തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയിൽ കോൺഗ്രസ്സുകാർ തമ്മിൽ കയ്യാങ്കളി നടന്നത് ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂർ സജീവമായ ഇടപെട്ടു തുടങ്ങിയതോടെയാണ്. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്റ്റാഫ് പ്രവീൺ കുമാറും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കാൻ തരൂർ തുടങ്ങിയതോടെ ഗ്രൂപ്പു പ്ക്ഷത്തുള്ള അധികമാർക്കും സുഖിക്കാറില്ല. ഇപ്പോഴത്തെ സംഭവത്തിന് പിന്നിൽ അത്തരം ചില പ്രശ്‌നങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

തരൂരിന്റെ പിഎ ഉൾപ്പെടെ കയ്യേറ്റം ചെയ്‌തെന്ന് തമ്പാനൂർ സതീഷ് ആരോപിച്ചതെങ്കിലും മറുപക്ഷവും സതീഷ് അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്നും അഭിപ്രായപ്പെടുന്നുണ്ട്. നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഡിസിസി ഓഫിസിൽ സംഭവം നടന്നത്. ശശി തരൂരിന്റെ ഒപ്പമെത്തിയവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാകില്ലെന്ന ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷിന്റെ നിലപാടാണ് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായത്.

ശശി തരൂരിനെ ജനങ്ങളിൽ നിന്ന് അകറ്റുന്നത് അദ്ദേഹത്തിന്റെ സ്റ്റാഫാണെന്ന് ആരോപണം ഉയർത്തിയാണ് സതീഷും കയർത്തത്. യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ തടയണമെന്ന നിലപാട് സതീഷ് കൈക്കൊണ്ടത്. യോഗത്തിനുശേഷം ഇതേക്കുറിച്ച് ചോദിക്കാൻ തരൂരിന്റെ പിഎ ഉൾപ്പെടെയുള്ളവർ എത്തിയതോടെയാണ് സംഘർഷമുണ്ടായതെന്ന് തമ്പാനൂർ സതീഷ് പറഞ്ഞു.

''ആ യോഗത്തിൽ എന്റെയടുത്ത് പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ് മോഹൻരാജാണ് ഇരുന്നത്. തരൂർ വരുമ്പോൾ 15 ഗുണ്ടകളെയും കൊണ്ട് വരാറുണ്ട്. അവരെയൊന്നും യോഗത്തിൽ ഇരുത്താൻ പറ്റില്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അവരെ പുറത്തിറക്കി നിർത്തണമെന്നും പറഞ്ഞു. കാരണം, അവരാണ് ആളുകളെ കാണുന്നതിൽനിന്ന് അദ്ദേഹത്തെ തടയുന്നത്. ജനങ്ങളിൽ നിന്ന് അകറ്റുന്നതും അവർ തന്നെ. അതുകൊണ്ട് ഒരു കാരണവശാലും യോഗത്തിൽ പങ്കെടുപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു' തമ്പാനൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

''അദ്ദേഹം ഇക്കാര്യം തരൂരിനോടു പറയുന്നതു കേട്ടു. പിന്നീട് മൊബൈലിൽ എന്തോ കുത്തിക്കുറിക്കുന്നതും കണ്ടു. അത് എന്താണെന്ന് നമുക്കറിയില്ല. ഞാൻ യോഗം കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ പ്രവീൺ എന്ന സ്റ്റാഫിന്റെ നേതൃത്വത്തിൽ എട്ടു പത്തു ഗുണ്ടകൾ വളരെ ആസൂത്രിതമായി എന്നെ വളഞ്ഞ് കയ്യേറ്റം ചെയ്തു.' സതീഷ് വ്യക്തമാക്കി.

എന്നാൽ സതീഷ് അനാവശ്യ പ്രകോപനമുണ്ടാക്കിയെന്നാണ് തരൂർ അനുകൂലികളുടെ വിമർശനം. തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്നും പ്രകോപനമുണ്ടാക്കിയെന്നുമാണ് തരൂർ അനുകൂലികളുടെ ആരോപണം. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഡിസിസി അധ്യക്ഷന് സതീഷ് പരാതി നൽകി. തരൂർ അനുകൂലികളും പരാതി നൽകും. പൊലീസിൽ പരാതി നൽകുന്നതിലും ആലോചന നടക്കുന്നുണ്ട്. ഐ ഗ്രൂപ്പ് പക്ഷത്ത് രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനാണ് സതീഷ്.

എന്നാൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം. എഐസിസി-കെപിസിസി നേതൃത്വങ്ങളെ വിമർശിക്കുമ്പോഴും വീണ്ടും മത്സരിക്കാൻ തരൂർ തയ്യാറെടുക്കുന്നുവെന്നാണ് യോഗങ്ങളിലെ സാന്നിധ്യം നൽകുന്നത്. നേതൃത്വത്തിനെതിരായ വിമർശനം തന്നെയാകും തരൂർ ഈ ഊഴത്തിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയെന്നാണ് ഡിസിസിയിലെ കയ്യാങ്കളി ഓർമ്മിപ്പിക്കുന്നത്. വൈക്കം സത്യാഗ്രഹ വേദിയിൽ കെ മുരളീധരൻ അടക്കമുള്ളവരെ പ്രസംഗിക്കാൻ അനുവദിക്കാത്തതിനെ തരൂർ വിമർശിച്ചിരുന്നു.