- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുള്ള കാര്യം നിര്‍മ്മല മറന്നു! എയിംസും റെയില്‍വേ അതിവേഗ ഇടനാഴികളും തഴഞ്ഞു; വിഴിഞ്ഞത്തിന് പാക്കേജില്ല; ധാതുസമ്പത്ത് കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ നീക്കം; സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണമെന്നും' മുഖ്യമന്ത്രി
'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുള്ള കാര്യം നിര്‍മ്മല മറന്നു!

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭൂപടത്തില്‍ കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്ന കാര്യം പോലും കേന്ദ്ര ധനമന്ത്രി മറന്നുപോയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണിതെന്നും ഇതിന് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് (AIIMS), റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍ എന്നിവയ്ക്ക് ബജറ്റില്‍ യാതൊരു പരിഗണനയും ലഭിച്ചില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി സംസ്ഥാനം പ്രതീക്ഷിച്ചിരുന്ന പ്രത്യേക പാക്കേജും കേന്ദ്രം പൂര്‍ണ്ണമായും തഴഞ്ഞു. ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്രം, നിലവിലെ 41 ശതമാനം വിഹിതം തുടരാന്‍ തീരുമാനിച്ചത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണ്ണമായും തഴയപ്പെട്ടു. ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ട്.
പൂര്‍ണ്ണമായും നവലിബറല്‍ സാമ്പത്തിക യുക്തിയെ പുല്‍കുന്ന ഈ ബജറ്റ് കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്. കേന്ദ്ര വിഹിതമായ ഡിവിസിബിള്‍ പൂളില്‍ നിന്നും കേരളത്തിന് അര്‍ഹമായത് നല്‍കുന്നില്ല എന്ന് മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകള്‍ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് കേന്ദ്ര ശ്രമം. ഗ്രാന്റുകളുടെ കാര്യത്തില്‍ മൊത്തത്തില്‍ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021-ല്‍ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോള്‍ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളര്‍ച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തി നികുതി വിഹിതത്തില്‍ വന്ന ചെറിയ വര്‍ദ്ധനവ് സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട അവകാശം മാത്രമാണ്. എന്നാല്‍ ഗ്രാന്റുകള്‍ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തില്‍ നിന്നുള്ള മൊത്തം വിഹിതത്തില്‍ തത്വത്തില്‍ വര്‍ദ്ധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമാണ്.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. എന്നാല്‍ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകള്‍ക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നല്‍കുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയില്‍ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകള്‍ക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകരമാണ്. റെയില്‍വേ കോച്ച് ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് സര്‍ക്കാരും ബി.ജെ.പി സര്‍ക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബജറ്റും സാക്ഷ്യപ്പെടുത്തുന്നു.
വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി തുടരുമ്പോഴും ഭക്ഷ്യ-ആരോഗ്യ-വളം സബ്സിഡികളില്‍ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തില്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. ഇത് ഗ്രാമീണ തൊഴില്‍ മേഖലയെ തകര്‍ക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകര്‍ക്കുന്ന ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. എഫ്.എ.സി.ടി, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച ബജറ്റ്, ടൂറിസം, വിദ്യാഭ്യാസ, വ്യവസായ മേഖലകളെയും പൂര്‍ണ്ണമായും നിരാശപ്പെടുത്തി.
ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത താരീഫ് വര്‍ദ്ധനവ് ആഗോളതലത്തില്‍ തന്നെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം താരീഫ് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാനോ രാജ്യത്തിന്റെ കയറ്റുമതി മേഖലയെ സംരക്ഷിക്കാനോ ഉള്ള യാതൊരു നിര്‍ദ്ദേശവും ഈ ബജറ്റിലില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ നടപടികള്‍ മുന്നോട്ടുവെക്കാത്ത ഈ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. പരമ്പരാഗത വ്യവസായങ്ങള്‍ മുതല്‍ ഐ.ടി - സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ വരെ അവഗണിച്ച ബജറ്റില്‍ പ്രവാസി പുനരധിവാസത്തിനായോ ക്ഷേമത്തിനായോ യാതൊരു പദ്ധതിയുമില്ല. ജനവിരുദ്ധമായ ഈ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.


