- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയെ കാണാന്‍ പോയത് പ്രസാദം നല്കാന്; കൂടെ പോയത് മണ്ഡലത്തിലെ വോട്ടര്‍ ആയതുകൊണ്ട്; സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല; ജോണ്‍ ബ്രിട്ടാസും- പോറ്റിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ പ്രകാശ്
ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയെ കാണാന്‍ പോയത് പ്രസാദം നല്കാന്; കൂടെ പോയത് മണ്ഡലത്തിലെ വോട്ടര്‍ ആയതുകൊണ്ട്; സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല; ജോണ്‍ ബ്രിട്ടാസും- പോറ്റിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ പ്രകാശ്
പാലക്കാട്: ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല. തന്റെ മണ്ഡലത്തില്‍ ഉള്ള വോട്ടര്‍ ആയതുകൊണ്ടാണ് പോറ്റിയുടെ കൂടെ പോയത് എന്നും കാട്ടുകള്ളന്‍ ആണെന്ന് അറിയില്ലായിരുന്നു എന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ അടൂര്‍ പ്രകാശ് ആരോപണമുയര്‍ത്തി. എസ്‌ഐടി ജോണ്‍ ബ്രിട്ടാസും- പോറ്റിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ഇടയില്‍ 'പാലമായി' നില്‍ക്കുന്ന ആളുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇത് പരിശോധിക്കണം. എല്ലാ ഫോണ്‍ രേഖകളും എസ്‌ഐടി പരിശോധിക്കണം. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
ലീഗിന്റെ അധിക സീറ്റ് ആവശ്യത്തില്‍ മുന്നണിയിലെ കക്ഷി എന്ന നിലയ്ക്ക് ലീഗിന് അധിക സീറ്റ് ചോദിക്കാമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എംപിമാരുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പിണറായി വിജയന്‍ എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് സിപിഐഎമ്മില്‍ നടപ്പിലാക്കുന്നത്. ജനാധിപത്യപരമായല്ല കാര്യങ്ങള്‍ നടക്കുന്നത്. ഏകാധിപത്യമാണ് നിലനില്‍ക്കുന്നത്. യുഡിഎഫ് 100 സീറ്റില്‍ അധികം നേടി അധികാരത്തില്‍ വരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നേരത്തെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. തന്നെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. എന്നാല്‍ ആരും തന്നെ വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇതെന്നാണ് തോന്നുന്നുതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ല. ഏത് അവസരത്തില്‍ ആവശ്യപ്പെട്ടാലും എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുമാണ്. ഏതെങ്കിലും അവസരത്തില്‍ എസ്‌ഐടി വിളിച്ചാല്‍, മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കില്‍ താന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെക്കൂടി അറിയിച്ച ശേഷമേ എസ്‌ഐടിക്കു മുന്നില്‍ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് യാതൊരു ഭയവും ആശങ്കയുമില്ല. എവിടേയും ഒളിച്ചോടി പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ താന്‍ ആര്‍ക്കും അപ്പോയിന്‍മെന്റ് എടുത്തുകൊടുത്തിട്ടില്ല. ആര്‍ക്കും പരിശോധിക്കാവുന്നതാണ്. കൊള്ളക്കാരന്‍ ആണെന്ന് അറിഞ്ഞു കൊണ്ടല്ല പോറ്റിയെ കണ്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചപ്പോള്‍ പോയെന്നു മാത്രം. ബാക്കി കാര്യങ്ങളെല്ലാം എസ്ഐടിക്കു മുന്നില്‍ വെളിപ്പെടുത്തുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.




