തിരുവനന്തപുരം: സനാതന ധര്‍മത്തെ എതിര്‍ത്തത് കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഇല്ലാത്തതെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ശോഭ സുരേന്ദ്രന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി.

സനാതന ധര്‍മത്തെ എതിര്‍ത്തത് കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഇല്ലാത്തതെന്നും ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി വിജയന്‍ അനുഭവിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശോഭ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചാ വിഷയം.

'എന്റെ സുപ്രീം കോടതി എന്നുപറയുന്നത് ഗുരുവായൂരപ്പനാണ്. കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സനാതന മൂല്യത്തെ വെല്ലുവിളിച്ചു. ഇപ്പോള്‍ നമ്മോടൊപ്പമില്ല അദ്ദേഹം. എത്ര വേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയത്? ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ രാജ്യത്ത് ഒരു മീറ്റിങ്ങിന് വന്ന് നടന്നുപോകുമ്പോള്‍ അദ്ദേഹത്തെ ചൂണ്ടി മറ്റ് മുഖ്യമന്ത്രിമാര്‍ ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരവസ്ഥ അദ്ദേഹത്തിന് എങ്ങനെയുണ്ടായി? ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി, വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഉപയോഗിച്ച് വിശ്വാസമില്ലാത്ത സ്ത്രീകളെ മലകയറ്റിച്ചതിന്റെ ബാക്കിപത്രമാണ്. ഇത് പലരും അനുഭവിക്കുന്നുണ്ട്' - ശോഭ പറഞ്ഞു.

ശോഭ സുരേന്ദ്രന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

സനാതന മൂല്യത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം അസുഖം വന്നു മരണമുണ്ടാകും എന്നതാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നു എന്നല്ല ശോഭാസുരേന്ദ്രന്‍ ലക്ഷ്യം വെക്കുന്നത് സനാതന ധര്‍മ്മത്തെ മുന്‍നിര്‍ത്തി ആര്‍എസ്എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ജീവിതത്തില്‍ ഉണ്ടാവുക എന്നതാണ് ശോഭാ സുരേന്ദ്രന്‍ പറയാതെ പറയുന്നത്. പിണറായി വിജയനും ഇനി ഇതുപോലുള്ള ഒരു അനുഭവം ആയിരിക്കും വരുന്നത് എന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

ഒരിക്കലും ആര്‍എസ്എസിനെ കീഴ്‌പ്പെട്ട ഒരു ജീവിതമല്ലായിരുന്നു പിണറായിയുടേയും കോടിയേരി ബാലകൃഷ്ണന്റേതും. മരിക്കുന്നതുവരെ ആര്‍എസ്എസിനെ കീഴ്‌പ്പെടാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ ഈ നാട്ടില്‍ ജീവിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് ജനങ്ങളുടെ മനസ്സില്‍ കോടിയേരി ആരായിരുന്നെന്നും എന്തായിരുന്നു എന്നും കൃത്യമായി അടയാളപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്കെതിരെ ജനങ്ങളും പാര്‍ട്ടി സഖാക്കളും പാര്‍ട്ടിയും കൃത്യമായി മറുപടി പറയും.