ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നില്‍ക്കുന്ന സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാര്‍ വാര്‍ഷിക ദിനാചരണ വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ധീരരായ ഒട്ടേറെ പേരുടെ വേര്‍പാടുകള്‍ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാര്‍ സമര സേനാനിയായിരുന്ന വിഎസ് വേര്‍പിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാം സ്വയംഭൂവായി എത്തിയതല്ല. അതിനു പിന്നില്‍ പുന്നപ്ര വയലാര്‍ സമരം പോലെയുള്ള ത്യാ?ഗങ്ങള്‍ ഉണ്ട്. ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ ഉണ്ട്. കേരളം രാജ്യത്തിനു അഭിമാനിക്കാന്‍ വക നല്‍കുന്ന സംസ്ഥാനമാണ്. കേരളത്തില്‍ വന്നപ്പോള്‍ രാഷ്ട്രപതിയും പ്രകീര്‍ത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുത്. നവോഥാനം വഹിച്ച പങ്ക് പ്രധാനമാണ്. നവോഥാനത്തിനു പിന്തുടര്‍ച്ച ഉണ്ടായി. അതു മുന്നോട്ടു കൊണ്ടു പോയത് കമ്മ്യൂണിസ്റ്റുകാരാണ്. ആധുനിക കേരളത്തിനു അടിത്തറയിട്ടത് ഇംഎംഎസ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടന്നെത്താവുന്നതിലും ദൂരയായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കി. ഏതൊരു കുട്ടിക്കും നടന്നു എത്താവുന്ന ദൂരത്ത് സ്‌കൂളുകള്‍ ഉണ്ട് ഇപ്പോള്‍. അത് നാടിനു വലിയ മാറ്റമാണ് ഉണ്ടാക്കിയത്. 1957ലെ ഇഎംഎസ് സര്‍ക്കാര്‍ പൊലീസ് നയം അഴിച്ചു പണിതു നവീകരണം ആരംഭിച്ചു. കേരളത്തെ മാറ്റി മറിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ സഹായിച്ചു. അത്തരത്തില്‍ ഒരു ഘട്ടത്തില്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ വലിയ തോതില്‍ മുന്നോട്ടു നയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ തകരുന്ന കാഴ്ചയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.