- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില്‍ മുഖമായ അതിഷിക്ക് സാധ്യത
ഇനി ജനവിധി അറിഞ്ഞിട്ടേ ഈ കസേരയിലിരിക്കൂ എന്നാണ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തി വിശദീകരിക്കുന്നത്.
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ മനസ്സില്‍ ഉള്ളത് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിജെപിക്ക് ചെക്ക് പറയാനാണ് ഇത്തരമൊരു നീക്കം കെജ്രിവാള്‍ നടത്തിയതെന്ന് സൂചനയുണ്ടെങ്കിലും അതെങ്ങനെ എന്ന കാര്യത്തിലാണ് ആകാംക്ഷ നിലനില്‍ക്കുന്നത്.
കോടതി വിധിയെത്തുടര്‍ന്നാണ് താന്‍ ജയില്‍ മോചിതനായതെന്നും ഇനി ജനവിധി അറിഞ്ഞിട്ടേ ഈ കസേരയിലിരിക്കൂ എന്നാണ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തി വിശദീകരിക്കുന്നത്. കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഇനി രാഷ്ട്രീയമായി എന്ത് സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അത് നേരത്തെ ആക്കണമെന്നാണ് എഎപിയുടെ ആവശ്യം. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയേയും പരിഗണിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് എഎപി ആവശ്യപ്പെടുന്നത്.
രണ്ട് ദിവസത്തിനകം കെജ്രിവാള്‍ രാജിവെച്ചാല്‍ നവംബര്‍ വരെയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെയോ പുതിയ മുഖ്യമന്ത്രിയെ എഎപിക്ക് കണ്ടെത്തേണ്ടി വരും.അതാരാകുമെന്നതാണ് ആകാംക്ഷ. നിലവില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് മനീഷ് സോസിദിയയും വ്യക്തമാക്കിയിട്ടുണ്ട്. കെജ്രിവാള്‍ തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഇവര്‍ക്ക് ശേഷം പിന്നീട് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് നിലവില്‍ മന്ത്രിയായിട്ടുള്ള അതിഷിയാണ്. കെജ്രിവാളടക്കമുള്ള എഎപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായിരുന്ന ഘട്ടത്തില്‍ അതിഷിയായിരുന്നു പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ അവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഏതായിരുന്നാലും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എഎപി എംഎല്‍എമാരുടെ യോഗം വിളിച്ച് രാജി പ്രഖ്യാപനം നടത്തുമെന്നും ആ യോഗത്തില്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യനിരോധന അഴിമതിക്കേസില്‍ നേതാക്കളെല്ലാം ജയിലിലായത് എഎപിയെ കനത്ത പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ ഉത്ഭവമെടുത്ത പാര്‍ട്ടിയുടെ നേതൃത്വം ഒന്നടങ്കം കുറ്റാരോപിതരായി നില്‍ക്കുന്നത് എഎപിയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത്തരമൊരു രാഷ്ട്രീയ പ്രചാരണത്തിനാണ് ബിജെപി കോപ്പ് കൂട്ടുന്നത് മനസ്സിലാക്കിയാണ് കെജ്രിവാളിന്റെ പുതിയ നീക്കമെന്നാണ് സൂചന. അതേസമയം കെജ്രിവാളിന്റെ രാജിപ്രഖ്യാപനം നാടകമാണെന്േനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പ്രതികരിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുമായി ബന്ധപ്പെടാന്‍ എഎപി വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തുടക്കമാണ് രാജിവെക്കുന്നു എന്ന കെജ്രിവാളിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കെജ്രിവാളിനെ കൂടാതെ, മദ്യനയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഈ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്. മദ്യനയക്കേസില്‍ കെജ്രിവാള്‍ ഉള്‍പ്പെടെ ജയിലിലായ പ്രമുഖരെല്ലാം പുറത്തിറങ്ങിയത് ആപ്പിന് വലിയ ആശ്വാസമായിട്ടുണ്ടെങ്കിലും നേതാക്കളുടെ നിരപരധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയാകും പാര്‍ട്ടിക്ക് മുന്നിലുള്ള ദൗത്യം.
ജയിലിലായിരുന്നപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാള്‍ തനിക്ക് അധികാര മോഹമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് ധാര്‍മിക നിലപാട് ചൂണ്ടിക്കാട്ടി ഇപ്പോള്‍ രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ അത് നേട്ടമുണ്ടാക്കുമെന്നാണ് എഎപി പ്രതീക്ഷിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം ഇരുതല മൂര്‍ച്ചയുള്ളതാണ് വാളാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനൊപ്പം തിരിച്ചടി ലഭിക്കാനുള്ള സാഹചര്യങ്ങളും ഇതിലുണ്ട്. ജനങ്ങള്‍ തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ താന്‍ ഓഫീസില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് സിസോദിയയും വ്യക്തമാക്കിയതായി കെജ്രിവാള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം രണ്ട് മുന്‍നിര എഎപി നേതാക്കള്‍ തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി പദത്തിലേക്കില്ലെന്നും പാര്‍ട്ടിയുടെ മറ്റ് പ്രമുഖ പ്രഖുങ്ങളില്‍നിന്നൊരാളെ കണ്ടത്തേണ്ടി വരുമെന്നുമാണ്.
ഇത്തരത്തില്‍ താത്കാലികമായി മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുകയും പിന്നീട് അത് അധികാര തര്‍ക്കങ്ങളിലേക്കും വഴിവെച്ചിട്ടുണ്ട്. അതിന് ഉദാഹരമാണ് ഝാര്‍ഖണ്ഡില്‍ അടുത്തിടെ സംഭവിച്ചത്. ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ജയിലില്‍ പോയതോടെ മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ചംപായ് സോറന്‍ ഇപ്പോള്‍ ബിജെപിയിലാണുള്ളത്. നേരത്തെ ബിഹാറില്‍ ജിതന്‍ റാം മാഞ്ചിയും നിതീഷ് കുമാറും തമ്മിലുള്ള തര്‍ക്കവും സമാനമായിരുന്നു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കെജ്രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന.
കെജ്രിവാളിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന ആവശ്യം പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, ജയിലിലിരുന്നും ഭരണം നടത്താന്‍ കഴിയുമെന്ന് ബി.ജെ.പി. സര്‍ക്കാരിനു മുന്‍പില്‍ തെളിയിക്കുന്നതിനാണ് അന്ന് രാജിവെയ്ക്കാതിരുന്നതെന്നാണ് കെജ്രിവാള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ നടത്തിയിരുന്നതിനേക്കാള്‍ കിരാതമായ ഭരണവാഴ്ചയാണ് ബി.ജെ.പി. സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
അതേസമയം ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമാണ് കെജ്രിവാളിന്റെ രാജിയോട് അണ്ണാ ഹസാരെ പ്രതികരിച്ചത്. 'രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തെ സേവിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ അദ്ദേഹം മഹാനാവുമായിരുന്നു. ഞങ്ങള്‍ ഒരുപാട് കാലം ഒന്നിച്ചുണ്ടായിരുന്നു, രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പലതവണ പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് കേട്ടില്ല. ഇപ്പോള്‍ സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കുന്നു', അണ്ണാ ഹസാരെ പറഞ്ഞു.
ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായപ്പോഴും കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്രിവാള്‍ അനുഭവിക്കുന്നത് എന്നായിരുന്നു അണ്ണാ ഹസാരെയുടെ പ്രതികരണം. തെറ്റായ മദ്യനയത്തില്‍നിന്ന് പിന്മാറാന്‍ താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അന്ന് അദ്ദേഹം അവകാശപ്പെട്ടു.