ചെന്നൈ: നടനും തമിഴ്നാട് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് ഒരു രാഷ്ട്രീയ ശക്തിയാണെന്നും ആർക്കും അത് നിഷേധിക്കാനാവില്ലെന്നും എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി. ടിവികെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന.

അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർപേഴ്‌സൺ കൂടിയായ പ്രവീൺ ചക്രവർത്തി, വിജയ്‌യെ കാണാൻ ആളുകളെത്തുന്നത് ഒരു നടൻ എന്ന നിലയിലല്ലെന്നും രാഷ്ട്രീയ നേതാവെന്ന നിലയിലാണെന്നും വ്യക്തമാക്കി.

വലിയ ആവേശത്തോടെയാണ് ജനങ്ങൾ വിജയ്‌യെ കാണാനെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് ഒരു ദിവ്യശക്തി. ഇനി ആരെകൊണ്ടും അയാളെ പിടിച്ചുനിർത്താൻ കഴിയില്ലെന്നും തമിഴ്നാട് മുഴുവൻ കൊടുംങ്കാറ്റായി ആഞ്ഞുവീശുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവീൺ ചക്രവർത്തി അടുത്തിടെ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെ സഖ്യസാധ്യതകൾ സജീവമായി പരിഗണിക്കുന്നതിനിടെയുള്ള ഈ പ്രസ്താവനകൾ ഏറെ രാഷ്ട്രീയ പ്രാധാന്യം നേടുന്നുണ്ട്.