- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവം; പ്രചരണത്തില്‍ സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുകയാണ് ചെയ്തത്; കെപിസിസി പ്രസിഡന്റിനോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളില്ല; തുറന്നുപറച്ചിലില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍
ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവം
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്നുപറച്ചിലില്‍ വിശദീകരണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. താന്‍ ഉയര്‍ത്തിയ വിഷയങ്ങളിലെ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരച്ചു. ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചാണ്ടിയുടെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നത്.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് ചാണ്ടിയുടെ പ്രതികരണം. ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമര്‍ശിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രചരണത്തില്‍ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെനനും വിവാദം അടഞ്ഞ അധ്യായമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. അദ്ദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്ല് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പോലും വിമര്‍ശിച്ചിട്ടില്ല. ചിലര്‍ ചില കഥകള്‍ മെനയുകയാണ്, അവര്‍ കഥകള്‍ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ പറയുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍. രാഹുല്‍ മാങ്കൂട്ടത്തിലുമായി ഒരു പ്രശ്‌നവും ഇല്ല. രാഹുല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ എല്ലാ ഘട്ടത്തിലും വിളിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ അടക്കം കെ സുധാകരന്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരന്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നിരുന്നു. ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ് എന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ അതൃപ്തി അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തെയാണെന്നും അതില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വത്തില്‍ ഉള്ളവരാണെന്നും രാഹുല്‍ പറഞ്ഞു.
'നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകനുമുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്, അവിടെ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്, ഞാനല്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ പാലക്കാട് വന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിയുടെ വിജയത്തിന് ഗുണപരമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പാലക്കാട് എനിക്ക് ലഭിച്ച 18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട്,' രാഹുല്‍ പറഞ്ഞു.
'പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍തന്നെ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നു, ഭവന സന്ദര്‍ശനത്തിന് കൂടെവന്നിരുന്നു. പാലക്കാട് നടന്ന കണ്‍വെന്‍ഷനിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹത്തിന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നത്. വയനാട്ടിലും ചേലക്കരയിലും നടന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. മഹാരാഷ്ട്രയിലും മറ്റും മലയാളി സമാജങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.