ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉള്‍പ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവര്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

"ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തില്‍ ആറു പേര്‍ ചേര്‍ന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തില്‍ കുടുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടില്‍, താമരയുടെ പ്രതീകാത്മക രൂപത്തില്‍ പുതിയൊരു ചക്രവ്യൂഹം നിര്‍മിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്."-എന്നാണ് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

പരാമര്‍ത്തെ തുടര്‍ന്ന് രാഹുല്‍ ഹിന്ദുമതത്തെ അപമാനിക്കുകയാണെന്ന് പറഞ്ഞ് സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ എന്‍.എസ്.എ ഡോവല്‍, അംബാനി, അദാനി എന്നിവരുടെ പേരുകള്‍ മാത്രം പറയാമെന്നും രാഹുല്‍ വ്യക്തമാക്കി. അല്ലെങ്കില്‍ അദാനി, അംബാനി എന്നതിന് പകരം എ1, എ2 എന്നാക്കാമെന്നും രാഹുല്‍ പരിഹസിച്ചു. ബജറ്റില്‍ ദലിത്-ആദിവാസി വിഭാഗങ്ങളെയും അവഗണിച്ചു. രാജ്യത്തെ ജനങ്ങള്‍ ഭയപ്പാടിലാണ് ജീവിക്കുന്നത്. എല്ലാം കേട്ട് എന്റെ സുഹൃത്തുക്കള്‍ ചിരിക്കുന്നുണ്ടെങ്കില്‍ പേടിയുടെ നിഴലിലാണ് അവര്‍. യുവാക്കള്‍ അഗ്‌നിവീറിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നു. അഗ്‌നിവീറുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെ കുറിച്ച് ബജറ്റില്‍ സൂചിപ്പിക്കുന്നു പോലുമില്ലെന്നും രാഹുല്‍ പാര്‍ലമെന്റിലെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയില്‍ ഒരാള്‍ക്കു മാത്രമേ പ്രധാനമന്ത്രി എന്ന പദവി സ്വപ്നം കാണാന്‍ അവകാശമുള്ളൂ. തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടാല്‍ വലിയ പ്രശ്‌നമാകും. അവിടെ ഭയം ഉറവെടുക്കും. ഈ ഭയമാണ് രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരിക്കല്‍ രാജ്യത്തെ സാധാരണക്കാര്‍ നിങ്ങളുടെ ചക്രവ്യൂഹത്തെ ഭേദിക്കുമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

ബജറ്റിന് മുന്‍പ് ധനമന്ത്രി ഹല്‍വ തയാറാക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതിനെ സ്പീക്കര്‍ എതിര്‍ത്തു. ഭരണഘടനാ പദവിയിലിരിക്കുമ്പോള്‍ സഭാചട്ടങ്ങളെ മാനിക്കണമെന്ന് അദ്ദേഹം രാഹുലിന് നിര്‍ദേശം നല്‍കി. ചിത്രമുയര്‍ത്തുന്നത് ലോക്‌സഭാ ടിവി കാണിച്ചില്ല. പിന്നാലെ പാര്‍ലമെന്റ് നിയമങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ലെന്ന് കിരണ്‍ റിജിജു രംഗത്തെത്തിയതോടെ ലോക്‌സഭയില്‍ കിരണ്‍ റിജിജു -രാഹുല്‍ ഗാന്ധി വാക്ക്‌പോര് ശക്തമായി. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ അമിത് ഷാ പറഞ്ഞപ്പോള്‍ സ്പീക്കര്‍ മിണ്ടാത്തതെന്തെന്ന ചോദ്യവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഉപദേശം പ്രതിപക്ഷ നേതാവിനോട് മാത്രമോ എന്നും ചോദിച്ചു.

അഗ്നിവീര്‍ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധി കാര്‍ഷിക പ്രശ്‌നവും ഉന്നിയിച്ചു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കര്‍ഷകരെ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചില്ല എന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തി. സഭാരീതികളെ മാനിക്കണമെന്ന് നിര്‍ദേശവും സ്പീക്കര്‍ മുന്നോട്ട് വെച്ചു. ജാതി സെന്‍സസിനെ ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്ന് കടുത്ത വിമര്‍ശനമുന്നയിച്ച രാഹുല്‍ ഇന്‍ഡ്യാ സഖ്യം രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും വ്യക്തമാക്കി.