- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പില്‍ അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോണ്‍ഗ്രസ് ഊന്നിയത്; മൈക്ക് അനൗണ്‍സ്‌മെന്റുകളില്‍ പോലും ശരണം വിളി മന്ത്രങ്ങള്‍ കൊണ്ട് നിറയക്കാന്‍ ശ്രമിച്ചു; രാജ്യത്തിന്റെ മുമ്പില്‍ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിന്‍ നടത്തുന്നു; 'പോറ്റിയേ കേറ്റിയേ' പാട്ടിനെതിരെ എ എ റഹീം എംപി
'പോറ്റിയേ കേറ്റിയേ' പാട്ടിനെതിരെ എ എ റഹീം എംപി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് വൈറലായ 'പോറ്റിയെ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ...' പാട്ടിനെതിരെ സിപിഎം നേതാവ് എ.എ. റഹീം എം.പി. 'പോറ്റിയേ കേറ്റിയേ..' എന്ന അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോണ്‍ഗ്രസ് ഊന്നിയതെന്നും മൈക്ക് അനൗണ്‍സ്‌മെന്റുകളില്‍ പോലും ശരണം വിളി മന്ത്രങ്ങള്‍ കൊണ്ട് നിറയക്കാന്‍ ശ്രമിക്കുകയാണെന്നും റഹീം ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വികസനത്തില്‍ ഊന്നിയപ്പോള്‍ യുഡിഎഫ് സ്വര്‍ണ്ണപ്പാളി വിഷയത്തിന് പിന്നാലെ പോയെന്നായിരുന്നു റഹീമിന്റെ വാദം.
'ഈ തിരഞ്ഞെടുപ്പിലുടനീളം ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത് ക്ഷേമവും വികസനവും ഇനിയും നടപ്പിലാക്കാന്‍ പോകുന്ന നവകേരളത്തെകുറിച്ചുമാണ്. എന്നാല്‍ അവര്‍ പറയാന്‍ ശ്രമിച്ചത് പൂര്‍ണമായും വിശ്വാസമാണ്. കോണ്‍ഗ്രസ് സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട അയ്യപ്പ പാരഡി പാട്ടിലാണ് ഊന്നിയത്. മൈക്ക് അനൗണ്‍സ്‌മെന്റുകളില്‍ പോലും ശരണം വിളി മന്ത്രങ്ങള്‍ കൊണ്ട് നിറക്കാന്‍ ശ്രമിക്കുകയാണ്.
ഇടതു മുന്നണിയല്ല ഭരിച്ചിരുന്നത് എങ്കില്‍, ഇത്തരം ഒരു സന്ദര്‍ഭം കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഉണ്ടായാല്‍ സത്യസന്ധമായ അന്വേഷണം നടക്കുമോ കേരളത്തില്‍ ഇപ്പോള്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ സിപിഎം എടുത്ത ഒരു നിലപാടുണ്ട്. ഗവണ്‍മെന്റ് ഒരു കുറ്റവാളിയെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. ദേ ഈ നിമിഷം വരെ എസ്‌ഐടിയുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഹൈക്കോടതി എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഒരല്പമെങ്കിലും പക്ഷപാതിത്വം ഉണ്ടെന്ന ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ഒരു സംശയം പോലും ഉന്നയിച്ചിട്ടില്ല. ഈ ഗവണ്‍മെന്റിന്റെ കീഴിലുള്ള എസ്‌ഐടിയെ പൂര്‍ണമായി വിശ്വാസത്തിടുത്താണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ ഒരു കാര്യം യുഡിഎഫിന്റെ ഭരണകാലത്താണെങ്കില്‍ പ്രതീക്ഷിക്കാന്‍ പറ്റുമോ?
ഞങ്ങള്‍ നടത്തിയ വികസനത്തെകുറിച്ചോ നടപ്പിലാക്കാന്‍ പോകുന്ന വികസന പദ്ധതികളെകുറിച്ചോ കോണ്‍ഗ്രസിന് ഒരു അഭിപ്രായവും പറയാനില്ല. കോണ്‍ഗ്രസ് ഇന്നെടുത്ത സമീപനം എന്താ ഇന്ന് പാര്‍ലമെന്റിന്റെ മുമ്പില്‍ നിന്ന് കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ ഈ പാട്ടു പാടുകയാണ്. പാര്‍ലമെന്റിന്റെ മുമ്പില്‍ ഈ കേരളം മഹാകുഴപ്പമാണെന്നും കേരളത്തില്‍ മഹാ കുഴപ്പമാണെന്നും വരുത്തിത്തീര്‍ക്കുന്നു. രാജ്യത്തിന്റെ മുമ്പില്‍ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിന്‍ നടത്തുന്നത് സാധാരണ ബിജെപി ആണ്. ഇപ്പോള്‍ ആ ബിജെപിയുടെ ചുവട് പിടിച്ച് പാര്‍ലമെന്റിന്റെ മുമ്പില്‍ നിന്ന് ഇവര്‍ പാട്ടുപാടുകയാണ്. എന്താണ് അവര്‍ ആവശ്യപ്പെടുന്നത് സെന്‍ട്രല്‍ ഏജന്‍സി വരണമെന്നാണ്. സെന്‍ട്രല്‍ ഏജന്‍സികളെ എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കാന്‍ തുടങ്ങിയത് എന്ത് ഇരട്ടത്താപ്പാണ് കോണ്‍ഗ്രസ് എടുക്കുന്നത്
ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ഞങ്ങള്‍ മുഖപ്രസംഗം എഴുതിയ ഘട്ടം ഏതാണ് അത് ഒരു ഗ്ലോബല്‍ ഇഷ്യൂവില്‍ അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവര്‍ സ്വീകരിച്ച സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ ആ നിലപാട് സ്വീകരിച്ചത്. നിങ്ങളുടെ സഹായത്തിലല്ലേ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്' -റഹീം ചോദിച്ചു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈഗാനത്തിന് പിന്നിലെ അണിയറക്കാരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. നാല് പതിറ്റാണ്ടായി ഖത്തര്‍ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ'... എന്ന പാട്ടിന്റെ വരികള്‍ എഴുതിയത്. അദ്ദേഹം എഴുതിയ വരികള്‍, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നല്‍കുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടര്‍ന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈര്‍ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസര്‍ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.
ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം ശബരിമല അടക്കം ജനവിരുദ്ധമായ ഇടതു സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായ തിരിച്ചടിയാണെന്നും ആ നിലപാടുകള്‍ തിരുത്താന്‍ അവര്‍ സന്നദ്ധമാകണമെന്നും ഇടതുപക്ഷക്കാര്‍ തന്നെ പിണറായിസത്തിനെതിരെ രംഗത്തുവന്നെന്നും അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് പങ്കുവെച്ചു. നാട്ടില്‍നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുടര്‍ച്ചയായി വിളിച്ച് സന്തോഷങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഓരോ വാര്‍ഡിലും ഓരോ സ്ഥാനാര്‍ഥികള്‍ക്കായി പാരഡി ഗാനങ്ങള്‍ പാര്‍ട്ടികളും മുന്നണികളും അവതരിപ്പിക്കാറുണ്ട്. നാട്ടിലെ വികസന നേട്ടങ്ങളും അഴിമതികള്‍ എന്നിവ അവതരിപ്പിച്ചും മുന്നണിയുടെയും സ്ഥാനാര്‍ഥിയുടെയും വാഗ്ദാനങ്ങള്‍ പറഞ്ഞും പുറത്തിറങ്ങുന്ന പാരഡി ഗാനങ്ങള്‍ വോട്ടര്‍മാരില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലും സോഷ്യല്‍ മീഡിയകളിലൂടെയും ഇവ ജനങ്ങളിലെത്തിച്ച് ഓളമുണ്ടാക്കുകയാണ് സാധാരണ മുന്നണികള്‍ ചെയ്യാറുള്ളത്. എന്നാല്‍, ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളക്കരായാകെ ഏറ്റുപാടിയ ഗാനമായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ ഇറങ്ങിയ 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...' എന്ന ഗാനം.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പാക്കി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നും പറയുന്ന ഈ പാട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ഇപ്പോഴും ഷെയര്‍ ചെയ്യുന്നത്.




