കൊല്‍ക്കത്ത: പാക് ഭീകര തുറന്നുകാട്ടാനുള്ള സര്‍വ്വകക്ഷി സംഘ പ്രതിനിധിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ട്ടിയുടെ ബഹാരംപൂര്‍ എം പി യൂസഫ് പഠാന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് ഒഴിവായതോടെയാണ് അഭിഷേക് ബാനര്‍ജിയെ നിയോഗിച്ചത്.

പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ മമത ബാനര്‍ജിയാണ് അഭിഷേക് ബാനര്‍ജിയെ നാമനിര്‍ദ്ദേശം ചെയ്തത്. ' ഭീകരവാദത്തിന് എതിരെയുളള ബംഗാളിന്റെ ഉറച്ച നിലപാട് പ്രതിഫലിപ്പിക്കാന്‍ അഭിഷേകിന്റെ സാന്നിധ്യം സഹായിക്കുമെന്നും' തൃണമൂല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.

വിവിധ പാര്‍ട്ടികളില്‍ നിന്നായി എംപിമാരും, മുന്‍ മന്ത്രിമാരും അടക്കം 51 രാഷ്ട്രീയ നേതാക്കളെയാണ് 7 പ്രതിനിധി സംഘങ്ങളിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഭീകരതയ്ക്ക് എതിരെയുള്ള ഇന്ത്യന്‍ നിലപാടും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദീകരിക്കും.

തങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ പാര്‍ട്ടി പ്രതിനിധിയെ തിരഞ്ഞെടുത്തത് എന്നതില്‍ മമതയും തൃണമൂലും അസന്തുഷ്ടരായിരുന്നു. പ്രതിനിധികളെ തേടി ഒരു അപേക്ഷയും തങ്ങള്‍ക്ക് കിട്ടിയില്ലെന്നു മമത വൃക്തമാക്കി. ' അവര്‍ക്ക്( കേന്ദ്രത്തിന് ഏകപക്ഷീയമായി പേരുനിശ്ചയിക്കാനാവില്ല, അവര്‍ മാതൃപാര്‍ട്ടിക്ക് അപേക്ഷ നല്‍കിയാല്‍ പാര്‍ട്ടി തീരുമാനമെടുക്കും. അതാണ് നിലവിലുളള സംവിധാനം. വിദേശകാര്യനയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ കേന്ദ്രത്തിനൊപ്പമാണ്', മമത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ ജെ ഡി യു എംപി സഞ്ജയ് കുമാര്‍ ത്ധാ നയിക്കുന്ന പ്രതിനിധി സംഘാംകഗമായി തൃണമൂല്‍ എംപി യൂസഫ് പഠാനെ ഏകപക്ഷീയമായി കേന്ദ്രം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പഠാന്‍ പിന്മാറി. മറ്റൊരു തൃണമൂല്‍ നേതാവ് സുധീപ് ബന്ദോപാധ്യായയ്ക്കും ക്ഷണം കിട്ടിയെങ്കിലും അദ്ദേഹം ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു.

നേരത്തെ കോണ്‍ഗ്രസ് സമര്‍പ്പിച്ച മൂന്നംഗ പട്ടികയില്‍ നിന്ന് ഒരാളെ മാത്രമാണ് കേന്ദ്രം തിരഞ്ഞെടുത്തത്.ശശി തരൂര്‍ എം പിയെ ഏകപക്ഷീയമായി നിശ്ചയിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചെങ്കിലും തരൂര്‍ അതംഗീകരിച്ചതോടെ പാര്‍ട്ടി വെട്ടിലായി. എന്നാല്‍, തൃണമൂലിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന വിഷയം വന്നപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി