ പോസ്റ്റിലാണ് പ്രശംസ കോരിചൊരിയുന്നത്. മോദിയെ തുടര്‍ച്ചയായി പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിക്കുകയാണ് തരൂര്‍. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പ്രധാനമന്ത്രി 'വികസനത്തിനായുള്ള ഇന്ത്യയുടെ ക്രിയാത്മകമായ അക്ഷമയെക്കുറിച്ചും' 'ഒരു കോളനിവല്‍ക്കരണാനന്തര ചിന്താഗതിയുടെ' (post-colonial mindset) വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ശക്തമായ പ്രേരണയെക്കുറിച്ചും സംസാരിച്ചതായി തിരുവനന്തപുരം എംപി എക്‌സിലെ (മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറഞ്ഞു.


പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്, ആഗോളതലത്തിലെ മഹാമാരി, യുക്രെയ്‌നിലെ യുദ്ധം പോലുള്ള സംഭവങ്ങളെ അതിജീവിച്ച ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത ലോകം ശ്രദ്ധിച്ചുവെന്നും, ഇന്ത്യ ഇനി ഒരു 'ഉയര്‍ന്നു വരുന്ന വിപണി' (emerging market) മാത്രമല്ല, ലോകത്തിന് ഒരു 'ഉയര്‍ന്നു വരുന്ന മാതൃക' (emerging model) ആണെന്നുമാണ്.

'എല്ലാ സമയത്തും 'തിരഞ്ഞെടുപ്പ് മോഡി'ലാണ് എന്ന് തനിക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്... എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു 'വൈകാരിക മോഡി'ലാണ് (emotional mode) താന്‍' എന്നും പ്രധാനമന്ത്രി പറഞ്ഞതായി, തരൂര്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ കോളനിവല്‍ക്കരണത്തിന്റെ സ്വാധീനത്തില്‍ ശ്രദ്ധയൂന്നുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

'അടിമത്ത മനോഭാവത്തിന്റെ (colonial mindset) 200 വര്‍ഷത്തെ മെക്കാളെയുടെ പാരമ്പര്യം തിരുത്തുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി കൂടുതലായി സംസാരിച്ചത്. ഇന്ത്യയുടെ പൈതൃകം, ഭാഷകള്‍, വിജ്ഞാന സമ്പ്രദായങ്ങള്‍ എന്നിവയില്‍ അഭിമാനം പുനഃസ്ഥാപിക്കുന്നതിനായി 10 വര്‍ഷത്തെ ദേശീയ ദൗത്യത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മൊത്തത്തില്‍, പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യപുരോഗതിക്കായുള്ള ഒരു സാമ്പത്തിക വീക്ഷണമായും, പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമായും വര്‍ത്തിച്ചു. സദസ്സില്‍ ഉണ്ടായിരുന്നതില്‍ സന്തോഷം...' എന്നും തരൂര്‍ പ്രഖ്യാപിച്ചു.

പരിപാടിയില്‍ തരൂര്‍, ബിജെപി നേതാവും മുന്‍ നിയമമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിനൊപ്പം ഇരിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തരൂരിന്റെ വലതുവശത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉണ്ടായിരുന്നു.

എന്ത്യാലും പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള തരൂരിന്റെ പ്രശംസ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. വിശേഷിച്ചും അദ്ദേഹം ഇതാദ്യമായല്ല പ്രധാനമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ 1834-ല്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് എംപിയായ തോമസ് ബാബിംഗ്ടണ്‍ മെക്കാളെയെയാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം അവതരിപ്പിച്ചതില്‍ അദ്ദേഹത്തിന് പങ്കുണ്ട്, അതനുസരിച്ച് ഇംഗ്ലീഷ് എല്ലാ സ്‌കൂളുകളിലെയും ഔദ്യോഗിക ഭാഷയായി.

'ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തില്‍, നമ്മുടെ സംസ്‌കാരത്തില്‍ അഭിമാനിക്കാന്‍ നമ്മെ പഠിപ്പിച്ചു. നമ്മുടെ വിദ്യാഭ്യാസം പഠനത്തോടൊപ്പം വൈദഗ്ധ്യത്തിനും ഊന്നല്‍ നല്‍കി. അതുകൊണ്ടാണ് മെക്കാളെ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ തീരുമാനിച്ചത്... അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു,' പ്രധാനമന്ത്രി പറഞ്ഞു.

'ബ്രിട്ടീഷ് ഭാഷയ്ക്കും ബ്രിട്ടീഷ് ചിന്താഗതിക്കും ആ കാലയളവില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് മെക്കാളെ ഉറപ്പിച്ചു, അതിന്റെ വില ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളോളം നല്‍കേണ്ടിവന്നു,' അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ 'നമ്മുടെ ആത്മവിശ്വാസം തകര്‍ക്കുകയും നമ്മില്‍ ഒരു അപകര്‍ഷതാബോധം നിറയ്ക്കുകയും ചെയ്തു' എന്നും മോദി പറഞ്ഞു.

നാലു തവണ എംപിയായ തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ വഷളായിരിക്കുകയാണ്. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ അയച്ച സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്ത സമയം മുതലാണ് ഇത് ആരംഭിച്ചത്.

തരൂര്‍ അമേരിക്കയിലേക്കും മറ്റ് നാല് രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിച്ചു. മോദിയെ ഇന്ത്യയുടെ മുഖ്യ ആസ്തി എന്ന്് വിശേഷിപ്പിച്ച തരൂരിന്റെ ലേഖനം

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പങ്കുവയ്്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി പ്രതിസന്ധി കൈകാര്യം ചെയ്തതിനെ പ്രശംസിച്ചുള്ള തരൂരിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതെല്ലാം ആക്കം കൂട്ടുകയും ചെയ്തു. എന്നിരുന്നാലും, അത് സംഭവിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കി.