കണ്ണൂര്‍ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തന്നെയും തന്റെ കുടുംബത്തെയും സിപിഎം വലിച്ചിഴക്കുകയും വേട്ടയാടുകയും ചെയ്തുവെന്ന് സിപിഎം മുന്‍ തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം സി.ഒ.ടി. നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ കഴിഞ്ഞ ദിവസം കോടതി സി.ഒ.ടി നസീറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് മോചിപ്പിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തന്റെ കുടുംബത്തെ അടക്കം വലിച്ചിഴച്ച് ദ്രോഹിക്കുകയായിരുന്നു. താന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കും. മതേതരത്വം പറയുന്ന സി.പി.എം നേരെ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. തീവ്ര വോട്ടര്‍ പട്ടികയുടെ പേരില്‍ ജമാഅത്തെ ഇസ്ലാമി സമൂഹത്തില്‍ ഭയം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.

തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ഈ കേസില്‍ നസീറിനെ കുറ്റവിമുക്തനാക്കിയത്. 2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പൊലീസ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിയെ സോളാര്‍ വിവാദത്തിന്റെ ഭാഗമായി തടയുകയും കല്ലെറിയുകയുമായിരുന്നു. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍ പരിക്കേറ്റിരുന്നു. അന്ന് ഈ കേസില്‍ നസീറിനെ രണ്ട് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കിയത്.

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാനാണ് അന്ന് ഉമ്മന്‍ചാണ്ടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് നസീര്‍ വ്യക്തമാക്കി. സി.പി.എം. നേതാക്കളുടെ പ്രസംഗങ്ങളുടെ ഫലമായാണ് അന്ന് കല്ലേറുണ്ടായത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും, ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേരുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് സി.പി.എം. പ്രവര്‍ത്തകരുടെ ശിക്ഷയും ഇളവുചെയ്തു.