- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; 'ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്‍എ
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി
കൊട്ടാരക്കര: കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത വിവാദമാകുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി രംഗത്ത്. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് പങ്കെടുക്കുന്നതെന്നും പാര്‍ട്ടി പരിപാടിയിലല്ലെന്നും അയിഷ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു. ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കുകയാണ് മാത്രമാണ് തന്റെ കര്‍ത്തവ്യമെന്നും അവര്‍ തുറന്നു പറഞ്ഞു.
മുമ്പ് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാലിന് ചികിത്സ വേണ്ടി വന്നപ്പോള്‍ തനിക്ക് പകരം പുതിയ ആളുകളെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രഫഷണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു തന്റെ തീരുമാനം. മുഴുവന്‍ സമയ പ്രാക്ടീസ് നടത്തിയിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഭര്‍ത്താവും പാര്‍ട്ടി തീരുമാനത്തെ പിന്തുണച്ചു. അധികാരം മോഹിച്ച് രാഷ്ട്രീയത്തിലേക്ക് വന്നതല്ല.
പ്രവര്‍ത്തിക്കാന്‍ അസൗകര്യം നേരിട്ടതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എം.എല്‍.എ എന്ന നിലയില്‍ പോകുന്നത് പോലെ പിന്നീട് ഓടിയെത്താന്‍ സാധിക്കാതെ വന്നു. മറ്റ് പാര്‍ട്ടികള്‍ പോലെയല്ല സി.പി.എം. പല സ്ഥലങ്ങളില്‍ നടക്കുന്ന നിരവധി കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടി വരും. അത് തനിക്ക് വളരെ ബുദ്ധിമുട്ടായതോടെ വിവരം കെ.എന്‍. ബാലഗോപാല്‍ അടക്കമുള്ളവരോട് തുറന്നു പറഞ്ഞിരുന്നു. തന്റെ ആവശ്യ പ്രകാരമാണ് ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. 21 വര്‍ഷമായി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്നു.
പാര്‍ട്ടി ചുമതലകള്‍ വഹിക്കാന്‍ പ്രാപ്തരായ നിരവധി വനിതകള്‍ പാര്‍ട്ടിയിലുണ്ട്. എല്ലാവരും എക്കാലവും ചുമതല വഹിക്കണമെന്നില്ല. പുതിയ ആളുകള്‍ കടന്നുവരണം. ഇപ്പോഴും പൊതുജനത്തോടൊപ്പം ഉണ്ട്. ക്ഷണിക്കാതെ വലിഞ്ഞു കയറി ഒരു പരിപാടിയിലും പോകേണ്ട കാര്യമില്ല. നോട്ടീസില്‍ പേരില്ലാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുമെന്നും അതിനോട് താല്‍പര്യമില്ലെന്നും അയിഷ പോറ്റി പറഞ്ഞു.
തനിക്ക് റോളില്ലാത്ത സ്ഥലത്ത്, ജനപ്രതിനിധിയോ അധികാരമോ ഇല്ലാത്ത സാഹചര്യത്തില്‍ പോകേണ്ട കാര്യമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി കുടുംബത്തോടൊപ്പം ഇരിക്കാന്‍ ബന്ധുക്കളും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു. കുടുംബശ്രീ ക്ലാസ് എടുക്കാനടക്കം പൊതുപരിപാടികളില്‍ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാക്കളോടും അതൃപ്തിയില്ലെന്നും അയിഷ പോറ്റി കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം മുന്‍ എംഎല്‍എ അയിഷ പോറ്റി പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് അയിഷ പോറ്റി പങ്കെടുക്കുന്നത്. സി.പി.എമ്മുമായി അകലം പാലിക്കുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്ത മുന്‍ എം.എല്‍.എ പി. അയിഷ പോറ്റി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുവെന്നത് വലിയ വാര്‍ത്തക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷ പോറ്റി പങ്കെടുക്കുന്നത്.
വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടി കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം അയിഷ പോറ്റി നടത്തും. ചാണ്ടി ഉമ്മന്‍ എം.എല്‍.എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പി. അയിഷ പോറ്റിയെ രംഗത്തിറക്കിയാണ് സി.പി.എം ആര്‍. ബാലകൃഷ്ണപിള്ളയില്‍ നിന്ന് കൊട്ടാരക്കര മണ്ഡലം തിരിച്ചുപിടിച്ചത്. 2011ലും 2016 ലും അയിഷ പോറ്റിയിലൂടെ സി.പി.എം മണ്ഡലം നിലനിര്‍ത്തി. മണ്ഡലം പിടിച്ചെടുത്ത അയിഷ പോറ്റി രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്.
2006ല്‍ 12,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അയിഷ പോറ്റി ബാലകൃഷ്ണപിള്ളയുടെ കുതിപ്പിന് തടയിട്ടത്. 2011ല്‍ കേരള കോണ്‍ഗ്രസ് ബിയിലെ ഡോ. എന്‍. മുരളിയെ 20,592 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016ല്‍ 42,632 വോട്ടിന് കോണ്‍ഗ്രസിലെ സവിന്‍ സത്യനെ തോല്‍പിച്ച അയിഷ പോറ്റി മൂന്നാം തവണയും നിയമസഭാംഗമായി.
നേരത്തെ, കോണ്‍ഗ്രസ് വേദിയില്‍ സിപിഎം നേതാവ് പികെ ശശി പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. മണ്ണാര്‍ക്കാട് മേഖലയില്‍ പി കെ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം നേരത്തെ തുടങ്ങിയതാണ്. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് ഇതിന് ഒരല്‍പ്പം ശമനമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ല. പാര്‍ട്ടി പദവിയിലേക്ക് ശശിയെ തിരിച്ചെടുത്തതോടെ വീണ്ടും പ്രശ്‌നം രൂക്ഷമായി. അതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി ശശി എത്തിയത്.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ഇടഞ്ഞുനില്‍ക്കുന്ന സിപിഎം നേതാക്കളെ തങ്ങളുടെ പക്ഷത്താക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് നടത്തുന്നുണ്ട് എന്ന വാദങ്ങള്‍ ഇതോടെ ശക്തമായി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തെയും തിരികെ കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്. 2026ല്‍ വരാന്‍പോകുന്ന ഇലക്ഷന്‍ ലക്ഷ്യം വച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന സംഘടന വിപുലീകരത്തിന്റെ ഭാഗമായുള്ള നീക്കങ്ങളാണിവയെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്.