- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്ററുകളില്‍ അനുമതിയില്ലാതെ ഫോട്ടോ ചേര്‍ത്തു; പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ ചാണ്ടി ഉമ്മന്റെ കുത്തിയിരിപ്പ് പ്രതിഷേധം; പൂര്‍ത്തീകരിക്കും മുന്‍പേ മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് അവഹേളനമെന്നും എം എല്‍ എ
പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ ചാണ്ടി ഉമ്മന്റെ കുത്തിയിരിപ്പ് പ്രതിഷേധം
കോട്ടയം: പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ എം.എല്‍.എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് പ്രതിഷേധം. വികസന സദസിന്റെ പ്രചാരണ പോസ്റ്ററുകളില്‍ അനുമതിയില്ലാതെ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെയാണ് എം.എല്‍.എയുടെ പ്രതിഷേധം. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, വികസന സദസുമായി സഹകരിക്കേണ്ടതില്ലെന്ന യു.ഡി.എഫ് തീരുമാനം നിലവിലിരിക്കെയാണ് ഈ നീക്കമെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
'പലപ്പോഴും അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിക്കുകയാണ്. പല ചടങ്ങുകളിലും ക്ഷണിക്കാറില്ല. എന്നിട്ടും തന്റെ ചിത്രം പോസ്റ്ററില്‍ നല്‍കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്,' അദ്ദേഹം പറഞ്ഞു. കൂടാതെ, പുതുപ്പള്ളിയില്‍ നിര്‍മ്മാണത്തിലുള്ള മിനി സിവില്‍ സ്റ്റേഷന് പൂര്‍ത്തീകരണത്തിന് മുന്‍പേ ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും, ഒരു മകനെന്ന നിലയില്‍ ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ വികസന സദസ് ബഹിഷ്‌കരിക്കുകയായിരുന്നു.
എന്നാല്‍, എം.എല്‍.എയുടെ പ്രതിഷേധത്തെ എല്‍.ഡി.എഫ് രൂക്ഷമായി വിമര്‍ശിച്ചു. അനാവശ്യമായി പ്രതിഷേധം നടത്തി ശ്രദ്ധ തിരിക്കാനാണ് എം.എല്‍.എയുടെ ശ്രമമെന്ന് എല്‍.ഡി.എഫ് നിലപാടെടുത്തു. പതിറ്റാണ്ടുകളായി യു.ഡി.എഫ് ഭരിച്ചിട്ടും പഞ്ചായത്തില്‍ കാര്യമായ വികസനം നടന്നിട്ടില്ലെന്നും, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടന്നതായും, ഇവയെ രാഷ്ട്രീയമായി തകര്‍ക്കാനാണ് എം.എല്‍.എയുടെ ശ്രമമെന്നും സി.പി.എം ഏരിയ സെക്രട്ടറി ആരോപിച്ചു.




