- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നു; പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി; രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണം; വികസനത്തിലും ഒന്നിച്ച് നില്‍ക്കാം; പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കട്ടെ; ഭരണ പ്രതിപക്ഷ ഐക്യം തുടരാമെന്ന് പ്രധാനമന്ത്രി; വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സദാനന്ദന്‍
ഭരണപ്രതിപക്ഷ ഐക്യം തുടരട്ടെയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂര്‍ നൂറ് ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍. ഇന്ത്യയുടെ ശക്തി ലോകം കണ്ടുവെന്നും ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചു. ഇതിന് മറുപടിയായി ഭീകരരുടെ താവളങ്ങളില്‍ കയറി ഇന്ത്യ ആക്രമിച്ചുവെന്നും പാക്കിസ്ഥാനിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ദൗത്യം 100 ശതമാനം വിജയമായിരുന്നുവെന്നും പ്രധാമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളാണ് ഉപയോഗിച്ചത്. ഇതിനായി ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും ഒന്നിച്ച് നിന്നുവെന്നും പാര്‍ലമെന്റിലും ഈ ഐക്യം തുടരട്ടെയെന്നും മോദി പറഞ്ഞു.
രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്നും അവകാശപ്പെട്ടു. പണപ്പെരുപ്പം കുറഞ്ഞുവെന്നും രാജ്യത്തിന്റെ വികാസം കൂടിയെന്നും യുപിഐ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നക്‌സല്‍ മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുക്കുകയാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നൂറുകണക്കിന് ജില്ലകള്‍ മാവോയിസ്റ്റ് മുക്തമായെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു. ''ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷന്‍ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം നൂറുശതമാനവും ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിച്ച് തകര്‍ത്തു. ഇന്ത്യ നിര്‍മിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം'' നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആയുധങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും നക്‌സലറ്റുകളെ ഉന്‍മൂലനം ചെയ്‌തെന്നും നിരവധി ജില്ലകളെ നക്‌സല്‍ ഭീഷണിയില്‍നിന്ന് മോചിപ്പിച്ചെന്നും മോദി പറഞ്ഞു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയെ അദ്ദേഹം അഭിനന്ദിച്ചു.
വര്‍ഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്‌സഭയിലും, രാജ്യസഭയിലും രാജ്യത്തിന്റെ യശസ് ഉയര്‍ത്താന്‍ ഒരേ രീതിയില്‍ ശബ്ദം ഉയരണം. ഭാരതത്തിന്റെ സൈനിക ശക്തി വെളിപ്പെട്ട സമയമാണിത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അജണ്ട കാണും. എന്നാല്‍ രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണം. വികസനത്തില്‍ ഒന്നിച്ച് നില്‍ക്കാം. പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കട്ടെ. പാര്‍ട്ടികളുടെ താല്‍പര്യത്തേക്കാള്‍ വലുത് രാജ്യതാല്‍പര്യമാണെന്നും മോദി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞിരുന്നു. അതിവേഗത്തില്‍ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി. വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയവയെല്ലാം നിയന്ത്രണത്തിലാക്കി. ഡിജിറ്റല്‍ ഇന്ത്യയില്‍ മുന്നേറ്റമുണ്ടായി. യുപിഐയിലെ നേട്ടവും പ്രധാനപ്പെട്ടതാണ്. ആരോഗ്യമേഖലയിലും മികച്ച മുന്നേറ്റം കൈവരിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
എട്ടു പുതിയ ബില്ലുകള്‍
ഒരു മാസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യ പാക്ക് സംഘര്‍ഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് ഓപറേഷന്‍ സിന്ദൂറടക്കം പാര്‍ലമെന്റില്‍ വിഷയമായത്. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റിന്റെ അവകാശവാദവും, യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ട്രംപിന്റെ വെളിപ്പെടുത്തലുകളിലുമടക്കം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പഹല്‍ഗാമിന് പുറമെ ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാനാപകടം തുടങ്ങിയ വിഷയങ്ങളും വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. എട്ടു പുതിയ ബില്ലുകളാണ് സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. സിലക്റ്റ് കമ്മിറ്റി അംഗീകരിച്ച ആദായനികുതി ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കാന്‍ ശ്രമിക്കും. അതേ സമയം സി.സദാനന്ദന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍, മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.