- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎം ശ്രീയില്‍ മഞ്ഞുരുകുന്നില്ല; അനുനയത്തിനില്ലാതെ സിപിഐ യുവജന സംഘടന; 'ശിവന്‍കുട്ടിയെ തെരുവില്‍ നേരിടും, രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഞങ്ങളിറങ്ങി തിരിക്കും'മെന്ന് എഐവൈഎഫ് നേതാക്കള്‍; പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി
പിഎം ശ്രീയില്‍ മഞ്ഞുരുകുന്നില്ല;
തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സിപിഐയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ പാളുന്നു. സിപഐയുടെ യുവജന സംഘടനകള്‍ സര്‍ക്കാറിനെതിരെ പരസ്യമായി തെരുവില്‍ വന്നതോടെ വിഷയം കൂടുതല്‍ വഷളാകുകയാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സിപിഐ, സിപിഎം നേതാക്കള്‍ തമ്മില്‍ കൂടിക്കണ്ടെങ്കിലും പ്രശ്‌നം തീരുന്നതിന്റെ ലക്ഷണമില്ല.
വിഷയത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി സിപിഐ യുവജന സംഘടനകള്‍ പരസ്യപോരിലാണ്. ഇതോടെ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏകപക്ഷീയ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് പോയാല്‍ കേരളത്തിന്റെ തെരുവില്‍ മന്ത്രിയെ നേരിടുമെന്ന് എഐവൈഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
'കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. ഒരു പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ചരിത്രത്തിലില്ലാത്ത നിലയില്‍ പോലീസ് ജലപീരങ്കി പതിച്ചു. ആര്‍എസ്എസുകാരാണ് ഇത് നിയന്ത്രിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സമരം ചെയ്യും. അടിച്ചമര്‍ത്താന്‍ നോക്കേണ്ട. പിഎം ശ്രീ എന്ന പദ്ധതി കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സിപിഐക്കും അതിന്റെ യുവജന സംഘടനകള്‍ക്കും ഒരേ നിലപാടാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയതാണ്. യോഗത്തില്‍ എബിവിപി ഒഴിച്ച് എല്ലാ വിദ്യാര്‍ഥി സംഘടനകളും പിഎം ശ്രീ പറ്റില്ലെന്ന് നിലപാടെടുത്തു. ഞാനീ കസേരയില്‍ ഇരിക്കുന്ന കാലത്തോളം ഇത് നടപ്പാക്കാന്‍ പറ്റില്ലെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ഇന്നലെ അദ്ദേഹം നിലപാട് മാറ്റാന്‍ പറ്റാത്തതാണോ എന്ന് പത്രസമ്മേളനത്തില്‍ ചോദിക്കുകയുണ്ടായി.പിഎം ശ്രീയില്‍നിന്ന് പുറകോട്ട് പോയില്ലെങ്കില്‍ രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഞങ്ങളിറങ്ങി തിരിക്കും' സിപിഐയുടെ യുവജന സംഘടനാ നേതാക്കള്‍ പറഞ്ഞു.
പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും കോലം കത്തിച്ചു.
പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സിപിഎം സിപിഐ നേതാക്കളെ അനുയയിപ്പിക്കുന്നതിനിടെയാണ് സമരങ്ങളും പ്രതിഷേധവും. സര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഞ്ഞടിച്ചിരുന്നു. ഇതെന്ത് സര്‍ക്കാരാണ് എന്നടക്കമുള്ള രൂക്ഷ പ്രതികരണമാണ് നടത്തിയിരുന്നത്. ഇതിന് പിന്നാലെ ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ സന്ദര്‍ശിക്കുകയുണ്ടായി.
എം എന്‍ സ്മാരകത്തില്‍ ബിനോയ് വിശ്വവുമായും മന്ത്രി ജി.അനിലുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ഈ നേതാക്കള്‍ക്കൊപ്പമുള്ള ചിരിക്കുന്ന ചിത്രം വി.ശിവന്‍കുട്ടി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൂടിക്കാഴ്ച്ചയിലും മഞ്ഞുരുകില്ലെന്നാണ് സൂചന.
അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും രംഗത്തുവന്നിരുന്നു. പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളറിയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം. അര മണിക്കൂറോളം ഇരു ഇടത് നേതാക്കളും ചര്‍ച്ച നടത്തി.
നിലവിലെ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തെ സഹായിക്കുമെന്നും, ഇത് എങ്ങനെ പരിഹരിക്കണം എന്നത് അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി
'വര്‍ഗീയവല്‍ക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവല്‍ക്കരണം, വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഈ മൂന്ന് കാര്യങ്ങളും അനുവദിച്ചുകൂടാ എന്നുള്ളതാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. ഈ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് രാജയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും എതിരായിട്ടുള്ള ഉറച്ച നിലപാട് സ്വീകരിക്കാനും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഘടനക്കുള്ളില്‍ നിന്നുകൊണ്ട് ഇത് നടപ്പാക്കാനും ഇരു പാര്‍ട്ടികളും ശ്രമിക്കും' സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെയുള്ള മറ്റു വിദ്യാഭ്യാസ പദ്ധതികള്‍ക്കുമുള്ള സാമ്പത്തിക സഹായം കേന്ദ്രം കണ്ണില്‍ ചോരയില്ലാതെ നിഷേധിക്കുകയാണ്. ഇതിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മനസ്സിലാക്കുന്നത്, ഇത് മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും ബേബി പറഞ്ഞു.
പിഎം ശ്രീ പോലുള്ള കരാറുകളില്‍ ഒപ്പിട്ടാലും അത് നടപ്പാക്കുമ്പോള്‍ കേരളത്തിന് അതിന്റെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്ന് പറഞ്ഞ ബേബി പിഎം ഉഷ പദ്ധതി ഉദാഹാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ഒപ്പിടുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയതയുടെ പിടിയില്‍ പെടാതെ തടുത്തു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയും. പാഠപുസ്തകങ്ങളിലൂടെ വര്‍ഗീയവല്‍ക്കരണം കടന്നുകൂടിയിട്ടില്ല എന്ന അനുഭവ സമ്പത്ത് സിപിഎമ്മിനുണ്ടെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.




