- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ചവ, താജ്മഹലിന്റെയും ഈഫൽ ടവറിന്റെയും മാതൃകകൾ പോലെ'; തൊടുകയോ കാറ്റടിക്കുകയോ ചെയ്താൽ മതി; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിനും നേരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. പ്രത്യയശാസ്ത്രമോ ശക്തമായ അടിത്തറയോ ഇല്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവരെ അദ്ദേഹം പരിഹസിച്ചു. ഡിഎംകെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് ഉദയനിധിയുടെ പ്രതികരണം.
'ആശയങ്ങളാണ് ഡിഎംകെയുടെ അടിത്തറ. അടിത്തറ ശക്തമാണെങ്കിൽ, അതിൽ നിർമ്മിച്ച കോട്ടയും ശക്തമായി നിലനിൽക്കും. ഇന്ന് ചിലർ ഒരു അടിത്തറയുമില്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നു. പ്രദർശനങ്ങളിൽ കാണുന്ന താജ്മഹലിന്റെയോ ഈഫൽ ടവറിന്റെയോ മാതൃകകൾ പോലെയാണ് ഇവരെല്ലാം. കാണികളെ ആവേശം കൊള്ളിക്കുമെങ്കിലും, ചെറുതായി ഒന്ന് തൊടുകയോ കാറ്റടിച്ചാൽ തകർന്നുവീഴുന്ന കാർഡ്ബോർഡ് നിർമ്മിതികളാണവ,' ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ത്യാഗത്തിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് വളർന്നതെന്നും, പാർട്ടിയും നേതാക്കളും അടിയന്തരാവസ്ഥ പോലുള്ള കാലഘട്ടങ്ങളെ പോലും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദയനിധിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ലയോള മണി രംഗത്തെത്തി. ഡിഎംകെ ത്യാഗത്തിലൂടെ വളർന്നുവെന്ന് പറയുന്ന ഉദയനിധിയുടെ പാർട്ടിയിലെ പങ്ക് എന്താണെന്നും, അദ്ദേഹം നേരിട്ട പ്രതിഷേധങ്ങളെന്തെന്നും ലയോള മണി ചോദിച്ചു. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ചെറുമകനും സ്റ്റാലിന്റെ മകനുമെന്നതിനപ്പുറം അദ്ദേഹത്തിന് എന്തു യോഗ്യതയുണ്ടെന്നും ലയോള മണി ചോദ്യമുന്നയിച്ചു. 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




