- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിര്‍മിതബുദ്ധിയിലും റോബോട്ടിക്സിലും ബയോടെക്നോളജിയിലും കൂടുതല്‍ നിക്ഷേപത്തിന് മുന്‍ഗണന; ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിക്കാമെന്നതിനാല്‍ ആഭ്യന്തരവളര്‍ച്ചയ്ക്ക് പ്രധാന്യം; നികുതി സ്ലാബുകള്‍ പൊളിച്ചെഴുതുമോ? ബജറ്റ് അവതരണം ഇന്ന്; ഇന്ത്യന്‍ മധ്യവര്‍ഗ്ഗം പ്രതീക്ഷയില്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന്. നികുതി സ്ലാബില്‍ അടക്കം പൊളിച്ചെഴുത്ത് ജനം പ്രതീക്ഷിക്കുകായണ് ഈ ബജറ്റില്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ ബജറ്റ് പ്രസംഗം തുടങ്ങും. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന് അനുകൂലമായി നിരവധി പ്രഖ്യാപനം ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ അത് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവര്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ പ്രഖ്യാപനം ഉണ്ടായേക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവയിലും സഹായം പ്രതീക്ഷിക്കുന്നുണ്ട്.
ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നതായി സാമ്പത്തിക സര്‍വേ വിശദീകരിച്ചിരുന്നു. കാര്‍ഷികരംഗത്തെ തിരിച്ചുവരവും സര്‍വീസ് മേഖലയിലെ വളര്‍ച്ചയും സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതും ഇന്ത്യക്ക് തുണയാകുന്നു. അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ വരുംമാസങ്ങളില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെ വലിയ നിക്ഷേപമുണ്ടാകുമെന്ന പ്രതീക്ഷയും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച സര്‍വേയിലുണ്ട്.
2024-25-ല്‍ ജി.ഡി.പി. വളര്‍ച്ച 6.3 മുതല്‍ 6.8 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍വേയില്‍ ഇത് 6.5 മുതല്‍ ഏഴുശതമാനംവരെയായിരുന്നു. 2047-ല്‍ ഇന്ത്യ വികസിതരാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരവും സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനായി അടുത്ത ഒന്നോ രണ്ടോ ദശാബ്ദം എട്ടുശതമാനത്തോളം വളര്‍ച്ചനിരക്ക് നേടണം. നിക്ഷേപനിരക്ക് ജി.ഡി.പി.യുടെ 35 ശതമാനമാവുകയും വേണം. നിലവില്‍ ഇത് 31 ശതമാനമാണ്.
വിദേശവിനിമയ കരുതല്‍ധനം 64,030 കോടി ഡോളര്‍ (ഏതാണ്ട് 55 ലക്ഷം കോടി രൂപ) ഉള്ളതുകൊണ്ട് 11 മാസത്തെ ഇറക്കുമതിയും 90 ശതമാനത്തോളം വിദേശകടവും കൈകാര്യം ചെയ്യാനാകുമെന്ന് സര്‍വേയില്‍ പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളായ നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ബയോടെക്നോളജി എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തിക്കൊണ്ട് നിര്‍മാണമേഖലയ്ക്ക് കരുത്തുപകരണമെന്നാണ് നിര്‍ദ്ദേശം.
ആഗോളമേഖലയിലെ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിക്കാമെന്നതിനാല്‍ ആഭ്യന്തരവളര്‍ച്ചയ്ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കാന്‍ സാധ്യത. 2030 വരെ പ്രതിവര്‍ഷം 78.5 ലക്ഷം കാര്‍ഷികേതരജോലികള്‍ സൃഷ്ടിക്കണം. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാക്കി മാറ്റും. തൊഴിലാളികളെ കുറച്ച് നിര്‍മിതബുദ്ധിയുടെ സഹായത്താലുണ്ടാക്കുന്ന വരുമാനത്തിന് നികുതി ചുമത്തിയേക്കും സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൂടുതല്‍പ്പേരിലെത്തിക്കുാനും നീക്കമുണ്ടാകും. നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ബയോടെക്നോളജി എന്നിവയില്‍ കൂടുതല്‍ നിക്ഷേപത്തിന് മുന്‍ഗണനയും ബജറ്റിലുണ്ടാകും.