- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും 'കാപ്പിറ്റല്‍ പണിഷ്മെന്റ്'! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; 'കാപ്പിറ്റല്‍ പണിഷ്മെന്റിന്' പല മാനങ്ങള്‍
'കാപ്പിറ്റല്‍ പണിഷ്മെന്റിന്' പല മാനങ്ങള്‍
തിരുവനന്തപുരം: ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വിയാണ് നേതാക്കള്‍ക്കുള്ള 'കാപ്പിറ്റല്‍ പണിഷ്മെന്റ്'. തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ കാപ്പിറ്റല്‍ പണിഷ്മെന്റിന് വിധിക്കണമെന്ന് യുവ നേതാവ് പറഞ്ഞതായി വാര്‍ത്തകള്‍ എത്തിയിരുന്നു. ഈ നേതാവ് എം സ്വരാജായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സമ്മേളന ശേഷമുള്ള പൊതു സമ്മേളനത്തില്‍ ഈ വിമര്‍ശനത്തിന് എന്നോണം വിഎസ് മറുപടിയും നല്‍കി. കാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന വാക്ക് വിഎസ് പ്രസംഗത്തില്‍ ഉപയോഗിക്കുകയും ചെയ്തു. തന്നെ അങ്ങനെ അപാനിച്ചുവെന്ന് പൊതു സമൂഹത്തിന് വിഎസ് നല്‍കിയ സന്ദേശമായി അതിനെ വ്യാഖ്യാനിച്ചു.
പക്ഷേ വിഎസ് പൊതു രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് വിശദീകരിക്കുകയും ചെയ്തു. പൊതു മണ്ഡലത്തില്‍ പിന്നീട് പ്രത്യക്ഷപ്പെടാത്തതു കൊണ്ട് തന്നെ സ്വരാജിന്റെ ഈ വാദത്തെ വിഎസ് നിഷേധിക്കുകയും ചെയ്തില്ല. വിഎസിന്റെ മരണ ശേഷം പിരപ്പിന്‍കോട് മുരളി പറയുന്നത് അങ്ങനെ കാപ്പിറ്റല്‍ പണിഷ്മെന്റ് ചര്‍ച്ച ഉയര്‍ന്നുവെന്ന് തന്നെയാണ്. പേര് പറയാതെ എഴുത്തുകാരനായ യുവനേതാവിനുള്ള ഒളിയമ്പ്. നിലമ്പൂരില്‍ തോറ്റ സ്വരാജിന്റെ ഗ്ലാമര്‍ പാര്‍ട്ടിയില്‍ കുറഞ്ഞിരിക്കുന്നു. ഇതിനിടെയാണ് പിരപ്പിന്‍കോട് മുരളി പലതും പറയാതെ പറയുന്നത്. പിരപ്പിന്‍കോട് മുരളി പേരു പറയാതിരുന്നപ്പോള്‍ സ്വരാജ് അങ്ങനെ പറഞ്ഞില്ലെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുമ്പോള്‍ അതിന് പുതിയ മാനം വരുന്നു. ഏതായാലും സ്വരാജിനെതിരെയാണ് ആ കാപ്പിറ്റല്‍ പണിഷ്മെന്റ് ബൂമാറാങ് തിരിഞ്ഞെത്തുന്നത്.
ഇതിനൊപ്പമാണ് മറ്റൊരു അപൂര്‍വ്വതയും ഈ വിവാദത്തില്‍ വരുന്നത്. നിലമ്പൂരില്‍ സ്വരാജിന് കാപ്പിറ്റല്‍ പണിഷ്മെന്റ് ജനം തിരഞ്ഞെടുപ്പില്‍ വിധിച്ചത് ജൂണ്‍ 23നാണ്. അന്ന് നിലമ്പൂരിലെ പെട്ടി പൊട്ടിച്ചപ്പോള്‍ സ്വന്തം ജന്മനാട്ടില്‍ പ്രതീക്ഷിച്ചതിലും വലിയ തോല്‍വി സ്വരാജിന് നേരിടേണ്ടി വന്നു. ആ ദിവസം തന്നെയാണ് വിഎസ് അച്യുതാനന്ദന്‍ സ്ടോക്ക് വന്ന് ആശുപത്രിയിലേക്ക് പോയത്. പിന്നീട് പൂര്‍ണ്ണ ഓര്‍മ്മ വിഎസിന് തിരിച്ചു വന്നില്ല. ആശുപത്രിയില്‍ വലിയ പോരാട്ടം നടത്തി ആഴ്ചകള്‍ക്ക് ശേഷം വിപ്ലവ സഖാവ് വിടവാങ്ങി. സ്വരാജിന് കാപ്പിറ്റല്‍ പണിഷ്മെന്റ് നിലമ്പൂരില്‍ കിട്ടുമെന്ന വിലയിരുത്തലുകള്‍ ജൂണ്‍ 22ന് തന്നെ വ്യക്തമായിരുന്നു.
ഇതെല്ലാം മനസ്സിലാക്കിയ ശേഷമാണ് സഖാവ് വിഎസ് സ്ട്രോക്കിലേക്ക് വീണതെന്ന വാദം സിപിഎമ്മില്‍ സജീവമാണ്. അങ്ങനെ സ്വരാജിന്റെ ജീവിത്തില്‍ കറുത്ത ദിനമായ 2025 ജൂണ്‍ 22ന് വിഎസും വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോയി. ആ വീട്ടിലേക്കുള്ള വിഎസിന്റെ മടക്കം ജീവന്‍ വെടിഞ്ഞെ ശേഷവുമായി. ഇതിന് പിന്നാലെയാണ് പിരപ്പിന്‍കോട് മുരളി കാപ്പിറ്റല്‍ പണിഷ്മെന്റില്‍ വിശദീകരണം നടത്തിയത്. എന്നാല്‍ മുമ്പും പിരപ്പിന്‍കോട് മുരളി ഇത് ചര്‍ച്ചയാക്കിയിരുന്നു. 2025 ജനുവരിയില്‍ തന്നെ സിപിഎമ്മില്‍ ഒതുക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളില്‍ പിരപ്പിന്‍കോട് മുരളി കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രസംഗത്തിന്റെ സൂചനകളും നല്‍കിയിരുന്നു.
ഏതായാലും പൊതു വേദിയില്‍ തന്നെ വിഎസ് ഇക്കാര്യം 13 കൊല്ലം മുമ്പ് പറഞ്ഞിരുന്നു. ഇത് നിഷേധിക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിയുകയുമില്ല. 2012ല്‍ തിരുവനന്തപുരം സമ്മേളനത്തിന് ശേഷം വിഎസ് പറഞ്ഞത് കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞ് ആരും പേടിപ്പിക്കേണ്ടെന്നും അത് വിലപ്പോവില്ലെന്നും പറഞ്ഞു വയ്ക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. 201ലെ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വി.എസിനെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് മുദ്രാവാക്യം വിളിക്കുകയാണ് ചിലര്‍. ജീവത്യാഗം വരിക്കുന്നത് കമ്മ്യൂണിസ്റ്റിന് സാധാരണ സംഭവമാണ്. അവരെ ജനങ്ങള്‍ സ്‌നേഹിക്കുന്നതും സ്വഭാവികം. 1943ല്‍ കയ്യൂരില്‍ കൃഷിഭൂമിയില്‍ സ്ഥിരാവകാശത്തിനായി സമരം ചെയ്ത യുവാക്കളായ നാലു കൃഷിക്കാരെ സാമ്രാജ്യത്വം തൂക്കുകയറിന് വിധേയരാക്കി. പുന്നപ്രയിലും വയലാറിലും സാമ്രാജ്യത്വം ആയിരക്കണക്കിനാളുകളെ കൊന്നു. ഇതേപോലെ ക്രൂരമായ മര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയും എല്ലാം വെല്ലുവിളിച്ചു കൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോള്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഞങ്ങള്‍ തൂക്കുകയറിനെ നേരിട്ടവരാണെന്നും'' വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വന്‍ കയ്യടിയോടെയാണ് വി.എസിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ശ്രവിച്ചത്. നേരത്തെ പിണറായി വിജയന്‍ സമര്‍പ്പിച്ച പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയുമായ എം സ്വരാജ്, വി.എസ് അച്യുതാനന്ദനെ കാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കുകയാണ് വേണ്ടതെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു അന്ന് വാര്‍ത്തകള്‍.. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തയെല്ലാം വിശ്വസിക്കരുതെന്ന് പിണറായി പറഞ്ഞിരുന്നെങ്കിലും, കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന പ്രസ്താവനയോട് വി.എസ് പ്രതികരിച്ചത് മാധ്യമ വാര്‍ത്തയെ സാധൂകരിക്കുകയാണ് ചെയ്തത്.
വി.എസിന് മുമ്പ് സംസാരിച്ച് പിണറായി വിജയന്‍ സി.പി.ഐയെയും സി.കെ ചന്ദ്രപ്പനെയും പേരെടുത്ത് പറയാതെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് തന്റെ പ്രസംഗത്തില്‍ വി.എസ് നടത്തിയത്. പരസ്പരം താറടിക്കുന്നതില്‍ നിന്നും പിന്‍മാറണം. ''ഇനിയും ഭാവിയിലും നിങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയുന്ന ഒരു കക്ഷിയെ താറടിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്കു നല്ലതല്ല.'' പരസ്പരം സഹകരിക്കേണ്ട പ്രസ്ഥാനങ്ങള്‍ തമ്മില്‍ താറടിക്കുന്നത് ദോഷം ചെയ്യും. പരസ്പരം വെല്ലുവിളിക്കാതെ ഇടതു കക്ഷികള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഇത് എല്ലാവരോടുമുള്ള അഭ്യര്‍ഥനയാണ്. ഒരു തരത്തിലുള്ള കള്ളപ്രചാരവേലയ്ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തളര്‍ത്താനാവില്ല. പാര്‍ട്ടിക്കെതിരെ വളരെവളരെ മോശം പ്രചാരണം എതിര്‍പക്ഷം നടത്തുമ്പോഴും പാര്‍ട്ടി ജനപക്ഷത്താണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും ആ തുപ്പല്‍ അവരുടെ നെഞ്ചത്തു തന്നെ വീഴുമെന്നും വി.എസ് പറഞ്ഞു.
കമ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടുത്തി ജനവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും വി.എസ് പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സൂചിപ്പിച്ച് നിസ്സാരപ്രശ്‌നങ്ങളെ ചൊല്ലി അകലാതെ ജനങ്ങള്‍ നേരിടുന്ന സുപ്രധാന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുകക്ഷികള്‍ ഒന്നിക്കണമെന്ന സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞാണ് വി.എസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.