തിരുവനന്തപുരം: ബിജെപിയുടെ അടുത്ത സംസ്ഥാന നായകനെ ഞായറാഴ്ച അറിയാം. 23ന് ബിജെപിയുടെ ദേശീയ നേതാവ് പ്രഹ്‌ളാദ് ജോഷി എത്തും. ഇതിന് ശേഷം കേളത്തിലെ ഒരു നേതാവിനോട് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് നോമിനേഷന്‍ കൊടുക്കാന്‍ ആവശ്യപ്പെടും. അതിന് ശേഷം ആ നേതാവിനെ എതിരില്ലാതെ ബിജെപിയുടെ അധ്യക്ഷനായി പ്രഖ്യാപിക്കും. ബിജെപിയുടെ ദേശീയ നേതൃത്വം പറയുന്നവര്‍ മാത്രമേ അധ്യക്ഷ മത്സരത്തിന് നോമിനേഷന്‍ നല്‍കൂ. അതാരായിരിക്കുമെന്ന ആകാംഷയിലാണ് കേരളത്തിലെ മുഴുവന്‍ ബിജെപി നേതാക്കളും. ബിജെപിയിലെ എല്ലാ സംസ്ഥാന നേതാക്കളും പ്രതീക്ഷയിലാണ്. ഇതിനൊപ്പം ചില ആര്‍ എസ് എസ് നേതാക്കളും. അപ്രതീക്ഷ മുഖങ്ങള്‍ പോലും അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യത ഏറെയാണ്. നിലവിലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും പദവി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ്. ശോഭാ സുരേന്ദ്രന്‍, വി മുരളീധരന്‍, എംടി രമേശ് തുടങ്ങിയവരെല്ലാം പരിഗണിക്കപ്പെടുന്നു. രാജീവ് ചന്ദ്രശേഖര്‍ പോലും സാധ്യതകള്‍ തള്ളുന്നില്ല. ബിജെപിയുടെ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ മുഖങ്ങളെ പരിഗണിക്കുമെന്നും സൂചനകളുണ്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ജേക്കബ് തോമസ്, പിസി ജോര്‍ജ് തുടങ്ങിയ പല പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്. ആര്‍ എസ് എസ് നേതാക്കളായ എ ജയകുമാറും വല്‍സന്‍ തില്ലങ്കേരിയും പരിഗണിക്കാന്‍ സാധ്യതയുള്ളവരാണ്. പക്ഷേ അന്തിമ തീരുമാനം ഇനിയും ബിജെപി ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് സൂചന.

കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പല പേരുകളാണ് കേന്ദ്രപരിഗണനയിലുള്ളത്. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സിലിന് മുമ്പായി ഞായറാഴ്ച കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന അധ്യക്ഷനെ സമവയാത്തിലൂടെ തന്നെയാകും തീരുമാനിക്കുക. കോര്‍ കമ്മറ്റിയില്‍ കേന്ദ്ര നിലപാട് പ്രഹളാദ് ജോഷി അറിയിക്കും. പിന്നാലെ നോമിനേഷന്‍ നല്‍കും. എതിരില്ലാതെ തിരഞ്ഞെടുത്ത് അത് കൗണ്‍സില്‍ അംഗീകരിച്ച് പ്രഖ്യാപിക്കും. കേന്ദ്രപ്രതിനിധികള്‍ ഇതിനിടെ പലവട്ട കേരളനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.സുരേന്ദ്രന്‍ തുടരുമോ, അതോ പുതിയൊരാള്‍ വരുമോ എന്നതാണ് ആകാംക്ഷ. അഞ്ചുവര്‍ഷത്തെ കാലാവധി നിര്‍ബന്ധമാക്കിയാല്‍ സുരേന്ദ്ര മാറും. പുതിയ പരീക്ഷണത്തിനാണ് ശ്രമമെങ്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരും വന്നേക്കാം. മിഷന്‍ കേരള മുന്നില്‍ കണ്ട് കേന്ദ്രനേതൃത്വം സംസ്ഥാനത്ത് പലതരത്തിലുള്ള നീക്കങ്ങളാണ് ആലോചിക്കുന്നത്. അധ്യക്ഷനെ തീരുമാനിച്ചതിന് പിന്നാലെ കോര്‍കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അഴിച്ചുപണി ഉണ്ടാകും. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അതിനിടെ സംസ്ഥാന അധ്യക്ഷനാകാന്‍ താല്‍പര്യമില്ലെന്നു മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനോട് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണു സൂചന. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകണമെന്നാണു നിബന്ധന. പുതിയ ദേശീയ അധ്യക്ഷന്‍ ചുമതലയേല്‍ക്കും മുമ്പ് തന്നെ കേരളത്തില്‍ നായകനെ കണ്ടെത്താനാണ് നീക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കൂടുതല്‍ ചുമതലയാണ് മുരളീധരനു നല്‍കിയിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് മുരളീധരനോടു പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുരളീധരനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കരുതലോടെയുള്ള തീരുമാനമാകും ബിജെപി എടുക്കുക. കേരളത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ഒരാള്‍ വരുന്നതു ഗുണകരമാകില്ലെന്നാണു വിലയിരുത്തല്‍.