ന്യൂഡല്‍ഹി: ബിഹാറിലെ മോശം പ്രകടനത്തിന് കാരണം എസ്.ഐ.ആറെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാവ് ഉദിത് രാജാണ് ഇതുസംബന്ധിച അഭിപ്രായപ്രകടനം നടത്തിയത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്.ഐ.ആറാണ് വിജയത്തിലേക്ക് നീങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് ശേഷം ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ചാണ് എന്‍.ഡി.എ മുന്നേറ്റം. 160ലേറെ സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന് 68 സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം 19 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ നിലവില്‍ ലീഡ് ചെയ്യുന്നത് 14 ഇടത്ത് മാത്രമാണ്. ബിഹാറില്‍ എസ്.ഐ.ആറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തിയിരുന്നു.

ബിഹാറിലെ ഗ്രാമങ്ങളിലൂടെ കടന്നുപോയ രാഹുല്‍ ഗാന്ധിയുടെ യാത്ര കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍, ബിഹാറില്‍ താഴെത്തട്ടില്‍ ഇതൊന്നും സ്വാധീനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്‍ഡ്യ സഖ്യത്തില്‍ ആര്‍.ജെ.ഡിക്ക് മാത്രമാണ് ബിഹാറില്‍ പിടിച്ച് നില്‍ക്കാനായത്. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പടെ ആര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുംബ സംവരണ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കദ്വയിലും ഷഷ്രാവത് കേദാര്‍ പാണ്ഡെ നര്‍കട്യാഗഞ്ജിലും കമറുള്‍ ഹോഡ കിഷന്‍ ഗഞ്ചിലും ജനവിധി തേടിയിരുന്നു.

ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ദ്രജീത് പ്രസാദ് ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി തുടങ്ങിയവയായിരുന്നു മഹാഗഢ്ബന്ധനിലുണ്ടായിരുന്നത്. ആര്‍ജെഡിയുടെയും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെയും കരുത്തിലായിരുന്നു ഈ സഖ്യത്തിന്റെ നിലനില്‍പ്പ്. യുവ വോട്ടര്‍മാര്‍ക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല.

താരതമ്യേന ദുര്‍ബലമായ കോണ്‍ഗ്രസും ചില മേഖലകളില്‍ മാത്രം ഒതുങ്ങിയ മറ്റു പാര്‍ട്ടികളും ചേര്‍ന്ന് മഹാഗഢ്ബന്ധനായി തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും വിജയിക്കാനായില്ല. മുസ്ലിം-യാദവ (എം-വൈ) വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിന്റെ കാരണമാണ്. മാത്രമല്ല, ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറുകയും ചെയ്തു.