തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പത്ത് 'എ ക്ലാസ്' മണ്ഡലങ്ങളില്‍ വിജയം ലക്ഷ്യമിട്ട് ബിജെപി നേരത്തെ കളത്തിലിറങ്ങുന്നു. 'മിഷന്‍ 2026' എന്ന് പേരിട്ടിരിക്കുന്ന ഈ തിരഞ്ഞെടുപ്പ് തന്ത്രത്തിന് ഊര്‍ജ്ജം പകരുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതുള്‍പ്പെടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ്. ജനുവരിയില്‍ കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധയൂന്നുന്നത്. കഴിഞ്ഞ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കിയതും പാര്‍ട്ടി വിജയസാധ്യത കല്‍പ്പിക്കുന്നതുമായ 36 'എ ക്ലാസ്' മണ്ഡലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളിലും നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുള്ള ഏഴ് മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തൃശ്ശൂര്‍, പാലക്കാട് തുടങ്ങി പത്ത് മണ്ഡലങ്ങളില്‍ വിജയമുറപ്പിക്കാനാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.

ജനുവരി മൂന്നാം തീയതി മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഏറ്റവും അടുത്ത കാലയളവില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് മണ്ഡലങ്ങളില്‍ സജീവമാകാനാണ് പാര്‍ട്ടി തീരുമാനം. ഓരോ മണ്ഡലത്തിലും കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേണ്‍ ഉള്‍പ്പെടെ വിശദമായി വിലയിരുത്തിയാകും സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുക. 'എ ക്ലാസ്' മണ്ഡലങ്ങളില്‍ മികച്ച വിജയസാധ്യതയുള്ളവരെ സമവാക്യങ്ങള്‍ പരിഗണിച്ച് രംഗത്തിറക്കും. ഈ തിരഞ്ഞെടുപ്പിനപ്പുറം 2031-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്‍കൂട്ടി കണ്ട്, മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് സ്വാധീനമുറപ്പിക്കാന്‍ കെല്‍പ്പുള്ളവരെ മറ്റു നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി നിര്‍ദേശിക്കണമെന്നും ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ ക്രിസ്ത്യന്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വിജയം പ്രതീക്ഷിക്കുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി.മുരളീധരനും, വട്ടിയൂര്‍കാവില്‍ ആര്‍.ശ്രീലേഖയും മത്സരിക്കുമെന്നാണ് നിലവിലെ സൂചനകള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ജി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ പി.സുധീര്‍, ചിറയിന്‍കീഴില്‍ ആശാ നാഥ് എന്നിവരുടെ പേരുകളാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പാലായിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും സജീവമാണ്.

ജനങ്ങളില്‍ ബിജെപിക്ക് കേരളത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസം വര്‍ധിച്ചുവരികയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. തൃശ്ശൂരിലെ ലോക്സഭാ വിജയവും 45 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണവും ഇതിന് തെളിവായി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനവും പ്രധാനമന്ത്രി മോദി നടത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം കുറഞ്ഞത് ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നിയമസഭയില്‍ അക്കൗണ്ട് തുറക്കുക എന്നതിനപ്പുറം, കേരളത്തിലെ ഭരണം ആര് നിര്‍ണ്ണയിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയായി മാറാനാണ് 'മിഷന്‍ 2026' ലൂടെ ബിജെപി ലക്ഷ്യമിടുന്നത്.