തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയം ഒരു അടഞ്ഞ അധ്യായമല്ലെന്നും, അയ്യപ്പ ഭക്തരെ കബളിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല അയ്യപ്പ സംഗമത്തിനു മുന്നോടിയായി, ആചാരങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, പമ്പയിലെ സമ്മേളനത്തിനു മുന്‍പ് സത്യവാങ്മൂലം പിന്‍വലിക്കണം. നിലവിലെ നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുതലെടുപ്പ് മാത്രമാണെന്ന് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. 2018-ല്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്തത് ഒരു വിശ്വാസിയും മറക്കില്ല.

അയ്യപ്പ വിശ്വാസികളുടെ പ്രതിഷേധങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിന്ദു അമ്മിണി, രഹന ഫാത്തിമ തുടങ്ങിയവരെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് സിപിഎമ്മിന്റെ സഹായത്തോടെയാണെന്നും, അന്നത്തെ സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ വിശ്വാസികള്‍ ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പമ്പയിലെ സംഗമം ഭക്തര്‍ക്കുവേണ്ടിയുള്ളതല്ല, മറിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് ഹൈന്ദവ വിശ്വാസികള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.