- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ടാറ്റയുടെ കർമ്മശേഷി മുഴുവൻ പുറത്തെടുത്ത നിർമ്മിതി; 970 കോടി മുതൽ മുടക്കുമ്പോൾ സെൻട്രൽ ഹാളില്ല; ലോക്‌സഭയിൽ 883 സീറ്റുകളും രാജ്യസഭയിൽ 300 സീറ്റുകളും; ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാര കൈമാറ്റം സൂചിപ്പിക്കുന്ന ചെങ്കോലും സ്ഥാപിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
ന്യൂഡൽഹി: തലസ്ഥാന നഗരത്തിന്റെ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് സെൻട്രൽ വിസ്താ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. ഈ പദ്ധതിയിൽ ആദ്യമായി ഉദ്ഘാടനം പൂർത്തിയാക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരം. നരേന്ദ്ര മോദി തന്നെ തറക്കല്ലിട്ട പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിർവഹിക്കുന്നതിനെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. പ്രതിപക്ഷം ഒന്നടങ്കം ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് പറഞ്ഞ് രംഗത്തുണ്ട്. എന്നാൽ, ഈ ബഹിഷ്‌ക്കരണങ്ങളെയും മറികടന്നാണ് പാർലമെന്റ് മന്ദിരം നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 28-നാണ് ഉദ്ഘാടനം.
രാജ്യവികസനത്തിൽ എക്കാലവും സംഭാവന നൽകിയ ടാറ്റയുടെ കർമ്മശേഷി മുഴുവൻ പുറത്തെടുത്ത നിർമ്മിതിയാണ് പുതിയ പാർലമെന്റ്. 970 കോടി രൂപ ചെലവഴിച്ചാണ് പാർലമെന്റിന്റെ പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പഴയ പാർലമെന്റ് മന്ദിരവുമായി തട്ടിച്ചു നോക്കുമ്പോൾ സെൻട്രൽ ഹാളില്ലാത്തതാണ് പുതിയ പാർലമെന്റ് മന്ദിരം. എന്നാൽ ലോക്‌സഭയിലും രാജ്യസഭയിലും സീറ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്‌സിപി ഡിസൈൻ നാലുനിലകളിലായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തിരിക്കുന്നത്. ടാറ്റാ പ്രൊജക്ട്‌സ് ആണ് നിർമ്മാതാക്കൾ. ലോക്‌സഭയിൽ 883 ലീറ്റുകളും രജ്യസഭയിൽ 300സീറ്റുകളുമുണ്ട്. നിലവിൽ യഥാക്രമം 543 സീറ്റും 250സീറ്റുമായിരുന്നു. ഭാവിയിൽ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂടുമെന്ന് കണക്കിലെടുത്താണ് വിശാലമായ സൗകര്യം ഒരുക്കിയത്.
സെൻട്രൽ ഹാളില്ലാത്തതിനാൽ ലോക്‌സഭ ചേംബറിൽ ആയിരിക്കും സംയുക്ത സഭാസമ്മേളനം. 1,280പേർക്കുവരെ ലോക്‌സഭയിൽ ഇരിക്കാനാകും. എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കുമായി മന്ദിരത്തിന് മൂന്ന് പ്രധാനകവാടങ്ങളാണുള്ളത്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം വ്യക്തമാക്കാനായി നിർമ്മിച്ച ഭരണഘടനാഹാൾ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. മോദി സർക്കാർ അധികാരമേറ്റതിന്റെ ഒൻപതാം വർഷത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. കഴിഞ്ഞ വർഷം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് മൂലം നീർമാണം നീളുകയായിരുന്നു.
പുതിയ പാർലമെന്റിൽ അധികാരമുദ്ര സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക. ഈ ചെങ്കോൽ ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാരം കൈമാറുന്നിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനു കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തമിഴിലുള്ള ചെങ്കോൽ എന്ന പദം സൂചിപ്പിക്കുന്നതു നിറ സമ്പത്തിനെയാണ്.
ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാർലമെന്റ് മന്ദിരം. നമ്മുടെ സംസ്‌കാരവുമായി ഇഴചേർന്നതാണ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു. ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണമെന്ന് പാർലമെന്ററി കാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അധികാരത്തിന്റെ കൈമാറ്റം എങ്ങനെ സൂചിപ്പിക്കണമെന്ന് അന്ന് പ്രധാനമന്ത്രിയാകാനിരുന്ന ജവാഹർലാൽ നെഹ്‌റുവിനോട് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത്. അന്നത്തെ ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയെയാണ് (രാജാജി) നെഹ്‌റു ഇക്കാര്യത്തിൽ സമീപിച്ചത്.
രാജാജി എന്നറിയപ്പെടുന്ന അദ്ദേഹം തമിഴ് പാരമ്പര്യമായ ചെങ്കോലിന്റെ കാര്യം നെഹ്‌റുവിനോടു പറഞ്ഞു. പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ പൂജാരി ചെങ്കോൽ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടിഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോൽ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് ചെങ്കോലിന്റെ ചരിത്രം.
'നവ ഇന്ത്യ കെട്ടിപ്പെടുക്കുന്നതിൽ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും നാഗരികതയെയും ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള മനോഹരമായ ശ്രമമാണിത്. റെക്കോർഡ് സമയത്തിലുള്ള ഇതിന്റെ നിർമ്മാണത്തിൽ 60,000 ത്തോളം തൊഴിലാളികളുടെ ശ്രമങ്ങളുണ്ട്' അമിത് ഷാ വ്യക്തമാക്കി. സാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്ന്, നമ്മുടെ ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അമൃത് മഹോത്സവ വേളയിൽ തന്നെ പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം രാഷട്രപതിയെ അവഗണിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌കരിക്കാനിരിക്കയാണ്. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിമർശിച്ചു. മോദി സ്വന്തം പണം കൊണ്ട് നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ''മുൻഗണനാക്രമത്തിൽ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി മൂന്നാമനുമാണ്. ഭരണഘടന പരമായ കാര്യങ്ങളെക്കുറിച്ച് സർക്കാരിന് അറിയില്ല. ഇത് മോദിജി സ്വന്തം പണം ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല''- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു, എ.എ.പി, എൻ.സി.പി, ശിവസേന (ഉദ്ധവ് പക്ഷം), ജെ.ഡി.യു, സിപിഎം തുടങ്ങിയ പാർട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
സെൻട്രൽ വിസ്ത യാഥാർത്ഥ്യമാകുന്നു
സെൻട്രൽ വിസ്ത പദ്ധയിൽ പാർലമെന്റിന്റെ ഭാഗമാണ് ഉദ്ഘാടനം ചെയ്യുന്നത്. രാഷ്ട്രപതി ഭവൻ, പാർലമെന്റ് ഹൗസ്, നോർത്ത് ആൻഡ് സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ്, നാഷണൽ ആർക്കൈവ്‌സ് എന്നിവ ഉൾപ്പെടുന്ന ഡൽഹിയുടെ ഹൃദയഭാഗത്ത് 3.2 കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന അഡ്‌മിനിസ്ട്രേറ്റീവ് ഏരിയ ആണ് സെൻട്രൽ വിസ്ത. നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന് അടുത്തായി ഒരു പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത പുനുദ്ധാരണ പദ്ധതി.
പഴയ അഡ്‌മിനിസ്ട്രേറ്റീവ് ഏരിയയിലുള്ള കെട്ടിടങ്ങളെല്ലാം തന്നെ 1931-ന് മുൻപ് നിർമ്മിച്ചതാണ്. ബ്രിട്ടീഷുകാർ പണികഴിപ്പിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിന് ഏകദേശം 93 വർഷം പഴക്കമുണ്ടെന്നും ഘടനാപരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് നേരത്തെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകൾ വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുകയുമാണ്. ഇത് വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തെ ബാധിക്കുന്നു.
തുടർന്ന് പതിറ്റാണ്ടുകൾക്കിപ്പുറം 2019-ൽ 'പവർ ഇടനാഴി'ക്ക് പുതിയ മുഖം നൽകുന്നതിനായി കേന്ദ്ര സർക്കാർ പുനർവികസന പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള പാർലമെന്റ് സമുച്ചയത്തിന് തൊട്ടടുത്തായി ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരം, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന്റെ നിർമ്മാണം, രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള 3 കിലോമീറ്റർ നീളമുള്ള രാജ്പഥിന്റെ നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉദ്ദേശിച്ചത്.നിലവിലെ പാർലമെന്റിന്റെ നോർത്ത്, സൗത്ത് ബ്ലോക്കുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നതും സെൻട്രൽ വിസ്ത അവന്യൂവിന്റെ വികസനവും ഇതിൽ ഉൾപ്പെടുന്നു. വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകൾ സ്ഥാപിക്കുന്നതിനായി പൊതുസെക്രട്ടേറിയേറ്റിനായി 87 നിലകളുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. പുതിയ പാർലമെന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വസതികൾക്കൊപ്പം എല്ലാ സർക്കാർ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഉൾക്കൊള്ളുന്ന പത്ത് ബിൽഡിങ് ബ്ലോക്കുകൾ നിർമ്മിക്കുമെന്നാണ് പദ്ധതിയിൽ പറഞ്ഞിരുന്നത്.
20,000 കോടി രൂപയാണ് ചെലവിലാണ് സെൻട്രൽ വിസ്ത പുനർവികസന പദ്ധതി യാഥാർത്ഥ്യമാകുന്നത്. 1,000 കോടി രൂപ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനാണ് ഉപയോഗിച്ചത്. 2020 സെപ്റ്റംബറിൽ നിർമ്മാണത്തിനുള്ള കരാർ ടാറ്റ പ്രോജക്ട്സ് ആണ് സ്വന്തമാക്കിയത്. 861.90 കോടി രൂപയ്ക്കാണ് ഇത് സ്വന്തമാക്കിയത്. ഡിസൈനർമാരെ 2019 ഒക്ടോബറിൽ തന്നെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ആർക്കിടെക്ചർ കമ്പനിയായ എച്ച്സിപി ഡിസൈനാണ് കെട്ടിടം രൂപകല്പന ചെയ്യാൻ തിരഞ്ഞെടുത്തത്. കേന്ദ്ര ഭവന നിർമ്മാണ വകുപ്പിനാണ് നിർമ്മാണ മേൽനോട്ടം.
64,500 ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ത്രികോണാകൃതിയിലുള്ള കെട്ടിട സമുച്ചയമാകും പുതിയ സെൻട്രൽ വിസ്ത. പാർലമെന്റിൽ എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസുകൾ ഉണ്ടാകും. 51 കേന്ദ്ര സർക്കാർ വകുപ്പുകളിലെ 50,000-ത്തോളം ജീവനക്കാർക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് ജോലി ചെയ്യാവുന്നതാണ്. പുതിയ കോൺഫറൻസ് സെന്ററുകളുമുണ്ടാകും. ജീവനക്കാർക്ക് സഞ്ചരിക്കാൻ ഭൂഗർഭ മെട്രോ പാതയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാൻ പ്രത്യേക തുരങ്കവും പദ്ധതിയുടെ ഭാഗമാണ്.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന മഹത്തായ ഭരണഘടനാ ഹാൾ ഉണ്ടായിരിക്കും. ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് പ്രദർശിപ്പിക്കുന്ന ഇടമാകും ഇത്.ഭരണഘടനാ ഹാളിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ഡിജിറ്റലായി പ്രദർശിപ്പിക്കും. പുതിയ പാർലമെന്റ് മന്ദിരം ഏറ്റവും പുതിയ ഡിജിറ്റൽ ഇന്റർഫേസുകളാൽ സജ്ജീകരിക്കും.'പേപ്പർലെസ് ഓഫീസുകൾ' സൃഷ്ടിക്കുന്നതിനുള്ള ചുവടുവയ്‌പ്പായി ഇതിനെ കണകാക്കാം.
മറുനാടന്‍ ഡെസ്‌ക്