തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തീപാറും പോരാട്ടങ്ങള്‍ക്കിടെ തലസ്ഥാനത്തെ സിപിഎമ്മില്‍ കടുത്ത വിഭാഗീയതയും പൊട്ടിത്തെറിയും. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാഗ്വാദങ്ങളും പോര്‍വിളിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു പ്രധാന തര്‍ക്കങ്ങളെല്ലാം.

കരമന ഹരിയും വി. ജോയിയും തമ്മില്‍ വാക്കേറ്റം

നഗരപരിധിയിലെ നെടുങ്കാട് അടക്കമുള്ള വാര്‍ഡുകളില്‍ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനം ആദ്യം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അടക്കംപറച്ചിലായി ഉയര്‍ന്നു. ഈ വിമര്‍ശനം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലാ സെക്രട്ടറി വി. ജോയി, 'ചുമതല ഏല്‍പ്പിച്ചവര്‍ അത് നിര്‍വ്വഹിക്കാത്തത് കഷ്ടമാണെന്ന്' പരാമര്‍ശിച്ചു.

ഇതുകേട്ട ഉടനെ കമ്മിറ്റിയില്‍ എഴുന്നേറ്റ കരമന ഹരി വി. ജോയിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ക്ഷോഭിച്ചു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പാര്‍ട്ടി ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്റെ കണക്കുകള്‍ നിരത്തിയായിരുന്നു ഹരിയുടെ മറുപടി. ഇത് പലപ്പോഴും വി. ജോയിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങളായി മാറി. ഈ വാദപ്രതിവാദങ്ങള്‍ക്കെല്ലാം സാക്ഷിയായിട്ടും എം.വി. ഗോവിന്ദന്‍ മൗനം പാലിച്ചു.

സംഭവം വഷളായപ്പോള്‍, വിമര്‍ശനം ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടില്‍ വി. ജോയി വിഷയം ലഘൂകരിച്ചെങ്കിലും പാര്‍ട്ടിക്കകത്ത് പ്രശ്‌നം നീറുന്നുണ്ട്.

കടകംപള്ളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിയും

ഇതിനു തൊട്ടുമുന്‍പ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും സമാനമായ രീതിയില്‍ തര്‍ക്കങ്ങള്‍ അരങ്ങേറി. ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങളോട് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രനും അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഇടപെടലും വിമത സാന്നിധ്യവുമൊക്കെയായിരുന്നു കടകംപള്ളിക്കെതിരായ പ്രധാന കുറ്റപത്രം.

എന്നാല്‍, താന്‍ ജില്ലാ സെക്രട്ടറിയായ നാളുമുതല്‍ രാഷ്ട്രീയമായി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന മറുവാദമാണ് കടകംപള്ളി ഉയര്‍ത്തിയത്. ഈ മറുവാദത്തെ ജില്ലാ സെക്രട്ടറിയോ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായിരുന്ന എം.വി. ഗോവിന്ദനോ ഏറ്റുപിടിക്കാന്‍ പോയതുമില്ല.

തിരിച്ചടിയുണ്ടായാല്‍ പൊട്ടിത്തെറി അതിരൂക്ഷമാകും

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 45 സീറ്റ് ഉറപ്പാണെന്നും പത്ത് സീറ്റില്‍ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, വിമത സാന്നിധ്യമുള്ളിടത്തോ, വിമര്‍ശനം ഉയര്‍ന്ന ഇടങ്ങളിലോ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ നിലവിലെ പൊട്ടിത്തെറി അതിരൂക്ഷമാകും. തലസ്ഥാനത്ത് കാര്യങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം.