- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് വിളിച്ചിരുന്നില്ല; സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും പരസ്യമായി അധിക്ഷേപിച്ചു; പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയിലും അവഗണന; ജി സുധാകരന് ഉറച്ച മനസ്സില്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനാകാന്‍ സാധ്യത ഏറെ

ആലപ്പുഴ: സി.പി.എം നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന മുന്‍ മന്ത്രി ജി. സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായി. പാര്‍ട്ടി നിലപാടുകള്‍ക്ക് വഴങ്ങില്ലെന്ന കര്‍ക്കശമായ തീരുമാനത്തിലാണ് അദ്ദേഹം. തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരസ്യമായി പ്രഖ്യാപിക്കുമെന്ന് സുധാകരനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടി വിരുദ്ധനാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, വ്യക്തിയെന്ന നിലയില്‍ ജനവിധി തേടാനാണ് അദ്ദേഹത്തിന്റെ നീക്കം. സുധാകരന്‍ മത്സരരംഗത്തിറങ്ങിയാല്‍ ആലപ്പുഴ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും അത് ഇടതുമുന്നണിയുടെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.
അമ്പലപ്പുഴയില്‍ മത്സരിക്കാനുള്ള താല്പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി അത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇതിനിടെ സുധാകരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.എ. ബേബിയും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശനിയാഴ്ച വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി സുധാകരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 'മൗനം ശക്തമാണ്' എന്ന നിലപാടിലാണ് സുധാകരന്‍ ഇപ്പോഴുള്ളത്.
അതേസമയം, സുധാകരന്‍ ഫാക്ടര്‍ അനുകൂലമാക്കാന്‍ യു.ഡി.എഫും കരുതലോടെ നീങ്ങുകയാണ്. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാതെ മാറ്റിവെച്ചിരിക്കുന്നത് സുധാകരന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം ഈ മണ്ഡലം തല്‍ക്കാലം ഒഴിച്ചിട്ടിരിക്കുകയാണ്. സുധാകരന്‍ സ്വതന്ത്രനായി നിന്നാല്‍ പുറമെ നിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് ആലോചന. പി.കെ. ശശിയെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ സുധാകരനും സമാനമായ രീതിയില്‍ നീങ്ങുന്നത് സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സുധാകരന്റെ മനംമാറ്റത്തിനായി പാര്‍ട്ടി ഇനിയും ശ്രമിക്കുമോ അതോ അദ്ദേഹം രാഷ്ട്രീയ അട്ടിമറിക്ക് തുടക്കമിടുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയില്‍ നേരിടുന്ന കടുത്ത അവഗണനയിലും അച്ചടക്ക നടപടികളിലും മനംനൊന്താണ് അദ്ദേഹം ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. രണ്ടു ദിവസത്തിനകം തന്റെ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കും. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി തിരഞ്ഞെടുപ്പ് ഗോദയില്‍ നല്‍കാനാണ് സുധാകരന്റെ നീക്കം. 2021-ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ വീഴ്ചയുടെ പേരില്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയ ഏക നേതാവ് സുധാകരനായിരുന്നു. എച്ച്. സലാം എംഎല്‍എയുടെ പരാതിയില്‍ 22 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് അദ്ദേഹത്തെ വിളിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതും സുധാകരനെ ചൊടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ വിവേചനം: പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഏകനായി എത്തി പുഷ്പാര്‍ച്ചന നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരോക്ഷമായി തന്നെ പരിഹസിച്ചതും അദ്ദേഹം ഗൗരവത്തോടെയാണ് കാണുന്നത്.
തപാല്‍ ബാലറ്റ് വിവാദത്തിലും ടി.ജെ. ആഞ്ചലോസിനെതിരായ നടപടിയിലുമുള്ള സുധാകരന്റെ തുറന്നുപറച്ചിലുകള്‍ ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് സുധാകരന്റെ പക്ഷം. സുധാകരന്‍ സ്വതന്ത്രനായി രംഗത്തെത്തിയാല്‍ അത് അമ്പലപ്പുഴയില്‍ മാത്രമല്ല, ആലപ്പുഴ ജില്ലയിലാകെ ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കും. സുധാകരനെ പിന്തുണച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റിവെച്ചേക്കുമെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നതോടെ അമ്പലപ്പുഴയിലെ പോരാട്ടം പ്രവചനാതീതമാകും.


