- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ പതിവായതോടെ ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാന്‍ നീക്കം; ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തി ചെന്നിത്തല; സൗഹൃദ ചര്‍ച്ചയെന്ന് ആര്‍ജെഡിയുടെ പ്രതികരണം
എല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ പതിവായതോടെ ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തം
കോഴിക്കോട്: എല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ നേരിടുന്നു എന്ന വികാരം ആര്‍ജെഡിക്കുള്ളില്‍ ശക്തമായിരിക്കവേ അണിയറ നീക്കങ്ങളുമായി യുഡിഎഫ്. ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്‍രെ ഭാഗമായി എം.വി ശ്രേയാംസ് കുമാറുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫില്‍ വരണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. അതേസമയം ഈ ആവശ്യത്തോട് ആര്‍ജെഡി അനുകൂലമായി പ്രതികരിച്ചോ എന്നതില്‍ വ്യക്തതയില്ല. അതേസമയം നടന്നത് സൗഹൃദ ചര്‍ച്ച മാത്രമാണെന്നും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും ആര്‍.ജെ.ഡി. പ്രതികരിച്ചു.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആര്‍ജെഡിയെ തിരിച്ചെത്തിക്കാന്‍ യുഡിഎഫില്‍ നീക്കം തുടങ്ങിയിട്ട് നാളേറെയായി. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം. എല്‍ഡിഎഫിലെ അവഗണനയില്‍ ആര്‍ജെഡിക്ക് കടുത്ത അമര്‍ഷമുണ്ട്. യുഡിഎഫിലായിരിക്കെ മത്സരിക്കാന്‍ 7 നിയമസഭാ സീറ്റ് ലഭിച്ചിരുന്നു.
ഒപ്പം ഒരു ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും കിട്ടി. കൂടുതല്‍ പ്രതീക്ഷകളോടെ എല്‍ഡിഎഫിലെത്തിയ പാര്‍ട്ടിയെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണു സിപിഎമ്മില്‍നിന്നുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റാണു മത്സരിക്കാന്‍ ലഭിച്ചത്. എം.പി.വീരേന്ദ്രകുമാറിനു യുഡിഎഫ് അനുവദിച്ച രാജ്യസഭാ സീറ്റ് തുടര്‍ന്ന് എം.വി.ശ്രേയാംസ്‌കുമാറിന് എല്‍ഡിഎഫില്‍ കിട്ടിയെങ്കിലും ആ കാലാവധി പൂര്‍ത്തിയാക്കിയശേഷം ലഭിച്ചില്ല.
ലോക്‌സഭാ സീറ്റ് അനുവദിക്കാത്തതിനെക്കാളും പാര്‍ട്ടിയെ ചൊടിപ്പിച്ചത് മന്ത്രിസഭയില്‍നിന്നുള്ള മാറ്റിനിര്‍ത്തലാണ്. 4 ഏകാംഗ കക്ഷികള്‍ക്കു രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പകുത്തുനല്‍കിയിട്ടും ആര്‍ജെഡിയെ പരിഗണിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ 2 സീറ്റ് വീതം സിപിഎമ്മിനും സിപിഐക്കും നല്‍കിയ ആര്‍ജെഡിയോട് കേരളത്തില്‍ അതേ നീതി തിരിച്ചുകാട്ടിയില്ലെന്ന അമര്‍ഷമാണു പാര്‍ട്ടിയില്‍ പുകയുന്നത്.
കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി അടക്കമുള്ള കക്ഷികളെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറിനെ ഉള്‍പ്പെടെ ഒഴിവാക്കി രഹസ്യമായാണ് ഇരുവരും തമ്മില്‍ കണ്ടത്. അതേസമയം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതിനെ ആര്‍ജെഡിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണി വിട്ടാല്‍ ആര്‍ജെഡി പിളരുമോ എന്നാണ് എം വി ശ്രേയാംസ് കുമാറിന്റെ ആശങ്ക.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് രഹസ്യനീക്കങ്ങള്‍ തുടരുന്നുണ്ട്. എല്‍ഡിഎഫില്‍ ഇരു പാര്‍ട്ടികള്‍ക്കും ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.