- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള എന്റെ അതിരുകടന്ന പ്രയോഗത്തിന് കയ്യടിയും വിമര്‍ശനവും കിട്ടിയിട്ടുണ്ട്; കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി; പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്, മാറ്റമില്ല: എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എ കെ ബാലന്‍
എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എ കെ ബാലന്‍
കൊച്ചി: എസ്.എഫ്.ഐ കാലത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുള്ള എ.കെ. ബാലന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. 1972-ലെ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ജി. സുധാകരനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സംസ്ഥാന കമ്മിറ്റി പാനലില്‍ നിന്ന് തന്നെ ഒഴിവാക്കിയ കാര്യം ബാലന്‍ ഓര്‍ത്തെടുക്കുന്നു. അന്നത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ശ്രദ്ധേയരായ വ്യക്തികളായിരുന്നു സി. ഭാസ്‌കരനും ജി. സുധാകരനും. പിന്നീട് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ മന്ത്രിസഭകളില്‍ താനും സുധാകരനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, അന്ന് വലിയ വ്യക്തിബന്ധം നിലനിന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലം തന്നില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും, ജി. സുധാകരനില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, അവിടുത്തെ എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ബാലന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാകുന്നത്. പി. ജയരാജനും പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ പ്രസീഡിയത്തിലുണ്ടായിരുന്ന ആ സമ്മേളനത്തില്‍, സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു. സമ്മേളനത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ തന്റെ പ്രസംഗത്തില്‍ ജി. സുധാകരനെതിരെ ചില പരാമര്‍ശങ്ങളുണ്ടായെന്നും, ഇത് സംസ്ഥാന കമ്മിറ്റിയിലെ പുതിയ പാനലില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ കാരണമായെന്നും ബാലന്‍ വ്യക്തമാക്കുന്നു.
തന്റെ പ്രയോഗങ്ങള്‍ക്ക് അന്ന് കയ്യടി ലഭിച്ചതായും എന്നാല്‍ അത് അതിരുവിട്ട പ്രയോഗമായിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും അദ്ദേഹം പറയുന്നു. സമ്മേളനം കഴിഞ്ഞ് പിരിയുന്നതിന് മുമ്പ് ജി. സുധാകരനെ കണ്ട്, 'അടുത്ത സമ്മേളനത്തില്‍ എന്നെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പറ്റാത്ത സ്ഥാനം വഹിച്ചുകൊണ്ട് ഞാന്‍ വരും' എന്ന് പറഞ്ഞതായും അദ്ദേഹം ഓര്‍ക്കുന്നു. അന്നത്തെ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസിഡന്റായും ജി. സുധാകരന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1973-ല്‍ താന്‍ ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് 1973-ല്‍ എസ്.എഫ്.ഐ.യുടെ നാലാം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നത്. അന്ന് കേവലം നാലോ അഞ്ചോ കോളേജുകളില്‍ മാത്രമാണ് എസ്.എഫ്.ഐ.ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നത്.
'സുധാകരനെ ഞാനിപ്പോഴും ബഹുമാനിക്കുന്നു. വി എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ് ; മാറ്റമില്ല.'-ഇങ്ങനെയാണ് എ കെ ബാലന്റെ പോസ്റ്റ് അവസാനിക്കുന്നത്.
എ കെ ബാലന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:
കെ എസ് എഫ് ഇ ഓഫീസേഴ്സ് യൂണിയന്‍ പതിനെട്ടാം സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 11,12 തീയതികളില്‍ കോട്ടയത്ത് ചേരുകയുണ്ടായി.
രണ്ട് വര്‍ഷത്തിലൊരിക്കലാണ് സമ്മേളനം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു. ഈ സമ്മേളനവും എന്നെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ എന്റെ പഴയ സുഹൃത്ത് കോട്ടയത്തെ ഷാജുലാല്‍ കാണാന്‍ വന്നു. കുറച്ചു സമയം ഡയസ്സിലിരുന്ന് പഴയ ഓര്‍മ്മകള്‍ പങ്കിട്ടു.
52 വര്‍ഷം മുമ്പ്, 1972ല്‍ കോട്ടയത്ത് വച്ചായിരുന്നു എസ് എഫ് ഐയുടെ രണ്ടാം സംസ്ഥാന സമ്മേളനം. ആ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ രാമകൃഷ്ണനും സെക്രട്ടറി ഷാജുലാലുമായിരുന്നു. ഷാജുലാല്‍ അന്ന് നന്നേ ചെറുപ്പം, പ്രീ ഡിഗ്രി കഴിഞ്ഞ ഘട്ടം, നല്ല പ്രസരിപ്പുള്ള ചെറുപ്പക്കാരന്‍. ആരും ശ്രദ്ധിക്കും. കാലം കുറെ കഴിഞ്ഞെങ്കിലും ഇന്നും കര്‍മരംഗത്ത് സജീവമാണ്. ഇപ്പോള്‍ ഒരു ചെറുകിട വ്യവസായിയാണ്. കുറച്ച് കള്ളുഷാപ്പും ഒരു ഹൗസ് ബോട്ടുമുണ്ട്. 17 ഏക്കര്‍ നെല്‍ കൃഷിയുമുണ്ട്. ഭേദപ്പെട്ട വരുമാനം. പക്ഷെ പഴയതൊന്നും മറന്നിട്ടില്ല; പ്രത്യേകിച്ച് പഴയ സഖാക്കളെ.
എന്നോട് ചോദിച്ചു, 'പാലക്കാട് വന്നതിനു ശേഷം കൃഷിക്കാരനായിട്ടില്ലേ?'.
'ഇല്ല, പാലക്കാട്ടെ കര്‍ഷകരുടെ മനസ്സ് തൊട്ടറിഞ്ഞ ശേഷം വലിയൊരു സ്വപ്നമായിരുന്നു നല്ലൊരു കൃഷിക്കാരനാവുകയെന്നത്. നാദാപുരത്ത് അച്ഛന്‍ അദ്ധ്വാനിച്ച് വാങ്ങിയ 20 സെന്റ് സ്ഥലവും ചെറിയ വീടും കുടുംബസ്വത്താണ്. മറ്റൊന്നുമില്ല. ഭാര്യയുടെ അച്ഛന്‍ മരിച്ച ശേഷം ചെങ്ങന്നൂരിലെ 90 സെന്റ് സ്ഥലം, രണ്ട് പേര്‍ക്ക് അവകാശപ്പെട്ടത്, വിറ്റു. പലര്‍ക്കും വായ്പയായി കൊടുത്തു. ചിലര്‍ തിരിച്ചുതന്നു, ചിലര്‍ തന്നില്ല. ചിലര്‍ മരണപ്പെട്ടു. ഭാര്യക്ക് പാലക്കാട്ട് 15 സെന്റ് സ്ഥലവും വീടുമുണ്ട്. ഇനി കൃഷിക്കാരനാകാന്‍ ആഗ്രഹിച്ചിട്ട് കാര്യമില്ല. ഭാര്യയുടെ അമ്മയുടെ പേരില്‍ ആലത്തൂരില്‍ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഇന്ത്യ-ചൈന യുദ്ധസമയത്ത് 1962 ല്‍, 63 വര്‍ഷം മുമ്പ് ഭാര്യാപിതാവ് സഖാവ് പി കെ കുഞ്ഞച്ചന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു വര്‍ഷം തടവുകാരനായിരുന്ന ഘട്ടത്തില്‍ സഹ തടവുകാരനായ ആലത്തൂര്‍ ആര്‍ കൃഷ്ണന്‍ മുഖേന വാങ്ങിയ സ്ഥലമാണ്. ഇപ്പോള്‍ ഫോറസ്റ്റ് കൊണ്ടുപോയി. കേസാണ്. അതിലൊരു വരുമാനവുമില്ല, ഞാനൊന്നും ശ്രദ്ധിച്ചുമില്ല.'. മറുപടി പൂര്‍ത്തിയാക്കും മുമ്പ് ഷാജുലാല്‍ പറഞ്ഞു, 'ഈ ചരിത്രം എനിക്ക് നന്നായറിയാം. ശ്രദ്ധിക്കാത്തതുകൊണ്ടല്ലേ ഉള്ള സ്ഥലവും പോയത്?'.
ഞങ്ങള്‍ പഴയകാല വിദ്യാര്‍ത്ഥിജീവിതത്തിലേക്ക് കടന്നു. തുടക്കം മുതല്‍ ഇതുവരെയുള്ള സംഭവങ്ങളും വൈകാരികമായി പറഞ്ഞുപോയി. കോട്ടയം സമ്മേളനത്തെക്കുറിച്ച്. എസ് എഫ് ഐയുടെ വളര്‍ച്ചയുടെ ഘട്ടം. സംഘര്‍ഷഭരിതമായ വിദ്യാര്‍ത്ഥിജീവിതം. മരണത്തെ മുഖാമുഖം കണ്ട നാളുകള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാകുന്നത്. അന്ന് എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഞാന്‍. കോളേജില്‍ നിന്ന് പി ജയരാജനും പ്രതിനിധിയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പ്രസീഡിയത്തിലുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഘട്ടമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് സി ഭാസ്‌കരനും ജി സുധാകരനും തിളങ്ങി നില്‍ക്കുന്ന ഘട്ടമായിരുന്നു അത്. സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച. ഇതില്‍ എന്റെ പ്രസംഗവും ചില പരാമര്‍ശങ്ങളും വിവാദമായി. ജി സുധാകരനെതിരായ ചില പരാമര്‍ശങ്ങള്‍ എന്റെ ഭാഗത്തുനിന്നുണ്ടായി.
അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ പുതിയ പാനലില്‍ നിന്ന് എന്നെ ഒഴിവാക്കി. സമ്മേളനം കഴിഞ്ഞ് പിരിയുന്നതിനു മുമ്പ് ജി സുധാകരനെ കണ്ടു ഞാന്‍ പറഞ്ഞു, 'അടുത്ത സമ്മേളനത്തില്‍ എന്നെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പറ്റാത്ത സ്ഥാനം വഹിച്ചുകൊണ്ട് ഞാന്‍ വരും'. ഈ സമ്മേളനം പ്രസിഡണ്ടായി സഖാവ് കോടിയേരിയേയും സെക്രട്ടറിയായി സഖാവ് ജി സുധാകരനെയും തിരഞ്ഞെടുത്തു. 1973ല്‍ ഞാന്‍ ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. തുടര്‍ന്ന് എസ്എഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിക്കുമ്പോഴാണ് 1973 ല്‍ എസ്എഫ്‌ഐ നാലാം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. അപ്പോള്‍ കേവലം നാലോ അഞ്ചോ കോളേജുകളില്‍ മാത്രമാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജി സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തീരുമാനത്തോട് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിഷേധ മുദ്രാവാക്യമുയര്‍ന്നു. അവസാനം ഇഎംഎസ് തന്നെ രംഗത്തു വന്നു; പ്രതിനിധികളെ അഭിസംബോധന ചെയ്തു. അന്തരീക്ഷം സാധാരണ നിലയിലായി.
ഇ എം എസ് പറഞ്ഞു, 'പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്; പ്രതിനിധികളല്ല. അത് അംഗീകരിക്കണം'. ചുരുക്കത്തില്‍ ഇഎംഎസിന് വളരെ അസ്വസ്ഥത ഉണ്ടാക്കിയ സമ്മേളനമായിരുന്നു എസ്എഫ്‌ഐയുടെ മൂന്നാം സംസ്ഥാന സമ്മേളനം.
കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സുധാകരനെതിരായി ഞാന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. അത് അദ്ദേഹത്തെ പ്രകോപിപ്പിച്ചതാണ്. പിന്നീട് ഞാന്‍ ആലോചിച്ചിരുന്നു, ആ പരാമര്‍ശം വേണ്ടായിരുന്നു എന്ന്. സമ്മേളനങ്ങളില്‍ നേതാക്കളെ കണക്കിന് വിമര്‍ശിക്കുക, അതിന് എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിക്കുക എന്നത് എന്റെ ഒരു ശൈലിയായിരുന്നു. അതിനൊരു ഉദാഹരണമാണ് കോട്ടയം സമ്മേളനത്തിലെ പ്രസംഗം. സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എന്ന നിലയില്‍ ജി സുധാകരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മിക്കവാറും എല്ലാ പേജിലും ജി സുധാകരന്‍ എന്നുണ്ടായിരുന്നു. അതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. 'ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറുടെ മാസ്റ്റര്‍ പീസ് കൃതിയാണ് മാക്ബത്. അതില്‍ എല്ലാ പേജിലും ബ്ലഡ് അല്ലെങ്കില്‍ ബ്ലഡി എന്ന വാക്കുണ്ടാവും. ചുരുക്കത്തില്‍ ബ്ലഡിന്റെ കഥ പറയുന്ന ഇതിഹാസ കൃതിയാണ് മാക്ബത്. ആ ബ്ലഡിന്റെയും ബ്ലഡിയുടെയും സ്ഥാനത്താണ് ഈ റിപ്പോര്‍ട്ടിലെ സുധാകരന്റെ സ്ഥാനം'. അതിരുകടന്ന എന്റെ പ്രയോഗത്തിന് കയ്യടി കിട്ടി. ഒപ്പം സമ്മേളനം വീക്ഷിക്കാന്‍ വന്ന നേതാക്കളുടെ വിമര്‍ശനവും കിട്ടി.
ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ സുധാകരന്‍ മറുപടി പറഞ്ഞത് ലേഡി മാക്ബത്തിനെ ഉപയോഗപ്പെടുത്തിയായിരുന്നു. സുധാകരന്‍ പറഞ്ഞു, 'കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി എ കെ ബാലന്‍ ഇവിടെ ആടി തിമിര്‍ത്തത് ലേഡി മാക്ബത്തിന് സമാനമാണ്. കുറ്റബോധം കൊണ്ട് ലേഡി മാക്ബത് ഉറക്കത്തില്‍ ഞെട്ടും. ബേസിനില്‍ പോയി കൈ കഴുകും. അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങള്‍ കൊണ്ട് കഴുകിയാലും എന്റെ കയ്യിലെ രക്തക്കറ മാറില്ല. അങ്ങനെ പിറുപിറുക്കും. ലേഡി മാക്ബത്തിന്റെ ഉറക്കത്തിലെ നടത്തമാണ് ഇവിടെ ബാലന്‍ പ്രകടിപ്പിച്ചത്. ഇതിനെ സോംനാംബുലിസം എന്നാണ് പറയുന്നത് '. അന്ന് സുധാകരന്‍ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്നു. മറുപടിക്കും പ്രതിനിധികള്‍ കയ്യടിച്ചു.
സമ്മേളനം കഴിഞ്ഞ് ഞാനും കോടിയേരിയും തലശ്ശേരി സ്റ്റേഡിയം കോര്‍ണറിനടുത്തുള്ള ഒരു കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് സംസാരിക്കുമ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു, 'സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാത്തതില്‍ നിരാശ തോന്നരുത് '. അപ്പോള്‍ ഞാന്‍ പറഞ്ഞു, ' നിരാശ എന്റെ അജണ്ടയിലില്ല.
ഒരു ഘട്ടത്തില്‍ ബാലകൃഷ്ണന്‍ എന്റെ ജൂനിയര്‍ ആയിരുന്നല്ലോ. ഞാന്‍ പൊതുരംഗം വഴി നേതാവാകാന്‍ തീരെ ആഗ്രഹിക്കുന്ന ഒരാളല്ല. കാരണം എന്റെ വഴി അതല്ല. ഒരു ജോലിയാണ്. പഠനം കഴിഞ്ഞാല്‍ ജോലിക്ക് പോകും. പഠിക്കുന്ന ഘട്ടത്തില്‍ പരമാവധി വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് നില്‍ക്കും. അതില്‍നിന്ന് ഒഴിയാന്‍ എനിക്ക് കഴിയില്ല. പ്രത്യേകിച്ച് ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി രംഗം സംഘര്‍ഷഭരിതമാണ്. എനിക്ക് ഒരു ക്ഷീണം പറ്റിയാല്‍ അത് എസ്എഫ്‌ഐയെ ബാധിക്കും'. പിന്നീടുള്ള ഓരോ ഘട്ടത്തിലും സഖാവ് കോടിയേരിയും ഞാനും ഒരേ ട്രാക്കിലാണ് ഓടിയത്. എന്റെ സ്പീഡ് ഞാന്‍ തന്നെ കുറച്ച കാലഘട്ടം ഉണ്ടായിരുന്നു. കോട്ടയം സമ്മേളനത്തിനും കൊല്ലം സംസ്ഥാന സമ്മേളനത്തിനുമിടയിലുള്ള കാലത്താണ് സഖാവ് അഷ്‌റഫ് ബ്രണ്ണന്‍ കോളേജില്‍ കുത്തേറ്റ് വീഴുന്നതും പിന്നെ വിട്ടുപിരിയുന്നതും. ജി സുധാകരന്റെ പ്രിയപ്പെട്ട അനുജന്‍ ജി ഭുവനേന്ദ്രനും രക്തസാക്ഷിയായി. 1977 ഡിസംബര്‍ 7 നാണ് ഭുവനേന്ദ്രന്‍ രക്തസാക്ഷിയായത്. പൊതുവില്‍ വിദ്യാലയ അന്തരീക്ഷത്തില്‍നിന്ന് കെഎസ്യുവിന്റെ നീല പതാക ഇല്ലാതായി. എസ്എഫ്‌ഐയുടെ ശുഭ്ര പതാകയുടെ ചുവന്ന നക്ഷത്രം തിളങ്ങി.
സുധാകരനെ ഞാനിപ്പോഴും ബഹുമാനിക്കുന്നു. വി എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ് ; മാറ്റമില്ല.
കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സമ്മേളന ഡയസില്‍ ഇരുന്ന് ഉച്ചഭക്ഷണ സമയത്ത് ഷാജിലാലും ഞാനും പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ സമയം പോയത് അറിഞ്ഞില്ല. സമ്മേളനം പുനരാരംഭിക്കുവാന്‍ സമയമായി. ഞങ്ങള്‍ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു. കോട്ടയത്ത് വരുമ്പോള്‍ കുടുംബസമേതം വരാനുള്ള ഷാജിലാലിന്റെ ക്ഷണം സ്വീകരിച്ചു. പലപ്പോഴും ക്ഷണിച്ചതാണ്; പക്ഷേ അവസരം കിട്ടിയില്ല.
കെഎസ്എഫ്ഇ ഓഫീസേഴ്‌സ് സമ്മേളന പ്രതിനിധികളില്‍ നിന്നുണ്ടായ ചില പരാമര്‍ശങ്ങള്‍ അലോസരപ്പെടുത്തുന്നതായിരുന്നെങ്കിലും ഞാന്‍ തീരെ അസഹിഷ്ണുത കാട്ടിയില്ല. കാരണം പഴയ എസ്എഫ്‌ഐ കോട്ടയം സമ്മേളനത്തിന്റെ ഓര്‍മ്മ. അതിര്‍വരമ്പുകള്‍ ഞാനും ലംഘിച്ചതാണല്ലോ.