പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസിനെതിരെ ആരോപണവുമായി പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍. പ്രതികളെ പിടികൂടാത്തത് അവര്‍ക്ക് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ടാണെന്നാണ് തങ്കപ്പന്റെ ആരോപണം. പ്രതികളായ 15 പേരില്‍ 14 പേരും ബിജെപി അനുഭാവികളാണെന്നും ഒരാള്‍ സിപിഎം അനുഭാവിയെന്നും എ. തങ്കപ്പന്‍ പറഞ്ഞു.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടികൂടിയതെന്നാണ് എ. തങ്കപ്പന്റെ ആരോപണം. പൊലീസ് ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം കൊടുത്തെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് 31കാരനായ രാംനാരായണന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ക്രൂര പീഡനത്തിന്റെ വിവരങ്ങളാണ് അന്വേഷണത്തില്‍ പുറത്ത് വന്നത്. രാംനാരായണന്റെ ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരു സ്ഥലം പോലുമില്ലായിരുന്നു. 15 പേര്‍ ചേര്‍ന്നാണ് രാംനാരായണനെ രണ്ട് മണിക്കൂറോളം പൊതിരെ തല്ലിയത്. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആക്രമണം നടത്തിയവരില്‍ ചിലര്‍ നാടുവിട്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസില്‍ നിന്ന് കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൂടുതല്‍ പേരുടെ മൊഴികള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പൊലീസ് പറയുന്നു.

രാം നാരാണയന്റെ ദേഹം മുഴുവന്‍ അടികൊണ്ട പാടുകളാണ്. പുറം മുഴുവന്‍ വടികൊണ്ട് അടിച്ച പാടുകള്‍, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്ക്. ഒരാളെ മര്‍ദിച്ച് കൊല്ലാനുള്ള കാരണമായി നാട്ടുകാര്‍ പറഞ്ഞത്, അയാളെ കണ്ടപ്പോള്‍ കള്ളനാണെന്ന് തോന്നി എന്നാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.ആക്രമണവുമായി ബന്ധപ്പെട്ട് നിലവില്‍ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.