തിരുവനന്തപുരം: ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനു, യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടില്‍ (യു.ഡി.എഫ്) ചേരാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജാനു വ്യക്തമാക്കി. എന്നാല്‍, യു.ഡി.എഫിനുള്ളില്‍ നിന്നും ഇതിനോടകം തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കാരണം കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല.

അടുത്തിടെയാണ് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സി.കെ. ജാനുവിന്റെ പാര്‍ട്ടി (ജെ.ആര്‍.പി) എന്‍.ഡി.എ മുന്നണി വിട്ടത്. 2016 മുതല്‍ എന്‍.ഡി.എയ്‌ക്കൊപ്പമുണ്ടായിരുന്നിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ജാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോര്‍ഡ്-കോര്‍പ്പറേഷന്‍ പ്രാതിനിധ്യം, രാജ്യസഭാ സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ബി.ഡി.ജെ.എസിനു ലഭിക്കുന്ന പരിഗണന ജെ.ആര്‍.പിക്ക് ലഭിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡുകളില്‍ പ്രാതിനിധ്യമില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, ഏതെങ്കിലും മുന്നണിയുമായി സഹകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സി.കെ. ജാനു അറിയിച്ചിരുന്നു. യു.ഡി.എഫുമായോ എല്‍.ഡി.എഫുമായോ സഹകരിക്കുന്ന കാര്യങ്ങള്‍ നിലവില്‍ ആലോചനയിലില്ലെന്നും ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ യു.ഡി.എഫ് പ്രവേശന സാധ്യത വീണ്ടും സജീവമായിരിക്കുകയാണ്. ഈ വിഷയത്തില്‍ യു.ഡി.എഫിലെ ഒരു വിഭാഗം ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി. കെ. മുരളീധരന്‍ എന്നിവര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

മുന്നണി പ്രവേശനം ആവശ്യപ്പെട്ട് സി.കെ.ജാനുവില്‍ നിന്ന് ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സി.കെ.ജാനു നടത്തിയ കൂടിക്കാഴ്ച മുന്നണി പ്രവേശന ചര്‍ച്ചകളുടെ ഭാഗമായിരുന്നു. ഉപാധികളില്ലാതെ യു.ഡി.എഫുമായി സഹകരിക്കാനാണ് തീരുമാനമെന്ന് സി.കെ.ജാനു പറയുന്നു. ഘടകകക്ഷിയായി ഉള്‍പ്പെടുത്താനുള്ള സാധ്യത തേടിയാണ് കത്ത് നല്‍കിയതെന്നും, മുന്നണിയിലെ കക്ഷികളുമായി ചര്‍ച്ച ചെയ്ത് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ അവസാനം ചേര്‍ന്ന ജെ.ആര്‍.പി.യുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് യു.ഡി.എഫുമായി സഖ്യ സാധ്യതകള്‍ തേടാന്‍ തീരുമാനമെടുത്തത്. എന്നാല്‍, വയനാട്ടിലും മറ്റ് ചിലയിടങ്ങളിലും സി.കെ.ജാനുവിന്റെ സംഘടനയെ ഉള്‍പ്പെടുത്തുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന വാദം ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെക്കുന്നുണ്ട്. വയനാട്ടില്‍ സ്വാധീനമുള്ള മുസ്ലിം ലീഗിനും ഇതില്‍ കാര്യമായ താല്പര്യമില്ലെന്നാണ് സൂചന. അതേസമയം, വയനാട് എം.പി. കൂടിയായ പ്രിയങ്ക ഗാന്ധിക്ക് ഗോത്രമേഖലയിലെ ശ്രദ്ധേയയായ സി.കെ.ജാനുവിനെ മുന്നണിയിലെത്തിക്കുന്നതില്‍ താല്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ 9-ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യുകയും ചില നേതാക്കള്‍ ഇതിനോട് എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. മുന്‍പ് സമാനമായ സഹകരണത്തിന്റെ പേരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടായെന്നും ഇത് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും ചെന്നിത്തലയും മുരളീധരനും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനും ഇക്കാര്യത്തില്‍ ചെറിയ എതിര്‍പ്പുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

എന്തായാലും, സി.കെ. ജാനുവിന്റെ പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള പൊതുവായ ധാരണയിലാണ് യുഡിഎഫ് എത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ താല്‍പ്പര്യവും ഇതിന് ഒരു കാരണമായി പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് ഈ വിഷയത്തില്‍ ഔദ്യോഗിക നിലപാട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി.കെ. ജാനു മുന്നണി പ്രവേശനത്തിനായി കത്ത് നല്‍കിയത്. സീറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്നും സി.കെ. ജാനു ടെലിവിഷന്‍ ചാനലിലോട് പറഞ്ഞു.