കൊല്ലം: വെള്ളാപ്പള്ളി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകന്‍ ബി.എന്‍ ഹസ്‌കര്‍ സിപിഎം വിട്ടു. ആര്‍എസ്പിയില്‍ ചേരാനാണ് ഹസ്‌ക്കര്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയൂടെ സമീപകാല നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഹസ്‌ക്കര്‍ പാര്‍ട്ടി വിടുന്നത്. കടുത്ത വിമര്‍ശനമാണ് ഹസ്‌ക്കര്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയത്.

രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. ജീര്‍ണതയുടെ പടുക്കുഴിയിലാണ് പാര്‍ട്ടിയെന്നും ഹസ്‌ക്കര്‍ പ്രതികരിച്ചു. 'യുഡിഎഫ് ആണ് ഇപ്പോള്‍ ശരിയായ ഇടതുപക്ഷ റോള്‍ സ്വീകരിക്കുന്നത്. ഫണ്ട് വെട്ടിച്ചവരെ പുറത്താക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. ഉപാധികളില്ലാതെയാണ് ആര്‍എസ്പി പ്രവേശനം. ഏത് ഘടകത്തിലാണ് ഉള്‍പ്പെടുത്തുക എന്നത് ആര്‍എസ്പി തീരുമാനിക്കും. ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിയാലും സന്തോഷം'- ഹസ്‌കര്‍ പറഞ്ഞു.

ആര്‍എസ്പിയില്‍ ചേരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കേരളത്തില്‍ വലതു വ്യതിയാനത്തിലേക്കാണ് സിപിഎം പോകുന്നതെന്നു ഹസ്‌കര്‍ പറഞ്ഞു. ജീര്‍ണതയുടെ പടുകുഴിയിലേക്ക് സിപിഎം എത്തി. പാര്‍ട്ടിക്കും ഭരണകൂടത്തിനും മുകളിലായി ഒരു പുതിയ വര്‍ഗം രൂപപ്പെട്ടു. അവരാല്‍ നിയന്ത്രിക്കപ്പെടുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറി.

രക്തസാക്ഷികളുടെ ഫണ്ട് വെട്ടിച്ചതിനെ സംബന്ധിച്ച് പറഞ്ഞവരെ പാര്‍ട്ടി പുറത്താക്കി. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിനു പുറത്താക്കുന്ന മനോഭാവമാണിത്. അവനവനുവേണ്ടിയല്ലാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവത്യാഗത്തെപോലും തട്ടിക്കുന്ന, ധനാപഹരണം നടത്തുന്ന നേതാക്കന്‍മാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. അത് ദൗര്‍ഭാഗ്യകരമാണ്. അതെല്ലാം മാനസികമായി ഉള്‍കൊള്ളാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നത്. -ഹസ്‌ക്കര്‍ പറഞ്ഞു.

36 വര്‍ഷമായി പാര്‍ട്ടി അംഗത്വമുണ്ടെന്നു ഹസ്‌കര്‍ പറഞ്ഞു. അതിനു മുന്‍പ് എസ്എഫ്‌ഐയിലും സജീവമായിരുന്നു. അടിമുടി പാര്‍ട്ടിക്ക് ഒപ്പം നടന്ന ആളാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ഇടതുവ്യതിയാനം സഹിക്കാന്‍ കഴിയുന്നില്ല. ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയ്ക്കു മാത്രമേ എന്നെ ഉള്‍കൊള്ളാന്‍ കഴിയൂ. ഇടതുബദലായി പ്രവര്‍ത്തിക്കുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ വി.ഡി.സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടപെടലുകള്‍ ഇടതുപക്ഷ ഇടപെടലുകളാണെന്ന ബോധ്യമുണ്ട്. അതാണ് ആര്‍എസ്പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഹസ്‌കര്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെയാണ് ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ വിമര്‍ശിച്ചത്. പിണറായി വിജയന്‍ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമര്‍ശിച്ചു. തുടര്‍ന്ന് സി.പി.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചു വരുത്തി ഹസ്‌ക്കറിനെ ശാസിച്ചത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്‌കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകന്‍ എന്നപേരില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, 'ഇടത് നിരീക്ഷകന്‍' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാര്‍ട്ടി നല്‍കിയിരുന്ന 'ഗണ്‍മാനെ' തിരിച്ചേല്‍പ്പിച്ചെന്നും ഹസ്‌കര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താന്‍ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു.