കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ കുറ്റം പറയുന്നവരെ വിമര്‍ശിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. 'കാന്തപുരം പറഞ്ഞതും മുന്നണികള്‍ കേട്ടതും' എന്ന തലക്കെട്ടില്‍ ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ദീര്‍ഘമായ ലേഖനത്തിലാണ് കാന്തപുരത്തിനെ മുക്തകണ്ഠം പ്രശംസിച്ചും കാന്തപുരത്തെ വിമര്‍ശിക്കുന്ന മുസ്‌ലിം സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിച്ചും അബ്ദുല്ലക്കുട്ടി രംഗത്തെത്തിയത്.

'ഭാരതത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണ് എന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയാണല്ലോ ഇപ്പോഴത്തെ വിവാദം. പ്രധാന മന്തിയെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം ഉസ്താദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്: 'ഇന്ത്യന്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണ്, എന്ന് മാത്രമല്ല കേന്ദ്ര സര്ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്ത് മുന്നോട്ട് പോകും'. ഈ പ്രസ്താവന വളരെ കൃത്യവും വ്യക്തവും പോസിറ്റീവും ആണ്'- ലേഖനത്തിന്റെ ആദ്യ ഖണ്ഡികയില്‍ തന്നെ അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. കാന്തപുരത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കടുത്ത വിമര്‍ശനമാണ് ബിജെപി നേതാവ് നടത്തുന്നത്.

ജമാഅത്തെ ഇസ്ലാമി സ്വാധീനത്തിന്റെ ഫലമായിരിക്കും വി.ഡി. സതീശന്റെ ഈ നിലപാട്. സബ് കാ സാഥ്, സബ് കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തെ അന്വര്‍ഥമാക്കുന്ന ഭരണമാണ് നിലനില്‍ക്കുന്നത്. അതിനുള്ള ഏറ്റവും നല്ല അംഗീകാരമാണ് കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ എ.പി. അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് ഉണ്ടായത്. പക്ഷേ, കേരളത്തിലെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ നേതൃത്വത്തില്‍ എസ്ഡിപിഐക്കാരും എല്‍ഡിഎഫിലെയും യുഡിഎഫിലെയും ചില നേതാക്കളും മാത്രമാണ് നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ മുസ്‌ലിംകളെ വേട്ടയാടുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് '- അബ്ദുല്ലക്കുട്ടി തുടര്‍ന്നു.

'കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ളത് സുന്നി പ്രസ്ഥാനങ്ങള്‍ ആണ്. പൊതുവെ ഇകെ, എപി എന്നാണ് ഇവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വിളിക്കപ്പെടുന്നത്. കേരളത്തിലെ മുസ്‌ലിംകളിലെ 90 ശതമാനവും ഈ സുന്നി സംഘടനകളുടെ നിയന്ത്രണത്തിലാണ്. അവരാണ് ഔദ്യോഗിക വിഭാഗം. അവരാണ് ആധികാരിക വിഭാഗം. പക്ഷേ കേരളത്തില്‍ ഉള്ള പൊതുബോധം, മുസ്‌ലിംകളിലെ ഉല്‍പതിഷ്ണുക്കള്‍, പുരോഗമനവാദികള്‍ മുജാഹിദാണ്, സലഫിയാണ്, ജമാഅത്താണ് എന്നുള്ളതാണ്.

സുന്നികള്‍ പഴഞ്ചന്‍മാരും യാഥാസ്ഥികരും ആണ് എന്നാണ് പ്രചാരണം. ഇത് ശരിയാണോ എന്ന് പ്രബുദ്ധ കേരളം പുനരവലോകനം ചെയ്യണം. കൗതുകകരമായ കാര്യം, കേരളത്തിലെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും മുസ്‌ലിം ലീഗിലെയും പ്രമുഖ നേതാക്കള്‍ എല്ലാം സുന്നി വിരുദ്ധന്‍മാരാണ് എന്നുള്ളതാണ്. പലരും മുജാഹിദ്, സലഫി, ജമാഅത്ത് വിഭാഗത്തിനോട് ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ്. സത്യത്തില്‍ സുന്നി വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെയും സൗന്ദര്യ പിണക്കത്തിന്റെയും അടിസ്ഥാന കാര്യങ്ങള്‍ പോലും ലീഗിലെ പ്രമാണിമാരായ നേതാക്കള്‍ എല്ലാം മുജാഹിദ്, സലഫി വിഭാഗം ആയതാണ്' - അബ്ദുല്ലക്കുട്ടി തുടര്‍ന്നു.

'ദേശസ്‌നേഹം ഈമാന്റെ ഭാഗമാണ് എന്ന് സുന്നികളുടെ മദ്‌റസയില്‍ പഠിച്ച വിദ്യാര്‍ഥിയാണ് ഈയുള്ളവന്‍. കേരളത്തിലെ മുസ്ലിം സംഘടനകളെ കുറിച്ച് ഒരു പുനര്‍വിചിന്തനവും പഠനവും ആവശ്യമാണ്. ഈ ഗുരുതരമായ വിഷയത്തെ കുറിച്ച് ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യാന്‍ മതേതര കേരളം തയാറാവണം' - അബ്ദുല്ലക്കുട്ടി എഴുതി.