തിരുവനന്തപുരം: ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സജി ചെറിയാന്‍ സംരക്ഷിക്കുന്നുവെന്ന തന്റെ മുന്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ വ്യക്തമാക്കി. തനിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിട്ടും നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു.

മന്ത്രിക്കെതിരായ ഈ ആരോപണങ്ങള്‍ തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ബിനു ചുള്ളിയില്‍ പറഞ്ഞു. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സജി ചെറിയാന്‍ ഷാനവാസിന്റെ കാര്‍ ഉപയോഗിച്ചിരുന്നുവെന്നും, ലഹരിക്കടത്തില്‍ മന്ത്രിക്കും പങ്കുണ്ടെന്നും കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ വെച്ച് ബിനു ചുള്ളിയില്‍ ആരോപിച്ചിരുന്നു.

ബിനു ചുള്ളിയിലിന്റെ പ്രസംഗത്തിന് പിന്നാലെ, മന്ത്രി സജി ചെറിയാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് അദ്ദേഹത്തിനെതിരെ മാനനഷ്ടത്തിന് കേസെടുത്തിരുന്നു. എന്നാല്‍, താന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ലെന്ന് ബിനു ചുള്ളിയില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ കലാപം ഉണ്ടാക്കുന്ന വര്‍ഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെയും, എ.കെ. ബാലന്‍ അടക്കമുള്ളവര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.