തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും, തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ടെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി.യുടെ 'ലക്ഷ്യ-2026' നേതാക്കളുടെ ഉച്ചകോടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജനുവരി അവസാനത്തോടെ ഏതാനും സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ഫെബ്രുവരി മാസത്തോടെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കെ.സി. വേണുഗോപാൽ മാതൃഭൂമി പ്രതിനിധി കെ. പി. ഷൗക്കത്ത് അലിക്ക് അനുവദിച്ച അഭിമുഖത്തിൽ അറിയിച്ചു. സ്ഥാനാർത്ഥി നിർണ്ണയ നടപടികൾക്ക് തുടക്കമിട്ടതായും, മധുസൂദൻ മിശ്രിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി ഉടൻ കേരളത്തിലെത്തി പ്രാഥമിക ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള എതിരാളികളുടെ പ്രചാരണങ്ങളെ തള്ളി, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് വലിയ ഐക്യം പ്രകടിപ്പിക്കുമെന്നും 'ലക്ഷ്യ-2026' ഉച്ചകോടി അതിന് കരുത്ത് പകർന്നിട്ടുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സർക്കാരിനെതിരായ ജനവികാരം പൂർണാർത്ഥത്തിൽ വോട്ടാക്കി മാറ്റുന്നതിനുള്ള തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കാമ്പയിൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ബൂത്ത് തലത്തിൽ കമ്മിറ്റികൾ സജ്ജമാക്കിക്കൊണ്ടും, പാളിച്ചകളും പാകപ്പിഴകളും മറികടന്നുകൊണ്ടും പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിനനുസരിച്ച് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനങ്ങൾ എന്നത് രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെയാണ് കാണുന്നത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പകുതിയോടെ പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ തീര്‍പ്പാക്കി, ജനുവരി 15-ന് ശേഷം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് നീക്കം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രഖ്യാപന കാലതാമസം പ്രചാരണത്തെ ബാധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ നേരത്തെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ കേരള ജാഥയ്ക്ക് മുമ്പ് തീരുമാനം ഉണ്ടാകും. മിക്കവാറും എല്ലാ സറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. മുതിര്‍ന്ന നേതാക്കളെ ജയസാധ്യത പരിഗണിച്ച് സ്ഥാനാര്‍ത്ഥികളാക്കും.

പകുതി സീറ്റുകളില്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തുക എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനൊപ്പം പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

നിലവിലെ എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കുമെങ്കിലും പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പുതിയ പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ തുടങ്ങിയവരുടെ പേരുകള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സജീവമാണെങ്കിലും എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാകും.