തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പിഎസ്സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം. തൊഴിലിനു വേണ്ടി യുവജനങ്ങള്‍ നാടുവിടുന്നു. തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പിഎസ്സിയെ കുറിച്ച് ധാരാളം പരാതികള്‍ പണ്ടേ വന്നതാണ്.അത് പരിശോധിക്കണമെന്നും ദിവാകരന്‍ പറഞ്ഞു.

പി എസ് സി ചെയര്‍മാന് പ്രധാനമന്ത്രിയെക്കാളും മുഖ്യമന്ത്രിയെക്കാളും ശമ്പളമുണ്ട്. ഒരു ടെസ്റ്റും എഴുതിയാണ് ഇവര്‍ പദവിയിലേക്ക് വരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷം നിശബ്ദരായിരിക്കുന്നു. സിപിഐയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മുന്നണി സംവിധാനം ദുര്‍ബലപ്പെടാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ദിവാകരന്‍ വ്യക്തമാക്കി.

ആശാവര്‍ക്കര്‍മാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് സി ദിവാകരന്‍. സമരം ഒത്തുതീര്‍പ്പിലേക്ക് എത്തിക്കണം. മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്.അവരോട് പ്രത്യേക താല്പര്യം കാണിക്കേണ്ടതാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് സമരം തീരുമെന്നും ദിവാകരന്‍ അഭ്യര്‍ത്ഥിച്ചു.

ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന് മേല്‍ ഭരണപക്ഷത്തു നിന്നും സമ്മര്‍ദം. മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് സമരം തീരുമെന്നും ദിവാകരന്‍ പറഞ്ഞു. സമരം ഏറ്റെടുത്ത കോണ്‍ഗ്രസിനായി കൂടുതല്‍ നേതാക്കള്‍ ഇന്നും സമരപ്പന്തലില്‍ എത്തി. സര്‍ക്കാര്‍ അവഗണിച്ച ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഒടുവില്‍ ഭരണപക്ഷത്തു നിന്ന് കൂടി പിന്തുണ. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍ ആവശ്യപ്പെട്ടു. ആശാ വര്‍ക്കര്‍മാര്‍ക്ക് വേതനം നല്‍കാന്‍ ഇത്ര കാലതാമസം പാടില്ലായിരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണിയും പറഞ്ഞു.

സമരം ഏറ്റെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സമരപ്പന്തലിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. മഹിളാ കോണ്‍ഗ്രസ്സ് നേതാക്കളും തുടക്കം മുതല്‍ സമരത്തിന് പിന്തുണയുമായി സജീവമാണ്.കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഇന്നലെയെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സമരത്തിന് പിന്തുണയുമായി എത്തും. സമരം പൂര്‍ണമായും ഏറ്റെടുത്തു സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

രണ്ട് മാസത്തെ വേതന കുടിശിക അനുവദിക്കുകയും ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ നീക്കുകയും ചെയ്ത് സമരത്തെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും സമരം നിര്‍ത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍.