തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം ബിജെപിക്ക് തിരിച്ചടിയായി മാറുന്നോ? കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ അടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചെന്നും പാര്‍ട്ടി വിട്ട പ്രസാദ് ആരോപിച്ചു.

വരന്തരപ്പിള്ളിയിലെ ബിജെപി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാര്‍ട്ടി വിട്ടത്. പഞ്ചായത്തില്‍ ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടവര്‍.

ഈ മാസം 18ാം തിയ്യതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലുങ്ക് സംവാദം നടന്നത്. സംവാദ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത ഇവര്‍ 19ാം തിയ്യതി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തില്‍ അപമാനിച്ചെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറയുന്നു.

'മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങള്‍. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായകുടിക്കും. എന്നാല്‍ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല,' പ്രസാദ് പറയുന്നു.

കലുങ്ക് സംവാദങ്ങളിലെ വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപിക്ക് ബിജെപി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയില്‍ വിവാദങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു ബിജെപി നിര്‍ദേശം. ബിജെപി ജില്ലാ ഘടകങ്ങളില്‍ നിന്നും കേന്ദ്ര മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്.

സുരേഷ്‌ഗോപിയുടെ മറുപടികള്‍ക്ക് രാഷ്ട്രീയ പക്വതയയും വിവേകവുമില്ലെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. ജില്ലയിലെ മൂന്ന് ജില്ലാ കമ്മിറ്റികളും ഭാരവാഹികളും ഒന്നടങ്കം അഭിപ്രായപ്പെടുന്നത് സുരേഷ് ഗോപി മാതൃകാപരമായി നടപ്പിലാക്കേണ്ട പരിപാടിയിലാണ് വിവാദങ്ങള്‍ ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. കലുങ്ക് സൗഹാര്‍ദ സംവാദമെന്ന നിലയില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ജനകീയ ചര്‍ച്ചകളും സംവാദപരിപാടികളും നടത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനായിരുന്നു പ്രാഥമിക ധാരണയുണ്ടായിരുന്നത്.

പ്രധാനമന്ത്രി നടത്തി വരുന്ന ചായ് പെ ചര്‍ച്ചയുടെ അതേ മാതൃകയില്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കാന്‍ സുരേഷ് ഗോപി സ്വന്തം താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പിആര്‍ ഏജന്‍സികളുടെ സഹായവും ഉപദേശവുമൊക്കെ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ ബിജെപി നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് വലിയ താല്‍പര്യവും ഉണ്ടായിരുന്നു. പ്രാദേശിക കമ്മിറ്റികള്‍ക്ക് ചുമതല നല്‍കിയാണ് ഇത്തരത്തില്‍ സംവാദ സദസുകള്‍ സംഘടിപ്പിച്ചിരുന്നത്.

എന്നാല്‍, സദസ് തുടങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളാണ് ഉണ്ടായത്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അത്തരം യാതൊരു പരിപാടിയിലും നടക്കുന്നുമില്ല.