കോഴിക്കോട്: പി വി അന്‍വര്‍ വിഷയത്തില്‍ എതിര്‍പ്പു തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. ഒമ്പത് കൊല്ലം എംഎല്‍എയായിരുന്ന പി.വി അന്‍വര്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ല. അന്‍വറിന്റെ വരവോടെ ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അനൈക്യമുണ്ടാകുമോ എന്ന കാര്യം കൂടി വിലയിരുത്തി വേണം നേതൃത്വം തീരുമാനമെടുക്കാനെന്നും ഷൗക്കത്ത് വ്യക്തമാക്കി.

ഡിഎഫ്ഒ ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതിന് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ടെന്നും ഷൗക്കത്ത് പറഞ്ഞു. അന്‍വറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തില്‍ ഒരു തീരുമാനം എടുക്കില്ല. എല്ലാ കാര്യങ്ങളും ആലോചിച്ച് ആയിരിക്കും യുഡിഎഫ് തീരുമാനം. നേതൃത്വം താനുമായി കൂടിയാലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആഴത്തില്‍ ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അന്‍വറിന് നിലമ്പൂരില്‍ മാത്രമല്ല എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണോ എന്നത് യുഡിഎഫ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് പ്രവൃത്തി ദിവസമാകാമായിരുന്നു. സാധാരണ അങ്ങനെയാണ് പതിവ്. മോശമായിട്ട് കാണുന്നില്ല. വാര്‍ത്ത സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഈ പറയുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ കര്‍ഷകരെ 9 വര്‍ഷം വേട്ടയാടിയപ്പോള്‍ അന്‍വര്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

അന്‍വര്‍ ഇപ്പോഴെങ്കിലും കണ്ണു തുറന്നതില്‍ കുഴപ്പമില്ല. അന്‍വര്‍ വൈകിപ്പോയെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വനം മന്ത്രിയും സര്‍ക്കാരുെ ആദ്യം മുതലേ ഉണ്ടായിരുന്നല്ലോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി രംഗത്തെത്തിയതില്‍ മോശമായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് അന്‍വര്‍ മറുപടി പറയണമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

്അതേസമയം അന്‍വറിന്റെ മുന്നണിപ്രവേശനത്തില്‍ യുഡിഎഫ് തിരക്കിട്ട് തീരുമാനമെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലെ അഭിപ്രായം. കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചര്‍ച്ചയാവും. യുഡിഎഫില്‍ ഏതെങ്കിലും ഘടകക്ഷികള്‍ വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യും.